

First Published Dec 21, 2023, 2:21 PM IST
നക്ഷത്ര വിളക്കുകളുടെ വസന്തകാലമാണ് ഡിസംബര്‍. ഒരു നക്ഷത്രത്തിന് എത്ര കാലുകള്‍ ഉണ്ട്? അഞ്ചോ ആറോ? ഇപ്പോഴത്തെ എല്‍ ഇ ഡി നക്ഷത്രങ്ങളെ സംബന്ധിച്ച് അങ്ങനെ കൃത്യമായ കണക്കൊന്നുമില്ല. അവയ്ക്ക് ചിലപ്പോള്‍ അതില്‍ കൂടുതലും കാണും.
എന്നാല്‍, അങ്ങനെ തന്നെയാണോ യഥാര്‍ത്ഥ നക്ഷത്രങ്ങളുടെ ആകൃതി?
അതറിയാന്‍, നമുക്ക് സൂര്യന്റെ ആകൃതി എന്തെന്ന് നോക്കാം. ഒരുപക്ഷേ, നമ്മളെല്ലാം ആദ്യമായി വരച്ച പ്രകൃതി ദൃശ്യത്തിലെ കുന്നുകള്‍ക്കിടയിലൂടെ ഉദിച്ചുയരുന്ന സൂര്യന്റെ ആകൃതി എന്തായിരുന്നു? സൂര്യനെ അന്ന് നമ്മള് ഒരു നക്ഷത്രം പോലെ വരയ്ക്കാതിരുന്നത് നമ്മള് കാണുന്ന സൂര്യ ബിംബം വൃത്തത്തില്‍ ആയതുകൊണ്ടാണ്.
സത്യത്തില്‍, നക്ഷത്രങ്ങളുടെയെല്ലാം ആകൃതി അതുതന്നെയാണ്. എന്നിട്ടും അവയ്ക്ക് നക്ഷത്രക്കാലുകള്‍ കാണപ്പെടാന്‍ പ്രധാന കാരണം അവ ഭൂമിയില്‍ നിന്നും ഏറെ അകലെയാണ് എന്നത് തന്നെ.
സൂര്യന് കഴിഞ്ഞാല്‍ നമ്മുടെ ഏറ്റവും അടുത്ത നക്ഷത്രമായ പ്രോക്സിമ സെഞ്ചുറി 4.2 പ്രകാശവര്‍ഷം അകലെയാണ്. പ്രോക്സിമ സെഞ്ചുറി 4 വര്‍ഷം മുന്‍പ് അയച്ച സെല്‍ഫിയാണ് ഇന്നു നമ്മള് കാണുന്നത് – എന്നര്‍ത്ഥം.
ഇത്രയും ദൂരം യാത്ര ചെയ്തു ഭൂമിയില്‍ എത്തുന്ന നക്ഷത്ര വെളിച്ചങ്ങള്‍ അത്രമാത്രം നേര്‍ത്തതാവും.
നക്ഷത്രങ്ങളെ വെളിച്ചപ്പൊട്ടുകള്‍ പോലെ കാണുന്നത് ഇതുകൊണ്ടാണ്.
അപ്പോള്‍, ഈ വെളിച്ചപ്പൊട്ടുകള്ക്ക് ഒപ്പം കാണപ്പെടുന്ന നക്ഷത്രക്കാലുകളോ?
പകാശം പൊതുവേ നേര്‍രേഖയിലാണ് സഞ്ചരിക്കുന്നത്. പക്ഷേ, സ്വന്തം തരംഗദൈര്‍ഘ്യവുമായി സമാനമായ വലിപ്പമുള്ള തടസ്സങ്ങളെ നേരിടുമ്പോള്‍ നേരെ മാത്രം സഞ്ചരിക്കുക എന്ന സ്ഥിരം സ്വഭാവത്തില്‍ നിന്നും പ്രകാശം വ്യതിചലിക്കുന്നു.
(ദൃശ്യപ്രകാശത്തിന്റെ തരംഗദൈര്‍ഘ്യം ഏതാണ്ട് 400 മുതല്‍ 700 വരെ നാനോമീറ്റര്‍ ആണ്. ഒരു എഫോര്‍ കടലാസിന്റെ കട്ടി ഒരു ലക്ഷം നാനോ മീറ്ററിന് അടുത്തു വരും. അപ്പോള്‍ എത്ര ചെറിയ തടസ്സങ്ങള്‍ ആയിരിക്കണം അവ എന്ന് ചിന്തിക്കുക.)
ഇത്തരം തടസ്സങ്ങളെ ചുറ്റി അവയെ വളഞ്ഞ് സഞ്ചരിക്കാനുള്ള വെളിച്ചത്തിന്റെ പ്രവണതയാണ് അതിന്റെ diffraction ( വിഭംഗനം).
ഈ രീതിയില്‍ വളഞ്ഞ് സഞ്ചരിക്കുന്ന പ്രകാശം, അത് നേരിട്ട തടസ്സത്തിന്റെ വശങ്ങളിലേക്ക് ചെറിയ പൊട്ടുകള്‍ പോലെ രൂപപ്പെടുന്നു. ഏതു വസ്തുവിനെയാണോ വളഞ്ഞു സഞ്ചരിച്ചത് , അതിന്റെ ആകൃതിക്ക് അനുസരിച്ച് ഈ വെളിച്ചപ്പൊട്ടുകളുടെ വിന്യാസവും വ്യത്യാസപ്പെടും.
ഇതെല്ലാം പറയാന്‍ കാരണം, നമ്മുടെ കണ്ണുകളിലെ ലെന്‍സിനുള്ളില്‍ വളരെ നേരിയ suture lines എന്ന നാരുകള്‍ പോലെയുള്ള ഘടനയുണ്ട്. ഇവയിലൂടെ കടന്നു പോകുന്ന നക്ഷത്രങ്ങളില്‍ നിന്നുള്ള പ്രകാശം ഉണ്ടാക്കുന്ന ദൃശ്യങ്ങളിലും ഡിഫ്രാക്ഷന്‍ മൂലം നേരിയ വെളിച്ചപ്പൊട്ടുകളുടെ നീണ്ട രേഖകള്‍ ഉണ്ടാവുന്നു.
ഇവയാണ് നക്ഷത്രങ്ങളുടെ കാലുകളായി തോന്നുന്നത്.
നക്ഷത്രവെളിച്ചങ്ങള്‍ വളരെ നേര്‍ത്തവ ആയതുകൊണ്ടാണ് അവയുണ്ടാക്കുന്ന ഡിഫ്രാക്ഷന്‍ പാറ്റേണ്‍ നമുക്ക് കൃത്യമായി കാണാന്‍ കഴിയുന്നത്.
തുളസി ജോയ്
Last Updated Dec 21, 2023, 6:20 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]