
ദില്ലി: പ്ലസ് ടു കോഴക്കേസിൽ ലീഗ് നേതാവ് കെ എം ഷാജിക്കെതിരെ ഇഡി സുപ്രീംകോടതിയിൽ. കള്ളപ്പണ നിരോധന നിയമവുമായി ബന്ധപ്പെട്ട് എടുത്ത കേസ് ഹൈക്കോടതി റദ്ദാക്കിയതിനെതിരെ ഇഡി നൽകിയ ഹർജിയിൽ സുപ്രീംകോടതി നോട്ടീസയച്ചു. ഷാജി ഉൾപ്പെടെയുള്ള കേസിലെ കക്ഷികൾക്കാണ് കോടതി നോട്ടീസ് അയച്ചത്. നേരത്തെ സംസ്ഥാന സർക്കാർ എടുത്ത വിജിലൻസ് കേസ് റദ്ദാക്കിയതിനെതിരെ നൽകിയ ഹർജിയിലും കോടതി കെ എം ഷാജിക്ക് നോട്ടീസ് അയച്ചിരുന്നു. രണ്ട് ഹർജികളും സുപ്രീംകോടതി പിന്നീട് ഒന്നിച്ച് പരിഗണിക്കും.
കണ്ണൂർ ജില്ലയിലെ അഴീക്കോട് ഹൈസ്കൂളിന് പ്ലസ് ടു അനുവദിക്കാൻ കെ എം ഷാജിക്ക് മാനേജ്മെന്റ് കൈക്കൂലി നൽകിയെന്നാരോപിച്ചാണ് സിപിഎം പ്രാദേശിക നേതാവ് 2017 ൽ മുഖ്യമന്ത്രിക്ക് പരാതി നൽകിയത്. മുസ്ലിംലീഗിൽ പ്രാദേശികമായി പണം പങ്കിട്ടതിനെ ചൊല്ലിയുള്ള തർക്കം എന്ന നിലയിലാണ് വിഷയം ആദ്യം ഉയർന്നത്. എന്നാൽ ഇത് പിന്നീട് സിപിഎം ഏറ്റെടുത്തു. 2014ല്‍ അഴീക്കോട് സ്കൂളിലെ പ്ലസ്ടു ബാച്ച് അനുവദിക്കാന്‍ കെ എം ഷാജി 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന പരാതിയിൽ 2020 ലാണ് വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഇതിൻ്റെ അടിസ്ഥാനത്തിലാണ് ഇഡിയും കേസെടുത്തത്. കഴിഞ്ഞ വര്‍ഷം ജൂൺ 19 ന് ഈ കേസില്‍ കെ എം ഷാജിയെ ഹൈക്കോടതി കുറ്റവിമുക്തനാക്കുകയും ചെയ്തിരുന്നു. ഇതിനെതിരെയാണ് ഇഡി സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്.
Last Updated Dec 20, 2023, 10:01 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]