
ബെംഗളൂരു: മനുഷ്യരെ ബഹിരാകാശത്തേക്ക് അയക്കാനുള്ള ഇന്ത്യയുടെ ഗഗന്യാന് പദ്ധതിക്ക് മുമ്പ് ഓസ്ട്രേലിയന്‍ സ്പേസ് ഏജന്‍സിയുമായി (ASA) നിര്‍ണായക കരാര്‍ ഒപ്പിട്ട് ഐഎസ്ആര്‍ഒ (ISRO). ഗഗന്യാന് ദൗത്യത്തില്‍ ഇന്ത്യ അയക്കുന്ന പേടകത്തെയും അതിലെ ബഹിരാകാശ സഞ്ചാരികളെയും സമുദ്രത്തില്‍ വച്ച് സുരക്ഷിതമായി വീണ്ടെടുക്കുന്നതിനുള്ള നിര്‍ണായക പങ്കാളിയായാണ് ഓസ്ട്രേലിയന്‍ ബഹിരാകാശ ഏജന്‍സിയുടെ സഹായം ഇസ്രൊ തേടുക.
ഗഗന്യാന് ദൗത്യത്തില്‍ ഇന്ത്യയുടെ ഔദ്യോഗിക സ്പേസ് ഏജന്‍സിയായ ഐഎസ്ആര്‍ഒ ബഹിരാകാശത്തേക്ക് അയക്കുന്ന പേടകം ദൗത്യത്തിന് ശേഷം ഇന്ത്യാ മഹാസമുദ്രത്തില്‍ നിന്ന് വീണ്ടെടുക്കുക ഓസ്ട്രേലിയന്‍ സ്പേസ് ഏജന്‍സിയുടെ സഹകരണത്തിലായിരിക്കും. ഇത് സംബന്ധിച്ച് ഇസ്രൊയും എഎസ്എയും 2024 നവംബര്‍ 20ന് കരാര്‍ ഒപ്പിട്ടു. ഐഎസ്ആര്‍ഒയുടെ ഹ്യൂമണ്‍ സ്പേസ് ഫ്ലൈറ്റ് സെന്റര്‍ ഡയറക്ടര്‍ ഡി കെ സിംഗും ഓസ്ട്രേലിയന്‍ സ്പേസ് ഏജന്‍സിയുടെ സ്പേസ് കേപ്പബിളിറ്റി ബ്രാഞ്ച് ജനറല്‍ മാനേജര്‍ ജാറോഡ് പവലുമാണ് കരാറില്‍ ഒപ്പുവെച്ചത്. ബംഗാള്‍ ഉള്‍ക്കടലില്‍ തിരികെ ലാന്‍ഡ് ചെയ്യുമ്പോള്‍ ഗഗന്യാന് പേടകത്തിന്റെ തിരച്ചിലിലും വീണ്ടെടുക്കലിലും എഎസ്എ ഭാഗമാകും.
ഇന്ത്യ ലോ എര്‍ത്ത് ഓര്‍ബിറ്റിലേക്ക് ആദ്യമായി സ്വന്തം പേടകത്തില്‍ മനുഷ്യനെ അയക്കുന്ന പദ്ധതിയാണ് ഗഗന്യാന്. ബഹിരാകാശത്തേക്ക് മൂന്ന് ക്രൂ അംഗങ്ങളെയാവും ഗഗന്യാന് പേടകത്തില്‍ ഇന്ത്യ അയക്കുക. സംഘത്തെ ഭൂമിയില്‍ നിന്ന് 400 കിലോമീറ്റർ ഉയരെയുള്ള ഭ്രമണപഥത്തിൽ എത്തിച്ച ശേഷം സുരക്ഷിതമായി തിരിച്ചെത്തിക്കുകയാണ് ഗഗൻയാൻ ദൗത്യത്തിന്റെ പ്രാഥമിക ലക്ഷ്യം. ദൗത്യത്തിലെ പേടകം ഓസ്ട്രേലിയന്‍ തീരത്തിന് അടുത്തായി ബംഗാള്‍ ഉള്‍ക്കലില്‍ ലാന്‍ഡ് ചെയ്യുമ്പോള്‍ വീണ്ടെടുക്കാന്‍ ഓസ്ട്രേലിയന്‍ സ്പേസ് ഏജന്‍സി ഇസ്രൊയെ സഹായിക്കും. ബഹിരാകാശ രംഗത്ത് ഇന്ത്യ- ഓസ്ട്രേലിയ സഹകരണം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി കൂടിയാണ് ഈ കരാര്‍.
Read more: വമ്പൻ ബഹിരാകാശ ദൗത്യങ്ങൾക്ക് കേന്ദ്ര അനുമതി, ചന്ദ്രയാൻ 4, ശുക്ര ദൗത്യം, ഗഗൻയാൻ വ്യാപനവും യാഥാർഥ്യത്തിലേക്ക്
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]