
.news-body p a {width: auto;float: none;}
തിരുവനന്തപുരം: കോഴിയിറച്ചി ഇല്ലാതെ മലയാളിക്ക് ഒരു ആഘോഷവുമില്ല. ഏറ്റവും കുറഞ്ഞത് ആഴ്ചയിലൊരിക്കലെങ്കിലും കോഴിക്കറിയും കൂട്ടിയാണ് ഊണ്. ഇനി ട്രോളിംഗ് നിരോധനത്തിന്റെ കാലമാണെങ്കില്‍ മത്സ്യത്തിന് തീവിലയാകുമ്പോള്‍ മലയാളിയുടെ ബദല്‍ മാര്‍ഗം കോഴിയിറച്ചിയാണ്. ക്രിസ്മസ് പോലുള്ള ഉത്സവ സീസണ് തൊട്ടടുത്തെത്തി നില്ക്കുമ്പോള് കേരളത്തില്‍ കോഴിയിറച്ചി വ്യാപാരം കുത്തനെ ഉയരും. എന്നാല്‍ ഏറ്റവും പുതിയ കണ്ടെത്തല്‍ ഞെട്ടലുണ്ടാക്കുന്നതാണ്.
കേരളത്തില്‍ വില്‍ക്കുന്ന ബ്രോയിലര്‍ കോഴികളില്‍ മരുന്നുകളെ അതിജീവിക്കുന്ന ബാക്ടീരിയയുടെ സാന്നിദ്ധ്യം കണ്ടെത്തിയിരിക്കുകയാണ്. ഐസിഎംആര്‍ നടത്തിയ പഠനത്തിലാണ് അപകടകരമായ സ്ഥിതിയെക്കുറിച്ചുള്ള കണ്ടെത്തല്‍. കേരളത്തിന് പുറമേ മറ്റൊരു തെന്നിന്ത്യന്‍ സംസ്ഥാനമായ തെലങ്കാനയില്‍ നിന്ന് ശേഖരിച്ച സാമ്പിളുകളിലും ജീന്‍ പ്രൊഫൈല്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ആന്റിബയോട്ടിക്കുകളെ പ്രതിരോധിക്കുന്ന ബാക്ടീരിയയുടെ സാന്നിദ്ധ്യമാണ് പരിശോധനയില്‍ കണ്ടെത്തിയിട്ടുള്ളത്.
അപകടകരമായ സാഹചര്യമാണ് ഇതെന്നാണ് വിലയിരുത്തല്‍. വ്യാവസായിക അടിസ്ഥാനത്തില്‍ കോഴി വളര്‍ത്തല്‍ വ്യാപകമായതോടെയാണ് ആന്റിബയോടിക്കുകളുടെ ഉപയോഗവും ക്രമാതീതമായി വര്‍ദ്ധിച്ചത്. അന്യസംസ്ഥാനത്ത് നിന്ന് എത്തുന്ന ഇറച്ചി കോഴികളില്‍ പലപ്പോഴും ഇത്തരം കാര്യങ്ങള്‍ പരിശോധിക്കാതെയാണ് വില്‍പ്പനയ്ക്ക് വയ്ക്കുന്നതെന്നത് സ്ഥിതി കൂടുതല്‍ സങ്കീര്‍ണമാക്കുന്നുണ്ട്. ആന്റിബയോട്ടിക്കുകളുടെ ഉപയോഗം കൂടിയതോടെയാണ് ഇതിന് അതിജീവിക്കുന്ന ബാക്ടീരിയകളും ഉണ്ടായത്. പഠനത്തില്‍ ഇക്കാര്യം ഐസിഎംആര്‍ വ്യക്തമാക്കുന്നുണ്ട്.
ഐ.സി.എം.ആര് – നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രീഷ്യനിലെ (ഹൈദരാബാദ്) ഡ്രഗ്സ് സേഫ്റ്റി ഡിവിഷന് ഒരു അന്താരാഷ്ട്ര ജേണലിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചത്. വിവിധ മേഖലകളില്‍നിന്ന് കോഴിവിസര്‍ജ്യം ശേഖരിക്കുകയും ഡി.എന്‍.എ വേര്‍തിരിച്ച് പഠന വിധേയമാക്കുകയുമാണ് ചെയ്തത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
മരുന്നുകളെ അതിജീവിച്ച അപകടകാരികളായ ബാക്ടീരിയകളുടെ പട്ടിക ഐ.സി.എം.ആര് തയ്യാറാക്കിയിട്ടുണ്ട്. ഇതില്‍ ന്യുമോണിയക്ക് കാരണമാകുന്ന ക്ലബ്സില്ല ന്യുമോണിയ സ്റ്റഫലോകോക്കസ്, വയറിളക്ക രോഗങ്ങള്‍ക്ക് കാരണമാകുന്ന ഇ-കോളി, ത്വക്ക് രോഗങ്ങള്‍ക്ക് കാരണമാകുന്ന സ്റ്റഫലോകോക്കസ് എന്നിവയടക്കം കേരളത്തില്‍ നിന്നുള്ള ഇറച്ചിക്കോഴികളില്‍ കണ്ടെത്തി. ശ്വാസകോശ രോഗങ്ങള്‍ക്കു പുറമേ, മൂത്രാശയ അണുബാധ, ഉദരസംബന്ധമായ അണുബാധ എന്നിവക്ക് കാരണമാകുന്ന ബാക്ടീരിയകളും ഇക്കൂട്ടത്തിലുണ്ട്. പാകം ചെയ്താലും ചില ബാക്ടീരിയകള്‍ നിലനില്ക്കും.
കേരളത്തെ മൂന്ന് സോണുകളായി തിരിച്ചാണ് പഠനത്തിനായി സാമ്പിളുകള്‍ സമാഹരിച്ചത്. മലപ്പുറം, കണ്ണൂര്‍ ജില്ലകളാണ് വടക്കന്‍ സോണിലും എറണാകുളവും കോട്ടയവും മദ്ധ്യമേഖലയിലും തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകള്‍ തെക്കന്‍ മേഖലയിലും ഉള്‍പ്പെടുന്നു. മറ്റു മേഖലകളെ അപേക്ഷിച്ച് തെക്കന്‍ മേഖലയിലാണ് ഇത്തരം ബാക്ടീരിയകളുടെ സാന്നിദ്ധ്യം കൂടുതലുള്ളത്.