
.news-body p a {width: auto;float: none;} കോഴിക്കോട്: അന്തരിച്ച നടൻ മേഘനാദന് വിടനൽകി സിനിമാലോകം. മൃതദേഹം വൈകിട്ട് 3.30ഓടെ ഷൊർണൂരിലെ വീട്ടുവളപ്പിൽ സംസ്കരിച്ചു.
തറവാട്ട് വീട്ടിൽ പിതാവും വിഖ്യാത നടനുമായ ബാലൻ കെ നായരുടെ സ്മൃതി കുടീരത്തിന് സമീപത്തായാണ് അന്ത്യവിശ്രമം. കോഴിക്കോട്ടെ ബേബി മെമ്മോറിയൽ ആശുപത്രിയിൽ ശ്വാസകോശ രോഗത്തിന് ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയാണ് മരണപ്പെട്ടത്.
മൃതദേഹത്തിൽ അന്തിമോപചാരമർപ്പിക്കാൻ സിനിമാ- സാംസ്കാരിക മേഖയിലെ പ്രമുഖർ എത്തിച്ചേർന്നിരുന്നു. മുൻമന്ത്രി എ കെ ബാലൻ, എംഎൽഎമാരായ പി മമ്മിക്കുട്ടി, മുഹമ്മദ് മുഹ്സിൻ, സിനിമാ താരങ്ങളായ സിജു വിൽസൺ, കോട്ടയം നസീർ, സീമ ജി നായർ തുടങ്ങിയവർ അന്തിമോപചാരം അർപ്പിച്ചു.
നിരവധി ആരാധകരും നാട്ടുകാരും ആദരാഞ്ജലികൾ അർപ്പിക്കാനെത്തി. നടൻ ബാലൻ കെ നായരുടെയും ശാരദ നായരുടെയും മകനാണ് മേഘനാദൻ.
വില്ലൻ കഥാപാത്രങ്ങളിലൂടെയാണ് അദ്ദേഹം പ്രശസ്തനായത്. 1983ൽ റിലീസ് ചെയ്ത അസ്ത്രത്തിലൂടെയായിരുന്നു സിനിമയിൽ അരങ്ങേറ്റം കുറിച്ചത്.
ഈ പുഴയും കടന്ന്, ചെങ്കോൽ, ഉത്തമൻ തുടങ്ങി 50ഓളം സിനിമകളിലും സീരിയലുകളിലും മേഘനാദൻ വേഷമിട്ടു. പറയാൻ ബാക്കി വച്ചത്, സ്നേഹാജ്ഞലി, മേഘജീവിതം തുടങ്ങിയവയാണ് മേഘനാദൻ അഭിനയിച്ച ചില സീരിയലുകൾ.
ഭാര്യ സുസ്മിത, മകൾ പാർവതി. ചെന്നൈയിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ മേഘനാദൻ, കോയമ്പത്തൂരിൽ നിന്ന് ഓട്ടോമൊബൈൽ എൻജിനീയറിംഗിൽ ഡിപ്ലോമയും നേടിയിരുന്നു.
തുടർന്നാണ് അഭിനയരംഗത്തേക്ക് എത്തിയത്. 2022ൽ ആസിഫ് അലി മുഖ്യവേഷത്തിലെത്തിയ കൂമനിലാണ് മേഘനാദൻ അവസാനമായി അഭിനയിച്ചത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]