
.news-body p a {width: auto;float: none;} തിരുവനന്തപുരം: സജി ചെറിയാൻ മന്ത്രി സ്ഥാനം രാജിവയ്ക്കണം. സജി ചെറിയാൻ മന്ത്രി സ്ഥാനത്ത് തുടരവെ പൊലീസ് നൽകിയ റിപ്പോർട്ട് സ്വീകാര്യമല്ലെന്നാണ് കോടതി വ്യക്തമാക്കിയിരിക്കുന്നത്.
അപ്പോൾ മന്ത്രി സ്ഥാനത്ത് ഇരുന്ന് അദ്ദേഹം അന്വേഷണത്തെ സ്വാധീനിച്ചിട്ടുണ്ട്. അന്വേഷണം ഇനിയും പ്രഹസനമായി മാറും.
ഭരണഘടനാ വിരുദ്ധ പരാമർശത്തിന്റെയും കോടതി വിധിയുടെയും പശ്ചാത്തലത്തിൽ സജി ചെറിയാൻ മന്ത്രി സ്ഥാനം രാജി വയ്ക്കണം. രാജിക്ക് തയാറായില്ലെങ്കിൽ മുഖ്യമന്ത്രി അദ്ദേഹത്തെ മന്ത്രിസഭയിൽ നിന്നും പുറത്താക്കണമെന്നും വി.ഡി സതീശൻ ആവശ്യപ്പെട്ടു.
സത്യസന്ധനായ ഉദ്യോഗസ്ഥനെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നാണ് കോടതി നിർദ്ദേശിച്ചിരിക്കുന്നത്. സജി ചെറിയാൻ മന്ത്രിയായി തുടർന്നു കൊണ്ട് എങ്ങനെയാണ് സത്യസന്ധവും നിക്ഷ്പക്ഷവുമായ അന്വേഷണം നടക്കുന്നത്? അന്ന് ഭരണഘടനാ വിരുദ്ധ പ്രസ്താവന നടത്തിയപ്പോൾ രാജിവച്ചതിനേക്കാൾ ഗുരുതര സാഹചര്യമാണ് ഇപ്പോഴുള്ളത്.
ഭരണഘടനയെ അപമാനിച്ച സജി ചെറിയാനെ മന്ത്രിസഭയിലേക്ക് തിരിച്ചെടുത്തതിലൂടെ തെറ്റായ നടപടിയാണ് മുഖ്യമന്ത്രിയും ചെയ്തത്. മന്ത്രിസഭാ പുനപ്രവേശം തെറ്റായിരുന്നെന്ന പ്രതിപക്ഷ നിലപാട് ഒന്നുകൂടി അടിവരയിടുന്നതാണ് ഹൈക്കോടതി വിധി.
ആർ.എസ്.എസ് നേതാവ് ഗോൾവാൾക്കറുടെ വിചാരധാര എന്ന പുസ്തകത്തിലെ ഖണ്ഡിക അതുപോലെ മലയാളത്തിലേക്ക് വിവർത്തനം ചെയ്താണ് സജി ചെറിയാൻ ഭരണഘടന കുന്തമാണെന്നും കൊടച്ചക്രമാണെന്നുമുള്ള പ്രസംഗം നടത്തിയത്. രാജ്യത്ത് സംഘ്പരിവാർ ഭരണഘടനാ വിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നതിനിടയിലാണ് സജി ചെറിയാൻ ഭരണഘടനയെ തള്ളിപ്പറഞ്ഞത്.
പൊലീസിൽ ആർ.എസ്.എസ് നുഴഞ്ഞുകയറ്റമുണ്ടെന്ന് ആദ്യം പറഞ്ഞത് ആനി രാജയാണ്. ഇപ്പോൾ സിവിൽ സർവീസിലും നുഴഞ്ഞു കയറ്റമുണ്ട്.
ഇക്കാര്യം വ്യക്തമായിട്ടും വാട്സാപ് ഗ്രൂപ്പ് ഉണ്ടാക്കിയതിൽ കേസെടുക്കാൻ സർക്കാർ തയാറാകുന്നില്ല. സംഘ്പരിവാർ അജണ്ടയ്ക്ക് സർക്കാരും കുടപിടിച്ചു കൊടുക്കുകയാണ്.
വാട്സാപ് ഉണ്ടാക്കിയ ഉദ്യോഗസ്ഥനെ രക്ഷപ്പെടുത്താനാണ് സർക്കാർ ശ്രമിക്കുന്നത്. ഇത് കേരളത്തിലെ സിവിൽ സർവീസിനെ അപകടകരമായ രീതിയിലേക്ക് കൊണ്ടു പോകും.
ഐ.എ.എസിൽ ഇരുന്നു കൊണ്ട് വാട്സാപ് ഗ്രൂപ്പ് ഉണ്ടാക്കി വിവാദമായപ്പോൾ ഡിലീറ്റ് ചെയ്തത് എല്ലാവർക്കും അറിയാം. അതിൽ എന്ത് നിയമോപദേശമാണ് തേടേണ്ടത്? ഏതെങ്കിലും ക്ലാർക്കോ പ്യൂണോ ആയിരുന്നെങ്കിൽ സസ്പെൻഡ് ചെയ്തേനെ.
സർക്കാരിന്റെ കൂടി പിന്തുണയുള്ളതു കൊണ്ടാണ് സംരക്ഷിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. പാലക്കാട് 71 ശതമാനത്തിൽ അധികം പോളിംഗുണ്ട്.
വീടുകളിൽ ചെയ്ത വോട്ട് കൂടി ചേർക്കുമ്പോൾ പോളിംഗ് ശതമാനം ഉയരും. യു.ഡി.എഫ് പ്രതീക്ഷിച്ച പോളിംഗ് ശതമാനമാണ് പാലക്കാടുണ്ടായത്.
ടൗണിൽ പോളിംഗ് കൂടിയെന്നും ഗ്രാമങ്ങളിൽ പോളിംഗ് കൂടിയെന്നും ഇന്നലെ മാദ്ധ്യമങ്ങൾ പറഞ്ഞത് ശരിയല്ല. ടൗണിൽ കുറയുകയും ഗ്രാമ പ്രദേശങ്ങളിൽ കൂടുകയുമാണ് ചെയ്തത്.
യു.ഡി.എഫ് ശക്തി കേന്ദ്രങ്ങളിൽ എല്ലാം കൃത്യമായ പോളിംഗ് നടന്നിട്ടുണ്ട്. പാർലമെന്റ് തിരഞ്ഞെടുപ്പിൽ ഉണ്ടായതനേക്കാൾ ഉജ്ജ്വലമായ വിജയമുണ്ടാകും.
പാർലമെന്റ് തിരഞ്ഞെടുപ്പനേക്കാൾ കൂടുതൽ വോട്ട് പോൾ ചെയ്തിട്ടുണ്ട്. 2021ലെ നിയമസഭ തിരഞ്ഞെടുപ്പിനേക്കാൾ കൂടുതൽ വോട്ടുകൾ യു.ഡി.എഫ് കേന്ദ്രങ്ങളിൽ പോൾ ചെയ്തിട്ടുണ്ട്.
അഞ്ച് തവണയാണ് ഞങ്ങളുടെ പ്രവർത്തകർ വീടുകൾ കയറിയത്. അതുകൊണ്ടു തന്നെ ഞങ്ങൾ പ്രതീക്ഷിച്ച ഫലം പാലക്കാടുണ്ടാകും.
മറ്റുള്ളവരുടെ അവകാശവാദങ്ങളെ കുറിച്ച് ഒന്നും പറയുന്നില്ലെന്നും വി.ഡി സതീശൻ പ്രതികരിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]