
പാലക്കാട് : നാടിളക്കി പ്രചരണം നടന്നിട്ടും പാലക്കാട് ഉപ തെരഞ്ഞെടുപ്പ് പോളിങ് മന്ദഗതിയിൽ. ആദ്യ മണിക്കൂറിലെ തിരക്ക് പിന്നീട് ബൂത്തുകളിലില്ല. നിലവിൽ 50 ശതമാനമാണ് പോളിങ് രേഖപ്പെടുത്തിയത്. 2021 ലെ പോളിങ് ശതമാനത്തിൽ ഇത്തവണ എത്തിയില്ല. 2021നെ അപേക്ഷിച്ച് 10 ശതമാനത്തിലധികം കുറവാണിത്. ഈ രീതിയിൽ മുന്നോട്ട് പോകുകയാണെങ്കിൽ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ 75 ശതമാനം എന്ന പോളിങ് നിലയിലേക്ക് എത്തില്ലെന്ന് പാർട്ടികളിൽ ആശങ്കയുണ്ട്.
മണ്ഡലത്തിൽ വോട്ടിങ് സമാധാനപരമാണ്. ഇരട്ടവോട്ട് സിപിഎം ഉയർത്തിയെങ്കിലും ബൂത്തുകളിൽ തർക്കങ്ങൾ ഇല്ല. സിപിഎം നേതാക്കളായ കേന്ദ്ര കമ്മിറ്റി അംഗം എകെ ബാലൻ, എൻ എൻ കൃഷ്ണദാസ്, കോൺഗ്രസ് എംപി ഷാഫി പറമ്പിൽ, എൻഡിഎ സ്ഥാനാർത്ഥി സി കൃഷ്ണകുമാർ എന്നിവർ രാവിലെ ബൂത്തുകളിലെത്തി വോട്ട് ചെയ്തു.
അതേ സമയം, പാലക്കാട് നഗരസഭ പരിധിയിൽപ്പെടുന്ന ബൂത്ത് നമ്പർ 22 ൽ വി.വി പാറ്റ് തകരാർ കാരണം പോളിങ് മുടങ്ങി. അര മണിക്കൂർ കഴിഞ്ഞിട്ടും പരിഹരിച്ചിട്ടില്ല. ഇവിടെ ആളുകളുടെ നീണ്ട നിര വോട്ട് ചെയ്യാൻ കാത്തിരിക്കുകയാണ്.
മാത്തൂരിൽ ബൂത്ത് 154 ൽ സിപിഎം അനാവശ്യമായി ഓപ്പൺ വോട്ടുകൾ ചെയ്യുന്നുവെന്ന ആരോപണവുമായി കോൺഗ്രസ് രംഗത്തെത്തി. രാവിലെ ഇവിടെ ഇരട്ടവോട്ടിന്റെ പട്ടികയുമായി സിപിഎം എത്തിയിരുന്നു. പിന്നാലെയാണ് ഓപ്പൺ വോട്ടിൽ യുഡിഎഫ് പരാതി ഉയർത്തിയത്.
പാലക്കാട് നഗരം കേന്ദ്രീകരിച്ചുള്ള വോട്ടുകൾ ബിജെപിക്ക് കിട്ടുമെന്ന് ദേശീയ നിർവാഹക സമിതി അംഗം എൻ. ശിവരാജൻ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. ഇരട്ട വോട്ട് ആരോപണമുയർന്ന ജില്ലാ പ്രസിഡന്റ് വോട്ടു ചെയ്യും. വോട്ട് ചെയ്യാൻ വരുമ്പോൾ തടുക്കാൻ വരുന്നെങ്കിൽ തടുത്തോളൂവെന്നും ശിവരാജൻ പ്രതികരിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]