കോഴിക്കോട്: സംഘടിപ്പിക്കുന്ന കോണ്‍ഗ്രസ്സിന്റെ പലസ്തീന് ഐക്യദാര്‍ഡ്യ റാലിയില്‍ ശശി തരൂര്‍ പങ്കെടുക്കുന്ന കാര്യത്തില്‍ അനിശ്ചിതത്വം തുടരുന്നു. നാളെ വൈകിട്ടോടെ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാകുമെന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ വിശദീകരണം. ഈ മാസം 23 ന് കോഴിക്കോട് കടപ്പുറത്താണ് കോണ്‍ഗ്രസ്സിന്റെ ഫലസ്തീന് ഐക്യദാര്‍ഡ്യറാലി. മുസ്ലീം ലീഗ് നേതാക്കളേയും മത- സാമൂഹിക നേതാക്കളേയും വേദിയിലെത്തിക്കുന്ന റാലി പലസ്തീന് വിഷയത്തില്‍ കോണ്‍ഗ്രസിനെതിരെ ഉയരുന്ന വിമര്‍ശനങ്ങള്‍ക്കുള്ള മറുപടി കൂടിയാവും. ഏറെ അനിശ്ചിതത്വങ്ങൾക്കും രാഷ്ട്രീയ വിവാദങ്ങൾക്കുമൊടുവിലാണ് കോൺഗ്രസിന്റെ പലസ്തീൻ ഐക്യദാർഡ്യ റാലി.
പലസ്തീന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് ആദ്യം കോൺഗ്രസ് രംഗത്തിറങ്ങാത്തതിനെ തുടർന്നാണ് ലീഗിന് സ്വന്തം നിലക്ക് റാലി നടത്തേണ്ടിവന്നതെന്ന ആക്ഷേപം ഉയര്‍ന്നിരുന്നു. ലീഗിന്റെ റാലിയിൽ ശശിതരൂര്‍ ഹമാസിനെതിരെ നടത്തിയ പരാമര്‍ശം വിവാദവുമായി. ഇതേ തുടര്‍ന്ന് ലീഗിന് ഉണ്ടായ നീരസം കെപിസിസി അധ്യക്ഷനും പ്രതിപക്ഷനേതാവും പാണക്കാട്ടെത്തി രമ്യതയിലെത്തിക്കുകയായിരുന്നു. തുടര്‍ന്നാണ് കെപിസിസി കോഴിക്കോട്ട് പലസ്തീന് ഐക്യദാര്‍ഡ്യ റാലി നടത്തുന്നത്. ലീഗ് റാലിയില്‍ വിവാദ പരാമര്‍ശം നടത്തിയ ശശി തരൂര്‍ കോണ്‍ഗ്രസ്സിന്റെ റാലിയില്‍ പങ്കെടുക്കുമോ എന്നാണ് ഏവരും ഉറ്റു നോക്കുന്നത്.
എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ 23 വൈകിട്ട് നാലിന് റാലി ഉദ്ഘാടനം ചെയ്യും. റാലിയിൽ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ മുഖ്യപ്രഭാഷണം നടത്തും. കെ. സുധാകരൻ, വി.ഡി സതീശന്, രമേശ് ചെന്നിത്തല, തുടങ്ങിയ കോൺഗ്രസ് നേതാക്കൾക്കൊപ്പം പി കെ കുഞ്ഞാലിക്കുട്ടി, ഇ ടി മുഹമ്മദ് ബഷീർ, ഡോ. എം.കെ മുനീർ തുടങ്ങിയ ലീഗ് നേതാക്കളും റാലിയെ അഭിസംബോധന ചെയ്യും. അര ലക്ഷത്തോളം പേര് റാലിക്കെത്തുമെന്നാണ് സംഘാടകര്‍ അവകാശപ്പെടുന്നത്. സിപിഎം കഴിഞ്ഞ ദിവസം കോഴിക്കോട് സംഘടിപ്പിച്ച റാലിയിലെ ജനപങ്കാളിത്തം മറികടക്കുമെന്നും സംഘാടകര്‍ പറയുന്നു. നവകേരള സദസ്സിന്റെ പേരിൽ കടപ്പുറത്ത് റാലിക്ക് അനുമതി നിഷേധിച്ചതും റാലിയെ വിവാദത്തിലാക്കി. പിന്നീട് നവകേരള സദസ്സിന്റെ വേദിക്ക് 100 മീറ്റർ മാറി, കടപ്പുറത്ത് തന്നെ കോൺഗ്രസ് റാലി നടത്താന്‍ ജില്ല ഭരണകൂടം അനുമതി നല്‍കുകയായിരുന്നു.
Last Updated Nov 20, 2023, 4:44 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]