കൊച്ചി∙ ശബരിമലയിലെ ദ്വാരപാലകശിൽപത്തിലെ സ്വർണപ്പാളിയുമായി ബന്ധപ്പെട്ട് ഗൂഢാലോചനയും അന്വേഷിക്കാൻ ഹൈക്കോടതി ഉത്തരവ്. വിഷയത്തിൽ അന്വേഷണം നടത്തുന്ന പ്രത്യേകാന്വേഷണ സംഘം (എസ്ഐടി) ഇടക്കാല റിപ്പോർട്ട് സമർപ്പിച്ചതിനു പിന്നാലെയാണ് ഹൈക്കോടതി നിർദേശം.
അടച്ചിട്ട കോടതിമുറിയിൽ രഹസ്യമായിട്ടായിരുന്നു കോടതി നടപടികൾ.
റിപ്പോർട്ട് സംബന്ധിച്ച് കോടതി ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടെങ്കിലും ഇതിന്റെ പൂർണരൂപം പുറത്തു വന്നിട്ടില്ല.
ശബരിമല ദേവസ്വം ബെഞ്ചിലെ ജസ്റ്റിസുമാരായ രാജാ വിജയരാഘവൻ, കെ.വി.ജയകുമാർ എന്നിവരുടെ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. നേരത്തെ ആറാഴ്ചയ്ക്കുള്ളിൽ അന്വേഷണം പൂർത്തിയാക്കണമെന്നും രണ്ടാഴ്ചയിലൊരിക്കൽ കേസിന്റെ അന്വേഷണ പുരോഗതി അറിയിക്കണമെന്നും ഹൈക്കോടതി എസ്ഐടിക്ക് നിർദേശം നൽകിയിരുന്നു.
ശബരിമലയിലെ വിലപ്പെട്ട വസ്തുക്കളുടെ കണക്കെടുക്കാൻ കോടതി നിയോഗിച്ച റിട്ട.
ജസ്റ്റിസ് കെ.ടി.ശങ്കരനും ഇടക്കാല റിപ്പോർട്ട് നൽകുന്നുണ്ട്. കേസ് ഇനി നവംബർ 15ന് പരിഗണിക്കും.
ശബരിമല ദ്വാരപാലകശിൽപത്തിലെ സ്വർണപ്പാളികൾ കാണാതായതുമായി ബന്ധപ്പെട്ട് ഗൂഢാലോചന നടന്നതായി ചൂണ്ടിക്കാട്ടി ദേവസ്വം വിജിലൻ റിപ്പോർട്ട് ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി ഇക്കാര്യം വിശദമായി അന്വേഷിക്കാൻ എസ്ഐടിക്കു രൂപം നൽകിയത്. ദ്വാരപാലക ശിൽപത്തിനു പുറമെ കട്ടിളയിലെ സ്വര്ണപ്പാളി സംബന്ധിച്ചും അന്വേഷിക്കണമെന്നായിരുന്നു കോടതി നിർദേശം.
2019 ജൂലൈ 19, 20 തീയതികളിൽ സ്പോൺസറായ ഉണ്ണികൃഷ്ണൻ പോറ്റിക്ക് ദ്വാരപാലക ശിൽപങ്ങളിലെ സ്വർണപ്പാളികൾ കൈമാറിയെന്നാണ് വിജിലന്സ് കണ്ടെത്തൽ. എന്നാൽ മഹസറിൽ ഇത് ചെമ്പ് പാളി എന്നാണു രേഖപ്പെടുത്തിയിരിക്കുന്നത്.
ഇതേ മാതൃകയിൽ ഒട്ടേറെ ക്രമക്കേടുകൾ ചൂണ്ടിക്കാട്ടുന്നതായിരുന്നു വിജിലൻസിന്റെ റിപ്പോർട്ട്.
തുടർന്ന് എസ്ഐടി ഉണ്ണികൃഷ്ണൻ പോറ്റിയെ വിശദമായി ചോദ്യം ചെയ്തതിനു പിന്നാലെ അറസ്റ്റ് രേഖപ്പെടുത്തി. താൻ മാത്രമല്ല, ദേവസ്വം ബോർഡിലെ ഉന്നതരും ദേവസ്വം ഉദ്യോഗസ്ഥരുമെല്ലാം സ്വർണപ്പാളി വിഷയത്തിൽ ഉൾപ്പെട്ടിട്ടുണ്ട് എന്ന വിധത്തിലാണ് ഉണ്ണികൃഷ്ണൻ പോറ്റി എസ്ഐടിക്ക് മൊഴി നൽകിയത് എന്നാണ് സൂചനകൾ.
സ്വർണപ്പാളി കൊണ്ടുപോയതുമായി ബന്ധപ്പെട്ട് ഹൈദരാബാദ്, ബെംഗളൂരു നഗരങ്ങളിലേക്കും എസ്ഐടി അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. ഉണ്ണികൃഷ്ണൻ പോറ്റിയുടെ കൂട്ടാളികൾക്കും ഇടപാടിൽ പങ്കുണ്ടെന്നാണ് കരുതുന്നത്.
ഉണ്ണികൃഷ്ണൻ പോറ്റിയുടെ അടുത്ത സുഹൃത്തായ അനന്തസുബ്രഹ്മണ്യത്തെ എസ്ഐടി ഇന്നലെ മണിക്കൂറുകളോളം ചോദ്യം ചെയ്തിരുന്നു. രാത്രിയോടെയാണ് ഇയാളെ വിട്ടയച്ചത്.
ഉണ്ണികൃഷ്ണൻ പോറ്റിയുടെ നിർദേശപ്രകാരം 2019ൽ സ്വർണപ്പാളികൾ ഏറ്റുവാങ്ങി മഹസറിൽ ഒപ്പുവച്ചത് അനന്ത സുബ്രഹ്മണ്യമായിരുന്നു.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

