
കണ്ണൂർ: കണ്ണൂർ എഡിഎം നവീൻ ബാബുവിനെതിരെ കൈക്കൂലി ആരോപണം ഉന്നയിച്ച പരിയാരം മെഡിക്കൽ കോളേജ് ജീവനക്കാരൻ പ്രശാന്തിന്റെ മൊഴിയെടുത്ത് കണ്ണൂർ പൊലീസ്. കണ്ണൂർ ടൗൺ പൊലീസ് സ്റ്റേഷനിലാണ് പ്രശാന്തിന്റെ മൊഴിയെടുത്തത്. മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകാതെ മാധ്യമങ്ങൾക്ക് മുന്നിലൂടെ പ്രശാന്തൻ ഓടിപ്പോകുകയാണുണ്ടായത്.
അതേ സമയം ടിവി പ്രശാന്തിനെ പുറത്താക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്ജ് അറിയിച്ചു. പ്രശാന്ത് സർക്കാർ ജീവനക്കാരനല്ലെന്ന് പറഞ്ഞ മന്ത്രി കൂടുതൽ പരിശോധനക്ക് ആരോഗ്യവകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി നാളെ പരിയാരത്തെത്തുമെന്ന് അറിയിച്ചു. എഡിഎമ്മിന്റെ മരണമുണ്ടായി ഒരാഴ്ചയാകുമ്പോഴും പ്രശാന്തിനെതിരായ നടപടിയിൽ ആരോഗ്യവകുപ്പ് നടത്തിയത് ഒളിച്ചുകളി.
പരിയാരത്ത് ഇലക്ട്രീഷ്യനായ പ്രശാന്തിന് പെട്രോൾ പമ്പ് തുടങ്ങാനാകുമോ, വരുമാനം എവിടെ നിന്നാകുമെന്ന ചോദ്യങ്ങൾ എഡിഎമ്മിറെ മരണത്തിന് പിന്നാലെ തന്നെ ഉയർന്നതാണ്. ടിവി പ്രശാന്തിൻറെ തസ്തികയുടെ കാര്യത്തിൽ ആരോഗ്യമന്ത്രിക്കും വകുപ്പിനും ഇപ്പോഴുമില്ല വ്യക്തമായ മറുപടി. പ്രശാന്തിനെതിരെ നടപടിആവശ്യപ്പെട്ട് പരിയാരം മെഡിക്കൽ കോളേജിലെ എൻജിഒ അസോസിയേഷൻ ഡിഎംഇക്ക് പരാതി നൽകിയത് ഈ മാസം 15ന്. താനാവശ്യപ്പെട്ടിട്ടും ഡിഎംഇയും പരിയാരം കോളേജധികാരികളും കൃത്യമായ മറുപടി നൽകിയില്ലെന്ന് ആരോഗ്യമന്ത്രി
ഒറ്റകോളിൽ മറുപടി കിട്ടേണ്ടതിൽ നടക്കുന്നത് വിചിത്രനടപടികൾ. ഒരു ജീവനക്കാരന്റെ കാര്യത്തിൽ മെഡിക്കൽ കോളേജധികാരികളും ഡിഎംഇയും ഇനിയും വ്യക്തമായ മറുപടി നൽകാത്തത് ദുരൂഹം. തസ്തിക അന്വേഷിക്കാൻ അഡീഷനൽ ചീഫ് സെക്രട്ടറിക്ക് കോളേജിലേക്ക് പോകേണ്ടിവരുന്ന സ്ഥിതി വിചിത്രം.
പരിയാരം മെഡിക്കൽ കോളേജ് സർക്കാർ ഏറ്റെടുത്തിട്ടും മുഴുവൻ ജീവനക്കാരെയും ഇതുവരെ സർക്കാർ സർവ്വീസിലേക്ക് മാറ്റിയിട്ടില്ല. റഗുലറൈസ് ചെയ്യാനുള്ളവരുടെ പട്ടികയിലാാണ് പ്രശാന്ത്. പട്ടികയിലുള്ളവർക്കും ശമ്പളം ട്രഷറിയിൽ നിന്നാണ്. കൈക്കൂലി കൊടുക്കുന്നത് ആരായാലും ഗുരുതര കുറ്റമാണ്. ഏത് തസ്തികയിൽപെട്ട ജീവനക്കാരനായാലും പണം കൊടുത്തത് തുറന്ന് പറഞ്ഞിട്ടുപോലും പ്രശാന്തിനെതിരെ നടപടിയില്ല ഇത് വരെ. ദിവ്യക്കെന്നപോലെ പ്രശാന്തിനും കിട്ടുന്നത് സംരക്ഷണമാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]