കൽപ്പറ്റ: വയനാട് ഉപതെരഞ്ഞെടുപ്പ് പ്രചരണ രംഗം ചൂടുപിടിക്കുന്നു. എൽ ഡി എഫ് സ്ഥാനാർഥി സത്യൻ മൊകേരി പ്രചരണം തുടങ്ങി മുന്നേറുമ്പോൾ ഇന്ന് ബി ജെ പി സ്ഥാനാർത്ഥി നവ്യ ഹരിദാസും നാളെ യു ഡി എഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധിയും കൂടി എത്തുന്നതോടെ വയനാടൻ ചുരത്തിന് തീപിടിക്കുമെന്നുറപ്പ്.
വയനാട്ടിലെ പ്രിയങ്കയുടെ പ്രചരണം കളറാക്കാൻ സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയുമടക്കം വയനാട്ടിലേക്ക് എത്തും. പ്രിയങ്കയുടെ കന്നി മത്സരത്തിൽ ഇരുവരും പ്രചരണം നടത്തും. സോണിയയും രാഹുലും പ്രിയങ്കയും ഒന്നിച്ചാകും നാളെ എത്തുക. കൽപ്പറ്റയിൽ ഇവർ ഒന്നിച്ച് തന്നെ റോഡ് ഷോയും നടത്തും. ശേഷമാകും നാമനിർദ്ദേശ പത്രിക സമർപ്പണം. അവിടെയും ഇരുവരും പ്രിയങ്കക്കൊപ്പമുണ്ടാകും. വർഷങ്ങൾക്ക് ശേഷമാണ് സോണിയ ഗാന്ധി കേരളത്തിൽ എത്തുന്നത് എന്ന പ്രത്യേകതയുമുണ്ട്.
റോഡ് ഷോ നടത്തി നവ്യയെ സ്വീകരിക്കാനുള്ള ഒരുക്കങ്ങൾ നടത്തുകയാണ് ബി ജെ പി. പ്രിയങ്കക്കെതിരായ മത്സരത്തിൽ ദേശീയ നേതാക്കളെ രംഗത്തിറക്കിയുള്ള പ്രചരണം നടത്താനാണ് ബി ജെ പി ഒരുങ്ങുന്നത്. ഇന്ന് വയനാട്ടിൽ എത്തുന്ന നവ്യക്ക് ബി ജെ പി വയനാട് ജില്ലാ ഘടകം സ്വീകരണം നൽകും. നഗരത്തിൽ പി കെ കൃഷ്ണദാസിന്റെ ഉൾപ്പെടെ നേതൃത്വത്തിൽ വലിയ റോഡ് ഷോ നടത്താനും പദ്ധതിയുണ്ട്.
ദേശീയ പ്രാധാന്യമുള്ള മണ്ഡലത്തിൽ ദേശീയ നേതാക്കളെ തന്നെ എത്തിച്ചുള്ള പ്രചരണവും നടത്താനാണ് ബി ജെ പി നീക്കം. സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ രാഹുൽ ഗാന്ധിക്കെതിരെ മത്സരിച്ച ലോക്സഭ തെരഞ്ഞെടുപ്പിൽ ഒരു ലക്ഷത്തി നാൽപ്പത്തിയൊന്നായിരം വോട്ട് ബി ജെ പി പിടിച്ചിരുന്നു. യുവസ്ഥാനാർത്ഥിയായ നവ്യ ഹരിദാസിന് പാർട്ടിക്ക് പുറത്തുള്ള വോട്ടും സ്വാധീനിക്കാൻ ആകുമെന്നാണ് കണക്ക്കൂട്ടൽ.
അതേസമയം രാഹുൽ ഗാന്ധിയെയടക്കം കടന്നാക്രമിച്ചാണ് മൊകേരിയുടെ പ്രചരണം തുടരുന്നത്. രാഹുൽ വയനാടിനോട് ചെയ്തത് ചതിയെന്ന് എൽ ഡി എഫ് സ്ഥാനാർത്ഥി പറഞ്ഞു. പ്രിയങ്ക ഗാന്ധിയും നല്ല സ്ഥലത്ത് വിജയിച്ചാൽ വയനാട് ഉപേക്ഷിക്കും. ഇന്ദിരാഗാന്ധി തോറ്റു, പ്രിയങ്ക ഗാന്ധിയേയും ജനങ്ങൾ തോൽപ്പിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സാധാരണക്കാർക്ക് നേരിട്ട് കാണാൻ പോലും സാധിക്കാത്തവരാണ് ഗാന്ധി കുടുംബത്തിൽ ഉള്ളതെന്നും സത്യൻ മൊകേരി പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]