ദില്ലി: ചോദ്യത്തിന് കോഴ ആരോപണത്തിൽ അദാനിക്കെതിരെ ആഞ്ഞടിച്ച് മഹുവ മൊയിത്ര എം.പി. നടപടികളിൽനിന്നും ഒഴിവാക്കാൻ ആറുമാസത്തേക്ക് മിണ്ടാതിരിക്കണമെന്ന അദാനിയുടെ ഡീൽ സ്വീകരിക്കുന്നില്ലെന്നും. പരിശോധനയ്ക്കായി സിബിഐയെ വീട്ടിലേക്ക് സ്വാഗതം ചെയ്യുന്നുവെന്നും മഹുവ പറഞ്ഞു. മഹുവ മൊയിത്രയെ വിളിപ്പിച്ച് മൊഴിയെടുക്കുന്നതില്‍ ലോക്സഭാ എത്തിക്സ് കമ്മറ്റി വ്യാഴാഴ്ച തീരുമാനമെടുക്കും.
നിഷികാന്ത് ദുബേയുടെ പരാതിയിൽ ലോക്സഭാ എത്തിക്സ് കമ്മറ്റി നടപടികൾ തുടങ്ങാനിരിക്കെയാണ് അദാനി സമ്മർദ്ദം ചെലുത്തുന്നു എന്ന മഹുവയുടെ പുതിയ ആരോപണം. ‘സോറി മിസ്റ്റര്‍ അദാനി, ആറുമാസത്തേക്ക് മിണ്ടാതിരുന്നാല്‍ നടപടികള്‍ ഉണ്ടാകില്ലെന്ന സമാധാന ഡീല്‍ എനിക്ക് വേണ്ട. പ്രധാനമന്ത്രിയെ ആക്രമിക്കരുതെന്നും താങ്കളെ ആക്രമിക്കാമെന്നുമുള്ള രണ്ടാമത്തെ ഡീലും സ്വീകരിക്കുന്നില്ല’ എന്നായിരുന്നു മഹുവ എക്സ് പ്ലാറ്റ്ഫോമില്‍ കുറിച്ചത്. തന്റെ ചെരുപ്പുകളുടെ എണ്ണമെടുക്കാൻ സിബിഐയെ വീട്ടിലേക്ക് സ്വാഗതം ചെയ്യുന്നു, എന്നാൽ അതിന് മുൻപ് പതിമൂവായിരം കോടിയുടെ കൽക്കരി അഴിമതിയിൽ അദാനിക്കെതിരെ കേസെടുക്കണമെന്നും മഹുവ ഇന്ന് ആവശ്യപ്പെട്ടു.
ദുബായിൽ താമസിക്കുന്ന വ്യവസായി ദർശൻ ഹിരാനന്ദാനിയുടെ സത്യവാങ്മൂലവും നിഷികാന്ത് ദുബേയുടെ പരാതിക്കൊപ്പം തെളിവായി ലോക്സഭ എത്തിക്സ് കമ്മറ്റി പരിഗണിക്കും. ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് ഹിരാനന്ദാനിയുടെ സത്യവാങ്മുലം സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. മഹുവ മൊയിത്ര ദില്ലിയിലെ ടെലഗ്രാഫ് ലെയിനിലെ ഔദ്യോഗിക വസതി മോടിപിടിപ്പിക്കാൻ പണം വാങ്ങി എന്നും ഹീരാനന്ദാനി ആരോപിച്ചിരുന്നു. അതേസമയം ഹിരാനന്ദാനിയുടെ ആരോപണങ്ങൾ പ്രമുഖ അഭിഭാഷകൻ ഷാർദുൽ ഷ്റോഫ് നിഷേധിച്ചു.
അദാനിക്കെതിരെ ആരോപണമുന്നയിക്കാൻ മഹുവയെ ഷാർദുൽ ഷ്റോഫും ഭാര്യ പല്ലവി ഷ്റോഫും സഹായിച്ചെന്നായിരുന്നു ഹിരാനന്ദാനിയുടെ ആരോപണം. മഹുവയ്ക്കെതിരെ ആരോപണം കടുക്കുമ്പോഴും പ്രതിരോധിക്കാൻ തൃണമൂൽകോൺഗ്രസ് നേതാക്കളാരും ഇതുവരെ മുന്നോട്ട് വന്നിട്ടില്ല. അദാനിക്കെതിരെ ആരൊക്കെ സംസാരിച്ചാലും അവരെ രാജ്യത്തിന്റെ ശത്രുക്കളാക്കി മാറ്റുകയാണെന്ന് കോൺഗ്രസ് നേതാവ് അധിർ രഞ്ജൻ ചൗധരി പ്രതികരിച്ചു.
Last Updated Oct 21, 2023, 7:46 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]