തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ക്ഷേത്രങ്ങളിൽ ആര്‍എസ്എസിന്റെയും തീവ്രാശങ്ങള്‍ പ്രചരിക്കുന്ന സംഘടനകളുടെയും പ്രവര്‍ത്തിനങ്ങളും ആയുധ പരിശീലനവും നിരോധിച്ചു. ഇത് സംബന്ധിച്ച് നേരത്തെ കോടതി ഉത്തരവ് നിലവിലുണ്ടായിരുന്നു. എന്നാല്‍ ഉത്തരവ് പാലിക്കപ്പെടാതിരുന്നതോടെയാണ് തിരുവിതാംകൂര്‍ ദേവസ്വം ബോർഡ് പുതിയ സര്‍ക്കുലര്‍ ഇറക്കിയത്. ബോർഡിനെതിരെ നാമജപഘോഷം എന്ന പേരിലോ മറ്റേതെങ്കിലോ പേരിലോ ക്ഷേത്രഭൂമിയി ഉപദേശകസമിതികള്‍ ഉള്‍പ്പടെയുള്ളവർ പ്രതിഷേധയോഗം സംഘടിപ്പിക്കുന്നതും നിരോധിച്ചതായി ദേവസ്വം കമ്മീഷണർ പുറത്തിറക്കിയ സർക്കുലറിൽ വ്യക്തമാക്കുന്നു.
ഹൈക്കോടതി വിധി പാലിക്കാതെ ആര്‍എസ്എസ് ഉള്‍പ്പെടെയുള്ള തീവ്ര ആശയങ്ങള്‍ പ്രകടിപ്പിക്കുന്ന സംഘടനകള്‍ ക്ഷേത്രഭൂമിയില്‍ അതിക്രമിച്ച് കയറുന്നുണ്ട്. ആയുധ പരിശീലനം ഉള്‍പ്പെടെ ക്ഷേത്ര ഭൂമിയില്‍ നടത്തുന്നുവെന്നുമാണ് ദേവസ്വം കമ്മീഷണറുടെ കണ്ടെത്തല്‍. ഇതേ തുടര്‍ന്നാണ് കര്‍ശന നിലപാടുമായി പുതിയ സര്‍ക്കുലര്‍ പുറത്തിറക്കിയത്. നടപടി എടുക്കേണ്ട ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച ഉണ്ടാകരുതെന്നും ദേവസ്വം ബോര്‍ഡ് സര്‍ക്കുലറില്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇതോടൊപ്പം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രഭൂമിയിലെ അനധികൃതമായ എല്ലാ കൂട്ടായ്മകളും നിരോധിച്ചു. സര്‍ക്കുലര്‍ അനുശാസിക്കുന്ന കാര്യങ്ങളില്‍ വീഴ്ച സംഭവിച്ചാല്‍ ഉദ്യോഗസ്ഥര്‍ നോട്ടീസ് നല്കി നടപടിയെടുക്കണം. ക്ഷേത്രവുമായി നേരിട്ട് ബന്ധമില്ലാത്ത ബോര്‍ഡുകള്‍ നീക്കം ചെയ്യണം. ആര്‍എസ്എസ് ശാഖകള്‍ കണ്ടെത്താന്‍ വിജിലന്‍സ് മിന്നല്‍ പരിശോധന നടത്തുമെന്നും സർക്കുലറിൽ പറയുന്നു.
ക്ഷേത്രകാര്യങ്ങളുമായി ബന്ധമില്ലാത്തവരുടെ ചിത്രങ്ങൾ, ഫ്ളക്സുകൾ, കൊടി തോരണങ്ങൾ, രാഷ്ട്രീയ സാമുദായിക സംഘടനകളുമായി ബന്ധപ്പെട്ട് ചിഹ്നങ്ങൾ എന്നിവ അടിയന്തിരമായി നീക്കണം. തീവ്ര ആശയങ്ങൾ പ്രചരിപ്പിക്കുന്ന സംഘടനകളുടെ ശാഖ പ്രവർത്തനം, ആയുധ പരിശീലനം, ആയോധന മുറകളുടെ അഭ്യാസം, മാസ്ഡ്രിൽ എന്നിവ പരിശോധിക്കാൻ രാത്രിയിൽ ഉൾപ്പെടെ മിന്നൽ പരിശോധന നടത്തണം. ബോർഡിന്റെ അനുമതിയില്ലാതെ അനധികൃതമായി ക്ഷേത്ര വസ്തുവിൽ കയറി ആർഎസ്എസും തീവ്രാശയങ്ങൾ പ്രചരിപ്പിക്കുന്ന സംഘങ്ങൾ ഉൾപ്പെടെയുള്ള കൂട്ടായ്മകളും പ്രവർത്തിക്കുന്നത് നിരോധിച്ചു. നടപടികൾ ശ്രദ്ധയിൽപ്പെട്ടാൽ നോട്ടീസ് നൽകുന്നതടക്കം നിയമനടപടികൾ സ്വീകരിക്കും. ആവശ്യമെങ്കിൽ പൊലീസിന്റെയും ജില്ലാഭരണകൂടത്തിന്റേയും സേവനം ലഭ്യമാക്കണമെന്നും ദേവസ്വം ബോര്‍ഡ് സർക്കുലറിലൂടെ അറിയിച്ചു.
ക്ഷേത്ര ഉപദേശകസമിതികളെ കൂടാതെ ഒരു സമിതിയും ക്ഷേത്രത്തിൽ പ്രവർത്തിക്കുന്നത് അനുവദിക്കില്ല. ക്ഷേത്രോത്സവങ്ങൾ, ചടങ്ങുകൾ എന്നിവയുടെ നോട്ടീസ്, ലഘുലേഖ എന്നിവയിൽ വ്യക്തികളുടെ ചിത്രങ്ങളോ ചിഹ്നങ്ങളോ ഉപയോഗിക്കുന്നത് ചട്ടവിരുദ്ധമാണ്. ദേവസ്വങ്ങളിലെ അംഗീകൃത ഉപദേശകസമിതിയിലെ അംഗങ്ങൾ അടക്കമുള്ളവർ ദേവസ്വം ബോർഡിന് എതിരായി ക്ഷേത്രത്തിനകത്തും ക്ഷേത്ര വസ്തുവിലും മൈക്ക് സ്ഥാപിച്ച് ‘നാമജപഘോഷം’ എന്ന പേരിൽ പ്രതിഷേധ യോഗം ചേരുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത്തരം പ്രവർത്തികൾ ക്ഷേത്രത്തിന്റെ സമാധാന അന്തരീക്ഷത്തിന് വിരുദ്ധമാണ്. ‘നാമജപഘോഷം’ എന്ന പേരിലോ മറ്റേതെങ്കിലും പേരിലോ പ്രതിഷേധ യോഗങ്ങൾ ക്ഷേത്ര വസ്തുവിൽ ചേരുന്നത് നിരോധിച്ചു. ഇത്തരം സാഹചര്യങ്ങൾ ഉണ്ടാകുന്ന പക്ഷം ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും സർക്കുലറിൽ പറയുന്നു. സമാധാനപരമായ ക്ഷേത്രപരിസരം തിരികെ കൊണ്ടുവരാൻ പൊലീസിന്റെയോ ജില്ലാ ഭരണകൂടത്തിന്റെ സേവനം ആവശ്യമെങ്കിൽ അത് ഉറപ്പ് വരുത്തുമെന്നും സർക്കുലറിൽ വ്യക്തമാക്കുന്നനു.
Read More : കടലാക്രമണത്തിനും ഉയർന്ന തിരമാലയ്ക്കും സാധ്യത; വിഴിഞ്ഞം മുതൽ കാസർഗോഡ് വരെ ജാഗ്രത നിർദ്ദേശം
Last Updated Oct 21, 2023, 8:35 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]