
കണ്ണൂർ : പത്രക്കടലാസുകൾ വിദേശ കറൻസിയെന്ന പേരിൽ നൽകി സംസ്ഥാനത്താകെ ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ സംഘത്തിലെ മൂന്ന് പേർ കൂടി പിടിയിൽ. രണ്ട് ബംഗാൾ സ്വദേശികളെയും ഒരു ഗുജറാത്ത് സ്വദേശിയെയുമാണ് കണ്ണൂർ വളപട്ടണം പൊലീസ് അറസ്റ്റ് ചെയ്തത്.
ലക്ഷങ്ങളുടെ ദിർഹം പക്കലുണ്ടെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ് നടത്തിയത്. ചെറിയ തുക നൽകിയാൽ കൈമാറാമെന്ന് വിശ്വസിപ്പിക്കും.പണം നൽകി ദിർഹം ചോദിച്ചാൽ എളുപ്പം തുറക്കാനാകാത്ത ഒരു കെട്ട് നൽകി ഓടി രക്ഷപ്പെടും. തുറന്നു നോക്കുമ്പോൾ മടക്കിവച്ച പത്രക്കടലാസുകൾ കണ്ട് പണം നൽകിയവർ ഞെട്ടും. ഇങ്ങനെയാണ് തട്ടിപ്പ് നടത്തിയിരുന്നത്.
കണ്ണൂർ കാട്ടാമ്പളളിയിലെ വ്യാപാരിയുടെ പരാതിയിൽ കഴിഞ്ഞ മാസം ബംഗാൾ സ്വദേശിയായ ആഷിഖ് ഖാൻ പിടിയിലായിരുന്നു. ഇയാളെ ചോദ്യം ചെയ്തതിൽ നിന്ന് തട്ടിപ്പ് സംഘത്തിൽ കൂടുതൽ പേരുണ്ടെന്ന് വിവരം കിട്ടി. കണ്ണൂർ എസിപി രത്നകുമാറിന്റെ മേൽനോട്ടത്തിലായിരുന്നു അന്വേഷണം. അങ്ങനെയാണ് മൂന്ന് പേർ പിടിയിലാകുന്നത്.
ചെർപ്പുളശ്ശേരിയിൽ സമാന രീതിയിൽ തട്ടിപ്പ് നടത്താനുളള ശ്രമത്തിനിടെയാണ് കൊൽക്കത്ത സ്വദേശികളായ ബാദുഷാ ഷെയ്ഖ്, അസനുർ റഹ്മാൻ, അഹമ്മദാബാദ് സ്വദേശി സുബഹാൻ ഖാൻ എന്നിവരെ അറസ്റ്റ് ചെയ്തത്. കാട്ടാമ്പളളി അറസ്റ്റ് വാർത്തയായതോടെ സംസ്ഥാനത്തെ വിവിധയിടങ്ങളിൽ നിന്ന് പരാതികളെത്തിയിരുന്നു. ഒരു കോടിയോളം രൂപയുടെ തട്ടിപ്പ് നടന്നെന്നാണ് വിവരം. വ്യാജ ആധാർ കാർഡുകളും ഇരുപത്തിയഞ്ച് സിം കാർഡുകളും സംഘത്തിൽ നിന്ന് പിടിച്ചെടുത്തു. നേപ്പാളിലും ഉപയോഗിക്കുന്നവയുണ്ട്. പ്രതികളുടെ അക്കൗണ്ടിൽ പണം കണ്ടെത്താനായില്ല. സ്ത്രീകൾ കൂടി ഉൾപ്പെടുന്ന വലിയ സംഘമാണ് തട്ടിപ്പുകൾക്ക് പിന്നിലെന്നാണ് പൊലീസിന്റെ നിഗമനം. ഇവർക്കായി അന്വേഷണം ഊർജിതമാക്കി.
Last Updated Oct 20, 2023, 9:58 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]