കോട്ടയം – കോട്ടയത്തിന്റെ ചരിത്രത്തിനൊപ്പം സഞ്ചരിച്ച തിരുനക്കര ഷോപ്പിംഗ് സമുച്ചയം ഇനി ഓർമ. കോട്ടയം നഗരസഭയുടെ ഉടമസ്ഥതയിലുളള ഷോപ്പിംഗ് സമുച്ചയം പൊളിക്കുന്നതിനായി തിരുനക്കരയിലേക്കുളള റോഡ് അടച്ചു. പത്തുദിവസത്തേക്കാണ് ഗതാഗത നിയന്ത്രണം. ഏഴുപതിറ്റാണ്ടോളം നഗരത്തിന്റെ മുഖമുദ്രയായിരുന്ന ഇവിടെ നടൻ പ്രേംനസീർ ഉൾപ്പടെയുളള പ്രമുഖർ സന്ദർശിച്ചിട്ടുണ്ട്. നഗരത്തിലെ വിശ്രമ ഇടമായിരുന്ന ഇവിടെയുളള മുറികളിലാണ് രാഷ്ട്രീയ ചർച്ചകൾക്കു വേദിയായത്, സുഹൃദ് സംഗമങ്ങൾക്കും.
1956-ൽ നിർമ്മിച്ചതാണ് ഈ ഷോപ്പിംഗ് സമുച്ചയം. കോട്ടയം നഗരസഭ ചെയർമാനായിരുന്ന കെ.എൻ ശ്രീനിവാസ അയ്യരുടെ ആശയമായിരുന്നു നഗരസഭ മന്ദിരത്തിനു സമീപമായി പണിത ഷോപ്പിംഗ് സമുച്ചയം. സംസ്ഥാനത്തെ തന്നെ ഏറ്റവും വലിയ വ്യാപാര സമുച്ചയവും സ്റ്റാന്റുമായിരുന്നു തിരുനക്കര സ്റ്റാന്റ്. നാഗമ്പടത്ത് പുതിയ സ്റ്റാന്റ് ആരംഭിച്ചപ്പോഴും ഇതുവഴിയാണ് ബസുകൾ കയറി പോയിരുന്നത്. ഹൈക്കോടതി വിധിയെ തുടർന്ന് ഒരു വർഷം മുമ്പാണ് 52 വ്യാപാരികളെ ഒഴിപ്പിച്ചത്. തുടർന്നും കെട്ടിടം പൊളിക്കൽ നീണ്ടുപോയി.ഒരു മാസം മുമ്പ് കെട്ടിടത്തിലെ ഷെഡ്ഡുകളും വാതിലുകളും മറ്റും നീക്കിയിരുന്നു. ഇനി കെട്ടിടം പൊളിച്ചുമാറ്റുകയാണ്. നഗരത്തിലെ തിരുനക്കര ക്ഷേത്രത്തിനു മുന്നിലുളള സമുച്ചയം പൊളിക്കുന്നതോടെ ഒരു കാലഘട്ടമാണ് വിസ്മൃതിയിലേക്ക് മറയുന്നത്.
പൊളിച്ചു നീക്കുന്നതിന്റെ ഭാഗമായി 10 ദിവസത്തേക്ക് ഗതാഗതത്തിന് പുതിയ നിയന്ത്രണം ഏർപ്പെടുത്തിയതായി ഡിവൈ.എസ്.പി കെ.ജി. അനീഷ് അറിയിച്ചു. ബസ് സ്റ്റാന്റിന് മുൻഭാഗത്ത് കൂടിയുള്ള വാഹന ഗതാഗതവും കാൽനടയാത്രയും വെള്ളിയാഴ്ച വൈകുന്നേരം മുതൽ നിരോധിച്ചു. സമുച്ചയം പൊളിക്കുന്നതിന്റെ അവശിഷ്ടങ്ങൾ താഴേക്ക് പതിച്ച സാഹചര്യത്തിലാണ് പോലീസിന്റെ നടപടി.പുതിയ ഗതാഗത നിയന്ത്രണത്തിന്റെ ഭാഗമായി പുളിമൂട് ജംഗ്ഷൻ മുതൽ വൺവേ സംവിധാനം ഏർപ്പെടുത്തി. കഴിഞ്ഞ ഓഗസ്റ്റ് മുതൽ മെഡിക്കൽ കോളജ്, ഇല്ലിക്കൽ ഭാഗത്തേക്കുള്ള സ്വകാര്യ ബസുകളടക്കം പൊളിക്കുന്ന ബസ് സ്റ്റാന്റിന് സമീപത്ത് നിന്നാണ് സർവീസ് നടത്തിയിരുന്നത്. അതേസമയം മുന്നറിയിപ്പില്ലാതെയാണ് ഗതാഗതം നിരോധിച്ചതെന്ന് നാട്ടുകാർ ആരോപിച്ചു. ഇല്ലിക്കൽ ഭാഗത്തേക്കുള്ള യാത്രാ ബസുകൾ പാലാമ്പടം ജംഗ്ഷനിൽ നിന്നാണ് സർവീസ് നടത്തുന്നത്.
മറ്റു വാഹനങ്ങളുടെ സർവ്വീസ് സംബന്ധിച്ചും അനിശ്ചിതത്വമാണ്. ഇതിനിടെ ബസ് സ്റ്റാന്റിന്റെ മുകളിലുള്ള ഭാഗം പൊളിച്ചാലുടൻ ഗതാഗതം പൂർവ്വസ്ഥിതിയിലാക്കാനാണ് പരിപാടി. ഷോപ്പിംഗ് കോംപ്ലക്സ് അടച്ചതോടെ സ്വകാര്യ ബസുകൾ ചുറ്റുമുളള റോഡിലാണ് ബസ് സ്റ്റോപ്പാക്കിയിരിക്കുന്നത്. കോംപ്ലക്സ് പൊളിച്ചുമാറ്റിയാലുടൻ പുതിയ ബഹുനില ഷോപ്പിംഗ് കോംപ്ലക്സിന്റെ നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്ന് കോട്ടയം നഗരസഭ വൈസ് ചെയർമാൻ ബി. ഗോപകുമാർ നേരത്തെ വ്യക്തമാക്കിയിരുന്നു. നഗരം നേരിടുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നായ പാർക്കിംഗ് പ്രശ്നത്തിനു കൂടി പരിഹാരം കാണുന്ന തരത്തിലാവും പുതിയ സമുച്ചയം വരിക. അണ്ടർഗ്രൗണ്ടിലും ഒന്നാം നിലയിലും രണ്ടു നിലയിൽ പാർക്കിംഗ് സൗകര്യം ഏർപ്പെടുത്തും. അണ്ടർഗ്രൗണ്ടും ഒന്നാം നിലയും കടമുറികൾക്കായും രണ്ടാം നില ഓഫീസ് സംവിധാനങ്ങൾക്കായും മൂന്നാം നിലയിൽ ആർട്ട് ഗാലറി, കൺവെൻഷൻ സെന്ററുകളും ആണ് ഉദ്ദേശിക്കുന്നത്. ഒരു നിലയിൽ തിയേറ്റർ വേണമെന്നും അഭിപ്രായമുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]