
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ന്യൂദല്‍ഹി- ലൈംഗിക പീഡനക്കേസില്‍ യൂത്ത് കോണ്‍ഗ്രസ്സ് അധ്യക്ഷന്‍ ബി വി ശ്രീനിവാസിന് സുപ്രീംകോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. നേരത്തെ അനുവദിച്ച ഇടക്കാല മുന്‍കൂര്‍ ജാമ്യം ജസ്റ്റിസുമാരായ ബിആര്‍ ഗവായ്, അരവിന്ദ് കുമാര്‍, പ്രശാന്ത് കുമാര്‍ മിശ്ര എന്നിവരടങ്ങിയ ബഞ്ച് ഇന്നലെ സ്ഥിരപ്പെടുത്തുകയായിരുന്നു. അന്വേഷണവുമായി ശ്രീനിവാസ് സഹകരിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതി നടപടി. കഴിഞ്ഞ മെയിലാണ് സുപ്രീം കോടതി ശ്രീനിവാസിന് ഇടക്കാല മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. ലൈംഗിക പീഡന ആരോപണത്തില്‍ അസം പോലീസാണ് ശ്രീനിവാസിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. തനിക്കെതിരെ ആരോപിക്കപ്പെട്ട കുറ്റങ്ങള്‍ കണ്ടെത്തുന്നതില്‍ പോലീസ് പരാജയപ്പെട്ടുവെന്ന് ശ്രീനിവാസ് ഹരജിയില്‍ അവകാശപ്പെട്ടിരുന്നു. ഛത്തീസ്ഗഡില്‍ നടന്നതായി പറയപ്പെടുന്ന ഒരു കുറ്റകൃത്യത്തെക്കുറിച്ച് അന്വേഷിക്കാനോ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാനോ അസം പോലീസിന് അധികാരമില്ലെന്നും ഹരജിയില്‍ വ്യക്തമാക്കിയിരുന്നു. മാര്‍ച്ച് 25 ന് റായ്പൂരിലെ മെയ്ഫെയര്‍ ഹോട്ടലില്‍ നടന്ന കോണ്‍ഗ്രസ്സ് പാര്‍ട്ടിയുടെ പ്ലീനറി സമ്മേളനത്തിനിടെ ഹോട്ടലിന്റെ കവാടത്തില്‍ ശ്രീനിവാസ് തന്റെ കൈകള്‍ പിടിച്ച് മര്‍ദിച്ചുവെന്നും മോശമായി പേരുമാറിയെന്നും ആരോപിച്ച് യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകയാണ് പരാതി നല്‍കിയിരുന്നത്.