
തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയനും ബിജെപിയും തമ്മിൽ വലിയ ബന്ധമുണ്ടെന്നും അന്തർധാര സജീവമാണെന്നും കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി കഴിഞ്ഞ 7 വർഷമായി നരേന്ദ്രമോദിയെന്നോ അമിത് ഷായെന്നോ മിണ്ടുന്നില്ല. ഇവർ തമ്മിലുള്ള അന്തർധാര സജീവമാണ്. ദേവഗൗഡ പറഞ്ഞത് വളരെ ശരിയാണെന്നാണ് കരുതുന്നതെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു. സിപിഎം-ബിജെപി ബന്ധം മറനീക്കി പുറത്ത് വരുന്നു. എല്ലാം രാഷ്ട്രീയ കച്ചവടത്തിന്റെ ഭാഗമാണ്. ഇത്രയും വലിയ വെളിപ്പെടുത്തലിൽ മുഖ്യമന്ത്രി മറുപടി പറയണം. എന്ത് കൊണ്ട് കെ കൃഷ്ണൻകുട്ടി മന്ത്രിയായി തുടരുന്നുവെന്ന ചോദ്യവും ചെന്നിത്തല ഉയർത്തി.
ദേശീയതലത്തിൽ ബിജെപിയുമായി സഖ്യം ചേരാൻ ജെഡിഎസിന് മുഖ്യമന്ത്രി പിണറായി വിജയൻ പൂർണസമ്മതം നൽകിയെന്ന് ജെഡിഎസ് അധ്യക്ഷനും മുൻ പ്രധാനമന്ത്രിയുമായ എച്ച് ഡി ദേവഗൗഡ നടത്തിയ പരാമർശമാണ് രാഷ്ട്രീയ കേരളത്തിൽ വലിയ ചർച്ചയായത്. ബിജെപി സഖ്യം ജെഡിഎസ്സിനെ രക്ഷിക്കാനാണെന്ന് തിരിച്ചറിഞ്ഞ സംസ്ഥാനഘടകവും ഈ നീക്കത്തിന് പിന്തുണ നൽകിയെന്നും ദേവഗൗഡ വ്യക്തമാക്കി. എന്നാൽ ദേവഗൗഡയുടെ പ്രസ്താവനയെ പൂർണമായും തള്ളി ജെഡിഎസ് സംസ്ഥാനഘടകം രംഗത്തെത്തി.
2006-ൽ കർണാടകത്തിൽ ജെഡിഎസ് – ബിജെപി സഖ്യസർക്കാരുണ്ടാവുകയും, അങ്ങനെ ദക്ഷിണേന്ത്യയിൽ ആദ്യമായി ബിജെപി അധികാരത്തിലെത്തുകയും ചെയ്തപ്പോൾ എൽഡിഎഫ് ജെഡിഎസിനെ കൂടെ നിർത്തിയതാണ്. പക്ഷേ അന്നത്തെ സാഹചര്യമല്ല ഇന്ന്. ദേശീയതലത്തിൽ മോദിയെ താഴെയിറക്കാൻ എൻഡിഎ ഇതരകക്ഷികൾ ഇന്ത്യ സഖ്യവുമായി മുന്നോട്ട് പോകുന്നു. അതിൽ ഇടം കിട്ടാതിരുന്ന ജെഡിഎസ്, കർണാടക തെരഞ്ഞെടുപ്പിലും തകർന്നടിഞ്ഞതോടെയാണ് നിലനിൽപ്പിനായി എൻഡിഎയുമായി കൈകോർത്തത്. ദേവഗൗഡയുടെ ഈ തീരുമാനത്തെ എതിർത്ത് ആദ്യം രംഗത്ത് വന്നത് കേരള, തമിഴ്നാട്, മഹാരാഷ്ട്ര ഘടകങ്ങളാണ്. പിന്നാലെ ഗൗഡയെ പരസ്യമായി തള്ളിപ്പറഞ്ഞ കർണാടക സംസ്ഥാന അധ്യക്ഷൻ സി എം ഇബ്രാഹിമിനെ പുറത്താക്കി ജെഡിഎസ്. എന്തുകൊണ്ട് ഇബ്രാഹിമിനെ പുറത്താക്കി എന്നതിന്റെ വിശദീകരണം നൽകവേയായിരുന്നു എൻഡിഎ സഖ്യത്തിന് പിണറായിയുടെ പൂർണ സമ്മതമെന്ന ദേവഗൗഡയുടെ പ്രസ്താവന.
Last Updated Oct 20, 2023, 2:50 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]