First Published Oct 20, 2023, 2:54 PM IST
കഴിഞ്ഞ കുറേ വർഷങ്ങളായി രാജ്യം കാത്തിരിക്കുന്ന അതിവേഗ ട്രെയിനായ റീജിയണൽ റാപ്പിഡ് ട്രാൻസിറ്റ് സിസ്റ്റം (ആർആർടിഎസ്) ട്രെയൻ പാളത്തിലൂടെ ഓടിത്തുടങ്ങി. ഇന്ന് സാഹിബാബാദിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ അതിവേഗ ട്രെയിൻ ഫ്ളാഗ് ഓഫ് ചെയ്തു. ശനിയാഴ്ച മുതൽ സാധാരണക്കാർക്ക് ഇതിൽ യാത്ര ചെയ്യാം. ഉദ്ഘാടനത്തിന് തൊട്ടുമുമ്പ് പേരുമാറ്റിയ രാജ്യത്തെ ഈ ആദ്യ മിനി ബുള്ളറ്റ് ട്രെയിൻ ഇനി ‘നമോ ഭാരത്’ എന്നാണ് അറിയപ്പെടുക. ദില്ലി-മീററ്റിന് ഇടയിലുള്ള ഈ റൂട്ടിൽ നിലവിൽ 17 കിലോമീറ്റർ മാത്രമേ ട്രെയിൻ ഓടുകയുള്ളൂ. സാഹിബാബാദിനും ദുഹായ്ക്കും ഇടയിൽ അഞ്ച് സ്റ്റേഷനുകള്‍ ഉണ്ടാകും. ഇതാ പുതിയ നമോ ഭാരത് അതിവേഗ ട്രെയിനുമായി ബന്ധപ്പെട്ട് അറിയേണ്ടതെല്ലാം.
വേഗത
നമോ ഭാരത് റാപ്പിഡ് റെയിലിന്റെ പരമാവധി വേഗത മണിക്കൂറിൽ 180 കിലോമീറ്റർ വരെയാണ്. നിലവിൽ ഇത് മണിക്കൂറിൽ 160 കിലോമീറ്റർ വേഗതയിൽ ആയിരിക്കും ഓടുക. ട്രെയിനിന്റെ ശരാശരി വേഗത മണിക്കൂറിൽ 100 കിലോമീറ്ററായിരിക്കും. നിലവിൽ ഇന്ത്യയിൽ ഏറ്റവും വേഗത്തിൽ ഓടുന്ന ട്രെയിനാണ് നമോ. നിലവിൽ മണിക്കൂറിൽ 130 കിലോമീറ്ററാണ് വന്ദേ ഭാരത് സ്പീഡിന്റെ പരമാവധി വേഗത. എന്നിരുന്നാലും, മണിക്കൂറിൽ 180 കിലോമീറ്റർ വേഗതയിൽ ഓടാവുന്ന തരത്തിലാണ് വന്ദേ ഭാരതും രൂപകൽപ്പന ചെയ്തിരിക്കുന്നത്.
ട്രെയിനിലെ പ്രത്യേക സൗകര്യങ്ങൾ എന്തൊക്കെ?
നമോ ഭാരത് ട്രെയിനിലെ യാത്ര വളരെ മനോഹരവും സുഖകരവുമായിരിക്കും. വിമാനത്തിൽ യാത്ര ചെയ്യുന്നത് പോലെയുള്ള അനുഭവം നൽകുന്ന നിരവധി സൗകര്യങ്ങൾ ഇവിടെയുണ്ട്. ട്രെയിനിൽ വൈഫൈ സൗകര്യം ഉണ്ടാകും. ട്രെയിൻ സീറ്റുകൾ വളരെ സൗകര്യപ്രദമാണ്. ബിസിനസ് ക്ലാസ് കോച്ചുകളിൽ ഭക്ഷണം വിതരണം ചെയ്യുന്ന യന്ത്രങ്ങളും സ്ഥാപിച്ചിട്ടുണ്ട്. യാത്രക്കാരുടെ സൗകര്യാർത്ഥം മാപ്പിന് പുറമെ മെട്രോ പോലെ ഓഡിയോ വീഡിയോ അനൗൺസ്മെന്റുകളും നടത്തും. പുറത്തെ കാഴ്ചകൾ നൽകുന്നതിനായി ഡബിൾ ഗ്ലേസ്ഡ്, ടെമ്പർഡ് പ്രൂഫ് വലിയ ഗ്ലാസ് വിൻഡോകൾ ഉണ്ട്. മെട്രോയിലേത് പോലെ സ്ത്രീകൾക്കായി ഒരു കോച്ച് സംവരണം ചെയ്തിട്ടുണ്ട്. ഭിന്നശേഷിക്കാര്‍ക്കുള്ള സൗകര്യങ്ങളും സ്റ്റേഷൻ മുതൽ ട്രെയിൻ വരെ പൂർണമായി ഉറപ്പാക്കിയിട്ടുണ്ട്.
“അദ്ദേഹത്തിന്റെ ആത്മാനുരാഗത്തിന് അതിരുകളില്ല!” നമോ ഭാരത് ട്രെയിൻ പേരിനെ പരിഹസിച്ച് കോണ്‍ഗ്രസ്!
സ്റ്റേഷനുകൾ
നിലവിൽ ട്രെയിൻ അഞ്ച് സ്റ്റേഷനുകളിലൂടെ ഈ ട്രെയൻ സഞ്ചരിക്കും. സാഹിബാദ, ഗാസിയാബാദ്, ഗുൽധാർ, ദുഹായ്, ദുഹായ് ഡിപ്പോ സ്റ്റേഷനുകൾ ഇതിൽ ഉൾപ്പെടുന്നു. ഡൽഹി മുതൽ മീററ്റ് വരെ ആകെ 25 സ്റ്റേഷനുകൾ ഉണ്ടാകും, അതിൽ നാലെണ്ണം ഭൂഗർഭ സ്റ്റേഷനുകളാണ്. സരായ് കാലേ ഖാൻ, ന്യൂ അശോക് നഗർ, ആനന്ദ് വിഹാർ, ജംഗ്പുര, സാഹിബാബാദ്, ഗാസിയാബാദ്, ഗുൽധർ, ദുഹായ്, ദുഹായ് ഡിപ്പോ, മുറാദ്നഗർ, മോദിനഗർ സൗത്ത്, മോദിനഗർ നോർത്ത്, മീററ്റ് സൗത്ത്, പർതാപൂർ, റിതാനി, ശതാബ്ദിനഗർ, ബ്രഹ്മപുരി, മീററ്റ് സെൻട്രൽ, ഭൈൻസലി, ബേഗംപുൾ, എംഇഎസ് കോളനി, ദൗരാല മെട്രോ, മീററ്റ് നോർത്ത്, മോദിപുരം, മോദിപുരം ഡിപ്പോ തുടങ്ങിയവയാണ് സ്റ്റേഷനുകള്‍.
നിരക്കും കുറവ്
രാജ്യത്തെ ഏറ്റവും വേഗതയേറിയതും ഹൈടെക് ട്രെയിനിലെ നിരക്കും വളരെ കുറവാണ്. സ്റ്റാൻഡേർഡ്, പ്രീമിയം എന്നിങ്ങനെ രണ്ട് തരം കോച്ചുകളാണ് ട്രെയിനിൽ സ്ഥാപിച്ചിരിക്കുന്നത്. രണ്ട് ക്ലാസുകൾക്കും നിരക്കും വ്യത്യസ്തമാണ്. സ്റ്റാൻഡേർഡ് കോച്ചിലെ നിരക്ക് കുറഞ്ഞത് 20 രൂപ മുതൽ പരമാവധി 50 രൂപ വരെയാണ്. ഉദാഹരണത്തിന്, ഷാഹിബാബാദിൽ നിന്ന് ഗുൽദാറിലേക്കോ ഗാസിയാബാദിൽ നിന്ന് ഗുൽദാറിലേക്കോ പോകാൻ നിങ്ങൾ 20 രൂപ നൽകിയാല് മതി. സാഹിബാബാദിൽ നിന്ന് ദുഹായ് ഡിപ്പോയിലേക്ക് പോകുന്നതിന് നിരക്ക് 50 രൂപ ആയിരിക്കും. അതേസമയം, പ്രീമിയം ക്ലാസിൽ കുറഞ്ഞ നിരക്ക് 40 രൂപയും കൂടിയ നിരക്ക് 100 രൂപയുമാണ്.
ഡൽഹി-മീററ്റ് യാത്ര 55 മിനിറ്റ്
ഡൽഹിയിൽ നിന്ന് മീററ്റിലേക്കുള്ള ട്രെയിൻ 2025 ഓടെ ഓടുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് പൂർത്തിയാകുന്നതോടെ രണ്ട് നഗരങ്ങൾക്കിടയിലുള്ള യാത്ര വെറും 55 മിനിറ്റിനുള്ളിൽ സാധ്യമാകും. നിലവിൽ റോഡ് മാർഗം മീററ്റിലെത്തുന്നത് ദുഷ്കരമായതിനാൽ പലപ്പോഴും ഗതാഗതക്കുരുക്ക് നേരിടേണ്ടിവരുന്നു. സാധാരണ ട്രെയിൻ ഡൽഹി-മീററ്റ് ഇടയിൽ 2-3 മണിക്കൂർ എടുക്കും.
പ്രതിദിനം എട്ടുലക്ഷം യാത്രികര്‍
എൻസിആർടിസിയുടെ കണക്കനുസരിച്ച്, മുഴുവൻ റെയില്‍ ഇടനാഴിയും തുറന്ന ശേഷം, പ്രതിദിനം എട്ടു ലക്ഷം ആളുകൾ ഈ വഴി യാത്ര ചെയ്യും. ഇത്തരമൊരു സാഹചര്യത്തിൽ പ്രതിവർഷം 2.5 ലക്ഷം ടൺ കാർബൺ ബഹിർഗമനം കുറയും.
Last Updated Oct 20, 2023, 3:07 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]