ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന 15-ാം നിയമസഭയിലെ 14-ാം സമ്മേളനത്തിന്റെ ആദ്യ ദിവസം പ്രതിപക്ഷ എംഎല്‍എ റോജി എം ജോണിന്റെ പൊലീസ് അതിക്രമങ്ങൾക്കെതിരെയുള്ള അടിയന്തിരപ്രമേയാവതരണം തുടങ്ങുന്നത് തന്നെ 1977 മാര്‍ച്ച് 30 ന് പിണറായി വിജയന് കേരള നിയമസഭയില്‍ നടത്തിയ വൈകാരിക പ്രസംഗത്തിലെ ചില ഭാഗങ്ങൾ അവതരിപ്പിച്ചു കൊണ്ടായിരുന്നു. അതിങ്ങനെയാണ് ”അവര്‍ രണ്ടുപേര്‍ ആദ്യ റൗണ്ട് അടിച്ചു.
സിഐ അടക്കമുള്ള മൂന്ന് പൊലീസുകാര്‍ പിന്നീട് കടന്നുവന്നു. അങ്ങനെ അഞ്ചായി.
അഞ്ചാളുകൾ ഇട്ടു തല്ലുകയാണ്. എല്ലാ രീതിയിലും തല്ലി.
പല പ്രാവശ്യം വീണു. പല പ്രാവശ്യം എണീറ്റു.
അവസാനം എണീക്കാന്‍ വയ്യാത്ത അവസ്ഥയായി. പൂര്‍ണമായും വീണു.
എഴുന്നേല്ക്കാന് പറ്റാതായതോടുകൂടി അവര്‍ എല്ലാവരും മാറിമാറി ദേഹത്ത് ചവിട്ടി. അവര്‍ ക്ഷീണിക്കുന്നതുവരെ തല്ലി.
10-15 മിനുട്ട്. എന്നിട്ടവര്‍ പോയി”.
താന്‍ നേരിട്ട കസ്റ്റഡി മര്‍ദനത്തെ പറ്റി നിയമസഭയില്‍ വിവരിച്ചതിന് ശേഷം അന്നത്തെ ആഭ്യന്തര വകുപ്പ് മന്ത്രിയായിരുന്ന കരുണാകരനോട് പിണറായി ഒരു ചോദ്യം ഉന്നയിച്ചു.
കേരളത്തിലെ പൊലീസിനെ ഇനിയും ഇങ്ങനെ കയറൂരി വിടാനാണോ നിങ്ങളുടെ തീരുമാനം? എന്നായിരുന്നു ആ ചോദ്യം. 48 വര്‍ഷത്തിന് ശേഷം കേരള നിയമസഭയിൽ ആ ചോദ്യം വീണ്ടും പിണറായി വിജയന് എന്ന ആഭ്യന്തര മന്ത്രിയുടെ തലയ്ക്ക് മുകളില്‍ വന്ന് നില്‍ക്കുകയാണ്.
കുന്നംകുളം കസ്റ്റഡി മര്‍ദനത്തില്‍ നടപടി ആവശ്യപ്പെട്ടുകൊണ്ട് പ്രതിപക്ഷം അവതരിപ്പിച്ച അടിയന്തര പ്രമേയത്തില്‍ റോജി എം ജോണ്‍ 48 വര്‍ഷം മുമ്പ് അന്നത്തെ യുവ എംഎൽഎ ആയിരുന്ന പിണറായി വിജയൻ കരുണാകരനോട് ചോദിച്ച ചോദ്യം തിരിച്ച് ചോദിക്കുന്ന കാഴ്ചയ്ക്കാണ് കേരളം കണ്ടത്. ഇവിടെ രാഷ്ട്രീയ കക്ഷികളോ വ്യക്തികളോ അല്ല മറിച്ച് ഒരു സിസ്റ്റം ഉത്തരമില്ലാതെ തലകുനിച്ച് നില്‍ക്കുകയാണ്.
2023 ല്‍ തൃശ്ശൂര്‍ കുന്നംകുളത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകനെ പൊലീസ് കസ്റ്റഡിയില്‍ ക്രൂരമായി മര്‍ദിക്കുന്നതിന്റെ, ഇടിച്ച് പിഴിയുന്നതിന്റെ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്നിരുന്നു. ഇതോടെയാണ് നിയമസഭയിലടക്കം വിഷയം ചര്‍ച്ചയായത്.
രണ്ട് വര്‍ഷത്തെ നീണ്ട പോരാട്ടത്തിന് ശേഷമാണ് മര്‍ദനത്തിന്റെ സിസിടിവി ദൃശ്യങ്ങൾ സുജിത്തിന് ലഭിച്ചത്.
അതിന് പിന്നാലെ കേരളാ പൊലീസിനെതിരെ പുറത്തു വന്നുകൊണ്ടിരിക്കുന്നത് അടിച്ചും ഇടിച്ചും പേടിപ്പിച്ചും ഒതുക്കുന്നതിന്റെ കഥകളാണ്. രാഷ്ട്രീയ കക്ഷിഭേദമന്യേ പൊലീസ് മര്‍ദനം ഏറ്റവര്‍ അനുഭവം തുറന്നു പറയുന്നുണ്ട്.
ഇടതു പക്ഷവും വലതുപക്ഷവും മാറിമാറി ഭരിച്ചുകൊണ്ടിരുന്ന കേരളത്തില്‍ പൊലീസിനെതിരായ ആരോപണങ്ങൾ ഇതാദ്യമായല്ല. ഗുരുതരമായ മര്‍ദനങ്ങളുടേയും കസ്റ്റഡി കൊലപാതകങ്ങളുടേയും മനസ്സുമടുപ്പിക്കുന്ന ചരിത്രം നമുക്ക് മുന്നിലുണ്ട്.
എന്നാല്‍ ഇതിനൊരവസാനമില്ല എന്നതാണ് നമ്മുടെ മുന്നില്‍ വന്നുനില്ക്കുന്ന റിപ്പോര്‍ട്ടുകൾ വ്യക്തമാക്കുന്നത്. പോലീസ് അതിക്രമങ്ങളും അത് നിയമസഭയിലും കേരള രാഷ്ട്രീയത്തിലും ഏറെ ചലനങ്ങൾ ഉണ്ടാക്കിയ സംഭവങ്ങളും നിരവധിയാണ്.
കേരളത്തിലെ ആദ്യ മന്ത്രിസഭയായ ഇഎംഎസ് മന്ത്രിസഭയുടെ അന്ത്യം കുറിച്ച വിമോചന സമരത്തെ ആളികത്തിച്ച രണ്ടു മുദ്രാവാക്യങ്ങളിലും പൊലീസ് അതിക്രമങ്ങളുടെ ചോരപ്പാടുകൾ കാണാം. “അങ്കമാലി കല്ലറയിൽ ഞങ്ങളുടെ സോദരങ്ങളാണെങ്കിൽ ആ കല്ലറയാണെ പകരം ഞങ്ങൾ ചോദിക്കും” എന്ന മുദ്രാവാക്യത്തിന് പിന്നിൽ പൊലീസ് വെടിവെപ്പിൽ മരിച്ചു പോയ അങ്കമാലിയിലെ 7 ജീവനുകൾ ഉണ്ടായിരുന്നു.
മറ്റൊന്ന് ചെറിയ തുറയിലുണ്ടായ ഫ്ലോറി എന്ന ഗർഭിണിയെ വെടിവെച്ചു കൊന്നതാണ്. “തെക്കു തെക്കൊരു ദേശത്ത് തിരമാലകളുടെ ദേശത്ത് ഫ്ലോറി എന്നൊരു ഗർഭിണിയെ ഭർത്താവില്ല നേരത്ത് ചുട്ടു കരിച്ചൊരു സർക്കാരെ ഞങ്ങടെ നെഞ്ചിലെ ചോരക്ക് നിങ്ങടെ കൊടിയുടെ നിറമാണേൽ ആ ചെങ്കൊടിയാണെ കട്ടായം പകരം ഞങ്ങൾ ചോദിക്കും” ഇതൊക്കെയായിരുന്നു വിമോചന സമരകാലത്തെ ആളിക്കത്തിച്ച മുദ്രാവാക്യങ്ങൾ.
ഇതിനെയൊക്കെ തുടർന്നാണ് നെഹ്റുവിന്റെ എതിർപ്പുണ്ടായിട്ടുകൂടി അന്നത്തെ എഐസിസി പ്രസിഡന്റായിരുന്ന ഇന്ദിര ഗാന്ധിയുടെ നിർദേശപ്രകാരം സംസ്ഥാനത്ത് ക്രമസമാധനനില തകർന്നുവെന്ന ഗവർണറുടെ റിപ്പോർട്ടിന്മേൽ രാഷ്ട്രപതി കേരളത്തിലെ തെരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ മന്ത്രിസഭ പിരിച്ചുവിടുന്നത്.
ഭരണകൂടത്തിന്റെ മർദനോപകരണം എന്ന നിലയിൽ നിന്നും കാക്കി ട്രൗസർ ഇട്ട കേരള പൊലീസ് രാജ്യത്തെ ഒന്നാമത്തെ പൊലീസ് സംവിധാനം എന്ന നിലയിലേക്ക് മാറിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി അവകാശപ്പെടുന്നുണ്ടെങ്കിലും, എത്രയെത്ര പൊലീസ് അതിക്രമങ്ങൾ ഒളിഞ്ഞും തെളിഞ്ഞും കേരളത്തിൽ നടന്നിരിക്കുന്നു.
അടിയന്തരാവസ്ഥയിൽ പൊലീസ് നടത്തിയ നരവേട്ട സമാനതകളില്ലാത്തതാണ്.
ഇന്നും ആ മർദനത്തിന്റെ ബാക്കിപത്രമായി ജീവിച്ചിരിക്കുന്ന രക്തസാക്ഷികൾ കേരളത്തിലുണ്ട്. അക്കാലത്ത് കേരളത്തിലെ അമ്മമാർക്ക് പൊലീസുകാരായ ജയറാം പടിക്കലും ലക്ഷ്മണയും പുലിക്കോടൻ നാരായണനുമെല്ലാം ചോറ് കഴിക്കാത്ത കുട്ടികളെ പേടിപ്പിക്കാനുള്ള പേരുകൾ കൂടിയായിരുന്നു.
കേരളത്തിൽ പൊലീസ് ഭീകരത ഏറ്റവും ക്രൂരമായി അടയാളപ്പെടുത്തിയ കാലം എന്നത് അടിയന്തിരാവസ്ഥക്കാലം തന്നെയായിരുന്നു. കക്കയം ക്യാമ്പിലെ രാജൻ എന്ന എഞ്ചിനീയറിംഗ് വിദ്യാർത്ഥിയുടെ കൊലപാതകവും അതിനു ശേഷം രാജന്റെ പിതാവ് ഈച്ചര വാര്യർ നടത്തിയ നിയമ പോരാട്ടങ്ങളും കേരള ചരിത്രത്തിൽ ഇടം പിടിച്ചതാണ്.
എന്നാൽ അടിയന്തരാവസ്ഥ കഴിഞ്ഞു നടന്ന പൊതു തെരഞ്ഞെടുപ്പിൽ, സാക്ഷാൽ ഇന്ദിര ഗാന്ധി വരെ പരാജയപ്പെട്ടപ്പോൾ, കോൺഗ്രസിന് 19 സീറ്റ് നൽകി അടിയന്തിരാവസ്ഥയോട് പ്രതികരിച്ച നാട് കൂടിയാണ് കേരളം. കേരളത്തിലെ പൊലീസ് അതിക്രമങ്ങളുടെ ചരിത്രം ഇപ്പോൾ സിനിമകളുടെ ഇതിവൃത്തമായി വന്നിരിക്കുന്ന ഒരു കാലം കൂടിയാണ്, ( നരിവേട്ട, തങ്കമണി, മാലിക്) മാത്രമല്ല, നിരവധി പൊലീസ് കഥകൾ മുഖ്യധാര സിനിമയുടെ പ്രമേയങ്ങൾ കൂടിയാവുന്ന സിനിമ വർഷങ്ങളുടെ കാലത്ത് നിന്നു കൂടിയാണ് നമ്മൾ ഈ പ്രശ്നങ്ങളെ നോക്കി കാണുന്നത് എന്നതും ശ്രദ്ധേയമാണ്.
ഇപ്പോൾ പൊലീസ് അതിക്രമങ്ങൾ ചർച്ചയായപ്പോൾ മുത്തങ്ങ ശിവഗിരി പൊലീസ് അതിക്രമങ്ങളെ കുറിച്ച് അന്നത്തെ മുഖ്യമന്ത്രി ആയിരുന്ന എ കെ ആന്റണി നീണ്ട മൗനം വെടിഞ്ഞു വാർത്താസമ്മേളനം നടത്തുമ്പോൾ, ഒരു തലമുറ മുഴുവൻ മുത്തങ്ങ സംഭവത്തെ റഫറൻസ് ആയി എടുക്കേണ്ടി വരുന്നത് ആ സംഭവം പ്രമേയമായ ഒരു സിനിമയെ തന്നെയാണ്.
അതുകൊണ്ട് തന്നെയാണ് സി കെ ജാനുവിന് ആ സിനിമ ചരിത്രത്തോട് നീതി പുലർത്തിയില്ല എന്ന് വിമർശനം ഉന്നയിക്കേണ്ടി വരുന്നതും. വിവിധ പൊലീസ് പരിഷ്കാരങ്ങൾക്കൊടുവിലും ഇപ്പോൾ 2025 ല്‍ എത്തി നിൽക്കുമ്പോഴും മനുഷ്യാവകാശ വിരുദ്ധ പ്രവർത്തനങ്ങളുടെ കൂത്തരങ്ങുകൾ ആവുകയാണ് പൊലീസ് സ്റ്റേഷനുകൾ എന്ന് പറയാതെ വയ്യ.
ജനമൈത്രി പൊലീസിന്റെ പ്രവർത്തങ്ങളുടെ അടിസ്ഥാനത്തിൽ, ഇത്തരത്തിൽ ഒറ്റപെട്ട സംഭവങ്ങളുടെ ദൃശ്യാവിഷ്കാരങ്ങൾ ഒന്നിനു പുറകെ ഒന്നായി വന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് നിയമസഭയിലും പൊതു സമൂഹത്തിലും ഈ ചർച്ചകളൊക്കെ നടക്കുന്നത്.
പ്രതിപക്ഷം നിയമസഭയില്‍ ഉന്നയിച്ച ചോദ്യങ്ങൾക്ക് കേരളത്തിന്റെ ആഭ്യന്തര മന്ത്രി എന്ന നിലയില്‍ പിണറായി വിജയന് നല്കിയ മറുപടി ജനങ്ങൾക്ക് പൂര്‍ണമായും അംഗീകരിക്കാന്‍ സാധിക്കുന്നതല്ല. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പ്രകടന പത്രികയിലെ വാഗ്ദാനം എന്നത് പൊലീസ് ജനങ്ങളോട് മര്യാദയോടുകൂടി പെരുമാറുമെന്നും ലോക്കപ്പുകളില്‍ മനുഷ്യാവകാശ ദ്വംസനം നടക്കില്ലെന്നുമായിരുന്നു.
ആ വാഗ്ധാനം ഉറപ്പു വരുത്താന്‍ ഉത്തരവാദിത്തപ്പെട്ട ആഭ്യന്തര മന്ത്രിയുടെ കസ്റ്റഡി മര്ദനത്തിലുള്ള മറുപടിയിൽ കൃത്യതക്കുറവുണ്ട്.
അടിയന്തര പ്രമേയത്തിന് മറുപടി നല്‍കിക്കൊണ്ട് പിണറായി വിജയന് നടത്തിയ പ്രസംഗം പൊലീസ് അതിക്രമങ്ങളുടെ ഒരു കേരള സ്റ്റോറി തന്നെയായിരുന്നു എന്ന കാര്യത്തിൽ തർക്കമില്ല. വാഗന് ട്രാജഡി മുതല്‍ കയ്യൂര്‍ കരുവന്നൂര്‍ കര്‍ഷക സമരം തൊട്ട് കടക്കല്‍, കല്ലട, പാങ്ങോട് സമരം ഉൾപ്പെടെയുള്ള കാര്യങ്ങളും കമ്മ്യൂണിസ്റ്റുകാര്‍ നേരിട്ട
പൊലീസ് അതിക്രമങ്ങളും എല്ലാം വിവരിച്ചു. എന്നാല്‍ കണ്ണൂരിലെ കുട്ടിമാക്കൂലില്‍ പട്ടികജാതിക്കാരായ രണ്ട് സഹോദരിമാരെ കൈക്കുഞ്ഞുമായി ജയിലില്‍ അടച്ചുകൊണ്ട് തുടങ്ങിയ പൊലീസ് ഭരണമാണ് ഈ സര്‍ക്കാരിന്റേത് എന്ന് മാത്രം അഭ്യന്തരം കയ്യാളുന്ന ബഹുമാനപ്പെട്ട
മുഖ്യമന്ത്രി പറയാൻ മറന്നു. പൊലീസുകാരുടെ അതിക്രമങ്ങളെ പറ്റി എന്തെങ്കിലും ആരോപണങ്ങൾ ഉണ്ടായിട്ടുണ്ടോ അന്നൊക്കെ പൊലീസിന്റെ മനോവീര്യം തകര്‍ക്കരുത് എന്ന് പരിചയുമായി മുഖ്യമന്ത്രി പ്രതിരോധം തീര്‍ത്തിട്ടുണ്ട്.
ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് കേരളത്തില്‍ 11 കസ്റ്റഡി മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്, രണ്ടാം ഭരണത്തില്‍ ഇതുവരെ 6 മരണങ്ങളും. മരണങ്ങളെന്ന് പറയുന്നതിനേക്കാൾ കസ്റ്റഡി കൊലപാതകങ്ങൾ എന്നു പറയുന്നതാവും അനുയോജ്യം.
കൂടാതെ ഈ കാലയളവിൽ തന്നെ മാവോയിസ്റ്റുകൾക്കെതിരെ 10 ഏറ്റുമുട്ടൽ കൊലപാതകങ്ങളും ഒരു ഇടതുപക്ഷ സർക്കാരിൽ നിന്നും ഉണ്ടായിയെന്നത് ഏറെ വിചിത്രമാണ്. എന്നാൽ ഈ കണക്കുകൾക്ക് എല്ലാം മുമ്പില്‍ കുറ്റാന്വേഷണ മികവില്‍ കേരളം ഒന്നാമതാണെന്ന മുടന്തന്‍ ന്യായം പറഞ്ഞ് മുഖ്യമന്ത്രിക്കും സിപിഎം എന്ന പാർട്ടിക്കും ഇനിയും പിടിച്ചുനില്ക്കാന് സാധിക്കില്ല.
പൊലീസുകരെ പിരിച്ചുവിട്ട കണക്കുകളും പൊതുവല്ക്കരണമെന്ന പഴിചാരലുകളും ഒരു സിസ്റ്റത്തിന്റെ അപചയത്തിനെതിരെ വരുന്ന വിമര്‍ശനങ്ങളെ തടയാനുള്ള പരിചയാവില്ല.
കേരള പൊലീസ് നിയമത്തിലെ സെക്ഷന്‍ 86(1)(C) യില്‍ പറയുന്നത് No person shall be eligible for appointment as a police officer or shall have the right to continue in employment as a police officer if that person is found mentally, physically or behaviourally unfit for carrying out the duties of police എന്നാണ്. കേരള പോലീസ് മാനുവലിലെ അച്ചടക്ക നടപടികൾ എന്നത് ഒരു അർദ്ധ ജുഡീഷ്യൽ നടപടിക്രങ്ങൾ തന്നെയാണ്.
എന്നാൽ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയുടെ കൈയ്യിൽ തൊടാതെ ഒരു അച്ചടക്ക നടപടികളും പൊലീസ് ഹെഡ് ക്വാർട്ടേഴ്സിൽ നടക്കില്ല എന്ന യാഥാർഥ്യം പൊലീസിലും സർക്കാർ വൃത്തങ്ങളിലും ഏറെ പരസ്യമായ സത്യം ആണ്. അച്ചടക്ക നടപടി പൂർത്തിയാവാതെ പ്രൊമോഷൻ സാധ്യമല്ല എന്ന ചട്ടം നിലനിൽക്കേ, എങ്ങിനെയാണ് പീച്ചി പൊലീസ് സ്റ്റേഷനിലെ അക്രമങ്ങൾക്ക് നേതൃത്വം നൽകിയ SIരതീഷിന് സർക്കിൾ ഇൻസ്പെക്ടർ ആയി പ്രൊമോഷൻ ലഭിച്ചത് എന്ന് ഇപ്പോഴും ആർക്കും അറിയില്ല.
ഒരു തെരഞ്ഞെടുപ്പ് വർഷത്തിൽ പൊലീസ് അതിക്രമങ്ങൾ ചർച്ച ചെയ്യപ്പെടുന്നത് തീർച്ചയായും ഇടതുപക്ഷത്തിന് ഒട്ടും ഗുണകരമല്ല. മൂന്നാം തവണയും അധികാര തുടർച്ച എന്ന ഇടതുപക്ഷ മുന്നണിയുടെ അവകാശവാദങ്ങൾക്കുമേല്‍ ഏറ്റവും ചർച്ചയാവുന്ന വകുപ്പ് ആഭ്യന്തരമായിരിക്കും എന്ന കാര്യത്തിലും തർക്കമില്ല.എന്നാൽ ഈ ചർച്ചകൾ പൊലീസിങ്ങിന്റെ ഗുണപരമായ പരിഷ്കാരങ്ങൾക്ക് ഒരു കാരണമാകുന്നില്ല എന്നതും ശ്രദ്ധേയമാണ്.
അതിനോടൊപ്പം തന്നെ പൊലീസ് സേനയിൽ നിന്നും ആളുകൾ പിരിഞ്ഞു പോകുന്നതും, സമ്മർദ്ദം താങ്ങാനാകാതെ ആത്മഹത്യാ നിരക്ക് കൂടുന്നതും എല്ലാം ചർച്ചകളിൽ ഇടം പിടിച്ച് ഒരു ആരോഗ്യകരമായ ഒരു പൊലീസ് സംവിധാനം നിലവിൽ വരാനുള്ള രീതിയിലേക്ക് കൂടി ഈ ചർച്ചകൾ വഴിവെക്കണം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]