തിരുവനന്തപുരം: സംസ്ഥാന സർക്കാരിൻ്റെ നേതൃത്വത്തിൽ ദേവസ്വം ബോർഡ് സംഘടിപ്പിച്ച ആഗോള അയ്യപ്പ സംഗമം ദയനീയമായി പരാജയപ്പെട്ടെന്ന് കെപിസിസി വിലയിരുത്തൽ. യുഡിഎഫും കോൺഗ്രസും സ്വീകരിച്ച നിലപാടിനെ വിശ്വാസി സമൂഹം ഇരു കൈയും നീട്ടി സ്വീകരിച്ചു.
കേരള ബിജെപിയുടെ മുഖത്തേറ്റ അടിയാണ് യോഗി ആദിത്യ നാഥിന്റെ അദൃശ്യ സാന്നിധ്യമെന്നും കെ പി സി സി വർക്കിങ് പ്രസിഡന്റ് എ പി അനിൽ കുമാർ വിമർശിച്ചു. ശബരിമലയെ സ്ഥിരം വിവാദകേന്ദ്രമായി നിലനിർത്താനും, വികസനമെന്ന പേരിൽ തങ്ങളുടെ കച്ചവട
താൽപ്പര്യം സംരക്ഷിക്കാനും ഏതാനും പേർ ചേർന്നു നടത്തിയ തട്ടിപ്പാണ് ആഗോള അയ്യപ്പ സംഗമമെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഇത് തള്ളിക്കളഞ്ഞ വിശ്വാസി സമൂഹത്തെ ആദരവോടെ അഭിനന്ദിക്കുന്നു.
അയ്യപ്പ സംഗമത്തിന് ബദൽ സംഗമം പ്രഖ്യാപിച്ച കേരളാ ബിജെപിയുടെ മുഖത്തേറ്റ അടിയാണ് അയ്യപ്പ സംഗമത്തിലെ യോഗി ആദിത്യനാഥിന്റെ അദൃശ്യ സാന്നിദ്ധ്യം. സുപ്രധാന വിഷയങ്ങളിൽ കേരളാ ബിജെപി യുടെ നിലപാടുകളെ ബിജെപി കേന്ദ്ര നേതൃത്വം അവജ്ഞയോടെ തള്ളുന്നത് ആദ്യ സംഭവമല്ല.
സംസ്ഥാനത്ത് സിപിഎമ്മും ബിജെപി കേന്ദ്ര നേതൃത്വവും തമ്മിലുള്ള രഹസ്യ ബാന്ധവം അരക്കിട്ടുറപ്പിക്കുന്നതായിരുന്നു ആഗോള അയ്യപ്പ സംഗമം. തീവ്ര വർഗീയതയും ന്യൂനപക്ഷ ഉന്മൂലന സിദ്ധാന്തങ്ങളും കൊണ്ട് കുപ്രസിദ്ധി നേടിയ യോഗി ആദിത്യനാഥ്, വരുംകാലങ്ങളിൽ ബിജെപിയുടെ രാഷ്ട്രീയ മുഖം കൂടിയാണ്.
ന്യൂനപക്ഷ വിഭാഗങ്ങളെ ഇല്ലായ്മ ചെയ്യാനുള്ള സംഘ പരിവാർ അജണ്ട സമർത്ഥമായി നടപ്പാക്കുന്ന യോഗിയുടെ ആശംസയെ പ്രശംസയായി കാണുന്ന സിപിഎം, ഈ സംസ്ഥാനത്തെ മതന്യൂനപക്ഷങ്ങളോടും, മതേതര വിശ്വാസികളോടും എന്താണ് പറയാൻ ഉദ്ദേശിക്കുന്നത്? പമ്പയെ കളങ്കപ്പെടുത്തും വിധം പിണറായി സ്തുതി നടത്തുകയും, കോൺഗ്രസിനെ ആക്ഷേപിക്കുകയും ചെയ്ത ചില സമുദായ നേതാക്കളുടെ രാഷ്ട്രീയ പ്രസ്താവനകളെ അർഹിക്കുന്ന അവജ്ഞയോടെ കേരളം തള്ളിക്കളയുമെന്ന് ഉറപ്പാണ്.
കോടികൾ ധൂർത്തടിച്ച് നടത്തിയ രാഷ്ട്രീയ അയ്യപ്പ സംഗമം അമ്പേ പരാജയപ്പെട്ടതിന്റെ ജാള്യത മറയ്ക്കാൻ കോൺഗ്രസിന്റെയും യുഡിഎഫിന്റെയും മേൽ കുതിര കയറാൻ ആരും വരേണ്ടതില്ലെന്ന് അവരെ ഓർമ്മിപ്പിക്കുന്നു.ഉചിതമായ സമയത്ത് ഉചിതമായ തീരുമാനങ്ങളെടുക്കാൻ കെൽപുള്ളതാണ് യുഡിഎഫിന്റെയും കോൺഗ്രസിന്റെയും നേതൃത്വം. ശബരിമലയെ രാഷ്ട്രീയ ഗിമ്മിക്കുകളുടെ വേദിയാക്കാനുള്ള ശ്രമം വിശ്വാസികൾ അംഗീകരിക്കില്ലെന്ന് ഒരിക്കൽ കൂടി തെളിഞ്ഞു.
പരാജയങ്ങളിൽ നിന്ന് പരാജയങ്ങളിലേക്ക് കൂപ്പുകുത്തുന്ന ഈ സർക്കാരിന്റെ ശവപ്പെട്ടിയിലെ അവസാനത്തെ ആണിയാണ് അയ്യപ്പ സംഗമം എന്ന തട്ടിക്കൂട്ട് പരിപാടി. ശബരിമലയെ ചൂഴ്ന്നു നിൽക്കുന്ന സ്വർണ്ണപ്പാളി വിഷയം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ഈ സർക്കാർ മറുപടി പറയേണ്ടിവരുമെന്നും എ പി അനിൽകുമാർ പറഞ്ഞു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]