കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനം നടത്തിയതിൽ മാദ്ധ്യമപ്രവർത്തകർ കേരളത്തിലെ പ്രതിപക്ഷത്തോടാണ് നന്ദി പറയേണ്ടതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. എന്തുകൊണ്ടാണ് മൗനം അവലംമ്പിക്കുന്നതെന്ന പ്രതിപക്ഷത്തിന്റെ നിരന്ത ചോദ്യങ്ങളെയും സമ്മർദ്ദത്തെയും തുടർന്നാണ് മാദ്ധ്യമ പ്രവർത്തകർക്ക് മുഖ്യമന്ത്രിയെ കാണാൻ സാധിച്ചതെന്നും വിഡി സതീശൻ വ്യക്തമാക്കി.
വിഡി സതീശന്റെ വാക്കുകളിലേക്ക്..
അവസാനം, ഒരുപാട് ദിവസങ്ങൾക്ക് ശേഷം മുഖ്യമന്ത്രി മാദ്ധ്യമങ്ങളെ കണ്ടു. ഇക്കാര്യത്തിൽ മാദ്ധ്യമ പ്രവർത്തകർ കേരളത്തിലെ പ്രതിപക്ഷത്തോടാണ് നന്ദി പറയേണ്ടത്. എന്തുകൊണ്ടാണ് മൗനം അവലംമ്പിക്കുന്നതെന്ന പ്രതിപക്ഷത്തിന്റെ നിരന്ത ചോദ്യങ്ങളെയും സമ്മർദ്ദത്തെയും തുടർന്നാണ് മാദ്ധ്യമ പ്രവർത്തകർക്ക് മുഖ്യമന്ത്രിയെ കാണാൻ സാധിച്ചത്. ഒരു മണിക്കൂർ നാൽപ്പത് മിനിട്ടായിരുന്നു പത്രസമ്മേളനം. അദ്യ 53 മിനിട്ടും സംസാരിച്ചത് മാദ്ധ്യമങ്ങൾക്കെതിരെയാണ്. മാദ്ധ്യമങ്ങൾക്കെതിരെ ഒരു കേസുണ്ടാക്കി അദ്ദേഹം തന്നെ വിചാരണ നടത്തി അദ്ദേഹം തന്നെ ശിക്ഷ വിധിച്ച് തൂക്കിക്കൊല്ലാൻ തീരുമാനിച്ചിരിക്കുകയാണ്. കേസെടുക്കുമെന്നും ഭീഷണിയുണ്ട്. വ്യാജ വാർത്തകൾ മാദ്ധ്യമങ്ങൾ പ്രചരിപ്പിക്കുന്നു എന്ന ആരോപണമാണ് മുഖ്യമന്ത്രി ഉന്നയിച്ചിരിക്കുന്നത്. വ്യാജ വാർത്തകൾ പ്രചരിപ്പിച്ചതിന് കേസെടുക്കണമെങ്കിൽ ആദ്യം കേസെടുക്കേണ്ടത് ദേശാഭിമാനി പത്രത്തിന് എതിരെയാണ്. കെ.എസ്.യു നേതാവ് അൻസിൽ ജലീൽ വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് ഉണ്ടാക്കിയെന്ന് വ്യാജ പ്രചരണം നടത്തിയത് ദേശാഭിമാനിയാണെന്ന് ഈ മുഖ്യമന്ത്രിയുടെ പൊലീസ് തന്നെയാണ് കോടതിയിൽ റിപ്പോർട്ട് നൽകിയത്.
ചാരക്കേസ് തുടങ്ങി വച്ചത് ഞങ്ങളാണെന്ന് അഭിമാനത്തോടെ പറഞ്ഞ പത്രവും ദേശാഭിമാനിയാണ്. ചാരക്കേസിന്റെ പേരിൽ കള്ളപ്രചരണമാണ് നടത്തിയതെന്ന് പിന്നീട് വ്യക്തമായി. മോൻസൺ മാവുങ്കലിന്റെ വ്യാജ ചെമ്പോലയ്ക്ക് ആധികാരികത ഉണ്ടാക്കിക്കൊടുത്ത പത്രവും ദേശാഭിമാനിയാണ്. മനോരമ ചീഫ് എഡിറ്റർ കെ.എം മാത്യുവിന്റെ പേരിൽ വ്യാജ കത്തുണ്ടാക്കി പ്രചരിപ്പിച്ച പത്രമാണ് ദേശാഭിമാനി. ആരുടെയൊക്കെയോ പുസ്തകം വായിച്ച മുഖ്യമന്ത്രി ബെർളിൻ കുഞ്ഞനന്തൻനായരുടെ പുസ്തകം കൂടി വായിക്കണം. അതിൽ മുഖ്യമന്ത്രിയെ കുറിച്ചും മുഖ്യമന്ത്രിയുടെ ഓഫീസിൽ ഇരിക്കുന്നവരെ കുറിച്ചും വ്യാജ വാർത്ത ചമച്ചവരെ കുറിച്ചും ബെർലിൻ കുഞ്ഞനന്തൻ നായരുടെ പുസ്തകത്തിൽ വളരെ വ്യക്തമായി പറയുന്നുണ്ട്.
യഥാർത്ഥ ചോദ്യങ്ങൾക്കൊന്നും മുഖ്യമന്ത്രി മറുപടി പറയുന്നില്ല. തൃശൂർ പൂരം കലക്കിയ സംഭവത്തിൽ 2024 ഏപ്രിൽ 21 നാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. ഒരാഴ്ചയ്ക്കകം റിപ്പോർട്ട് നൽകണമെന്നാണ് ആ ഉത്തരവിൽ മുഖ്യമന്ത്രി ആവശ്യപ്പെട്ടത്. അഞ്ച് മാസം കഴിഞ്ഞിട്ടും കഴിഞ്ഞ ആഴ്ച നീട്ടിക്കൊടുത്തെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. പൂരം കലക്കിയത് അന്വേഷിക്കാൻ അഞ്ച് മാസം വേണോ? ഒരാഴ്ചയ്ക്കകം റിപ്പോർട്ട് നൽകണമെന്ന് ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടും അഞ്ച് മാസം കഴിഞ്ഞിട്ടും റിപ്പോർട്ട് നൽകിയില്ലെങ്കിൽ എന്തിനാണ് മിസ്റ്റർ പിണറായി വിജയൻ നിങ്ങൾ ആ കസേരയിൽ ഇരിക്കുന്നത്? നിങ്ങൾ ആഭ്യന്തര വകുപ്പ് ഒഴിഞ്ഞു കൊടുക്ക്. നിങ്ങൾക്ക് പൊലീസിനെ നിയന്ത്രിക്കാൻ പറ്റില്ല. നിങ്ങൾ വിചാരിച്ചാൽ ഒരു റിപ്പോർട്ടും കിട്ടില്ല. തൃശൂർ പൂരം കലക്കിയത് അന്വേഷിച്ചാൽ മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ പ്രതികളാകും. ഒരു അന്വേഷണവും നടക്കുന്നില്ലെന്ന് സത്യസന്ധനായ ഉദ്യോഗസ്ഥൻ വിവരാവകാശ നിയമ പ്രകാരം മറുപടി നൽകിയപ്പോൾ അദ്ദേഹത്തെ ബലിയാടാക്കി സസ്പെൻഡ് ചെയ്തു. ഗുരുതര ആരോപണങ്ങൾ ഉയർന്നിട്ടും എ.ഡി.ജി.പിയെ അതേ സ്ഥാനത്ത് ഇരുത്തിയാണ് അന്വേഷണം.
ആരോപണം ഉന്നയിച്ച ഭരണകക്ഷി എം.എൽ.എയെ വിശ്വസിക്കാൻ കൊള്ളില്ലെന്ന സന്ദേശമാണ് പാർട്ടിയിലെ രാഷ്ട്രീയ എതിരാളികൾക്ക് മുഖ്യമന്ത്രി നൽകിയിരിക്കുന്നത്. ഭരണകക്ഷി എം.എൽ.എയെ വിശ്വസിക്കാൻ കൊള്ളില്ലെന്നും അയാൾ അഞ്ച് മിനിട്ട് എന്നോട് സംസാരിച്ചിട്ട് അര മണിക്കൂർ സംസാരിച്ചെന്ന് മാധ്യമ പ്രവർത്തകരോട് പറഞ്ഞെന്നും ഫോൺ ചോർത്തുന്നെന്നത് പൊതുപ്രവർത്തകർക്ക് ചേരാത്ത മട്ടാണെന്നും നിരവധി ദിവസമായി മാധ്യമങ്ങളോട് അതുമിതും പറയുന്നുവെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്. മുഖ്യമന്ത്രിക്ക് എതിരായ പോരാട്ടത്തിന് മുന്നിൽ ഭരണകക്ഷി എം.എൽ.എ നിർത്തിയ ആളുകൾക്കുള്ള മറുപടിയാണിത്. സ്വർണക്കള്ളക്കടത്ത് പൊലീസ് പിടിച്ചപ്പോൾ കള്ളക്കടത്തിന് പിന്നിലുള്ള പലർക്കും വേദനിച്ചെന്നാണ് മുഖ്യമന്ത്രി പറയുന്നത്. അപ്പോൾ മുഖ്യമന്ത്രി ഭരണകക്ഷി എം.എൽ.എയ്ക്ക് എതിരെ തന്നെ ആരോപണം ഉന്നയിച്ചിരിക്കുകയാണ്. അങ്ങനെയെങ്കിൽ ഭരണകക്ഷി എം.എൽ.എയ്ക്കെതിരെ നടപടി എടുക്കാൻ മുഖ്യമന്ത്രി തയാറുണ്ടോ? അയാൾ ഇപ്പോഴും കോൺഗ്രസിന്റെ സ്വഭാവമാണ് കാണിക്കുന്നതെങ്കിൽ എന്തിനാണ് വച്ചുകൊണ്ടിരിക്കുന്നത്? അൻവർ പറഞ്ഞതിൽ എ.ഡി.ജി.പിക്കെതിരെ അന്വേഷിക്കുമെന്നും ശശിക്കെതിരെ അന്വേഷിക്കില്ലെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്. പൊളിറ്റിക്കൽ സെക്രട്ടറിയെ സംരക്ഷിക്കുകയാണ് മുഖ്യമന്ത്രി. മുഖ്യമന്ത്രി പറയുന്നതിൽ ഒരു യുക്തിയുമില്ല. ഭരണ കക്ഷി എം.എൽ.എയെ വിശ്വസിക്കാൻ കൊള്ളില്ലെന്നു പറഞ്ഞ അതേ മുഖ്യമന്ത്രിയാണ് അയാൾ പറഞ്ഞ പകുതി കാര്യങ്ങൾ അന്വേഷിക്കുന്നത്.
മുഖ്യമന്ത്രിയുടെ ദൂതനായാണ് എ.ഡി.ജി.പി ആർ.എസ്.എസ് നേതാവിനെ കണ്ടതെന്ന ആരോപണം ആവർത്തിക്കുന്നു. അല്ലാതെ എന്തിനാണ് എ.ഡി.ജി.പി ആർ.എസ്.എസ് നേതാവുമായി ഒരു മണിക്കൂർ സംസാരിച്ചത്? തന്റെ ദൂതനായല്ല എ.ഡി.ജി.പി സന്ദർശനം നടത്തിയതെങ്കിൽ ആ ഉദ്യോഗസ്ഥനോട് വിശദീകരണം ചോദിച്ചോ? അങ്ങനെയെങ്കിൽ നാളെ ചീഫ് സെക്രട്ടറിക്ക് ആർ.എസ്.എസ് നേതാക്കളെ കാണാൻ പറ്റുമോ? ജയറാം പടിക്കലിന്റെ കഥയൊന്നും പറഞ്ഞ് ഞങ്ങൾക്ക് ക്ലാസെടുക്കേണ്ട. ചോദിച്ച ചോദ്യങ്ങൾക്കുള്ള ഉത്തരമാണ് മുഖ്യമന്ത്രി പറയേണ്ടത്. മുഖ്യമന്ത്രിയുടെ ദൂതനായാണ് എ.ഡി.ജി.പി ആർ.എസ്.എസ് നേതാക്കളെ കണ്ടത്. അതിന്റെ തുടർച്ചയായാണ് തൃശൂർ പൂരം കലക്കിയത്.
കമ്മിഷണർക്കെതിരെ നടപടി എടുത്തെന്ന് പറയുന്ന മുഖ്യമന്ത്രി എന്തുകൊണ്ടാണ് അന്ന് സ്ഥലത്തുണ്ടായിരുന്ന എ.ഡി.ജി.പിക്കെതിരെ നടപടി എടുക്കാതിരുന്നത്? പൂരം കലക്കാൻ പോയത് മുഖ്യമന്ത്രിയുടെ അറിവോടു കൂടി ആയതിനാലാണ് എ.ഡി.ജി.പിക്കെതിരെ നടപടി എടുക്കാതിരുന്നത്. പൂരം നടത്തിപ്പ് സംബന്ധിച്ച് കമ്മിഷണർ കൊണ്ടു വന്ന ബ്ലൂ പ്രിന്റ് വേണ്ടെന്ന് പറഞ്ഞല്ലേ എ.ഡി.ജി.പി പുതിയ ബ്ലൂ പ്രിന്റ് നൽകിയത്? പുതിയ ബ്ലൂ പ്രിന്റ് നൽകിയ ആൾക്ക് ഒരു കുഴപ്പവുമില്ല. മുഖമന്ത്രിയുടെ സന്ദേശവാഹകനായി ആർ.എസ്.എസിന് നൽകിയ ഉറപ്പ് പാലിക്കാനാണ് എ.ഡി.ജി.പി പോയത്. പൂരം കലക്കാൻ മുഖ്യമന്ത്രി കൂട്ടു നിന്നു. അതിന് എ.ഡി.ജി.പിയെ കരുവാക്കി. തൃശൂരിൽ ബി.ജെ.പിക്ക് ജയിക്കാനുള്ള അന്തരീക്ഷം ഒരുക്കിക്കൊടുക്കലാണ് മുഖ്യമന്ത്രിയും സി.പി.എമ്മും ചെയ്തത്. അതിനാണ് ഉത്തരം പറയേണ്ടത്.
വയനാട്ടിലെ കണക്ക് ഊതിപ്പെരുപ്പിച്ചതാണ്. 90 ദിവസം രക്ഷാ പ്രവർത്തനം നടത്തിയെന്നാണ് പറയുന്നത്. എന്നിട്ട് എത്ര ദിവസം തെരച്ചിൽ നടത്തി? സർക്കാർ നൽകിയ കണക്ക് മെമ്മോറാണ്ടത്തിന്റെ വിശ്വാസ്യത ഇല്ലാതാക്കും. ആവശ്യമായ തുകയുടെ കണക്ക് നൽകേണ്ടതിനു പകരം ഇല്ലാത്ത കണക്കുണ്ടാക്കി. എന്താണ് ഉദ്യോഗസ്ഥർ ചെയ്യുന്നത് എന്ന് പരിശോധിക്കാനുള്ള സംവിധാനം കേരളത്തിലില്ല. ഉദ്യോഗസ്ഥർ എഴുതി നൽകുന്നതിന്റെ താഴെ കയ്യൊപ്പ് വയ്ക്കുക മാത്രമാണ്. ദുരന്ത നിവാരണ അതോറിട്ടി തന്നെ ഒരു ദുരന്തമാണ്. കണക്ക് ന്യായീകരിക്കാനാണ് മാധ്യമങ്ങൾ സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിച്ചതെന്ന് മുഖ്യമന്ത്രി പറുയുന്നത്. ഹൈക്കോടതിയെ വിധിയെ വളച്ചൊടിച്ചതിന് മാധ്യമങ്ങൾക്കെതിരെ കേസെടുക്കുമെന്നാണ് മുഖ്യമന്ത്രി പറയുന്നത്. അങ്ങനെയങ്കിൽ ആദ്യം കേസെടുക്കേണ്ടത് ദേശാഭിമാനിക്കെതിരെയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
എം.എൽ.എയെ മുന്നിൽ നിർത്തി പാർട്ടിക്കുള്ളിൽ തനിക്കെതിരെ പോരാട്ടം ആരംഭിച്ചിരിക്കുന്നു എന്ന തിരിച്ചറിവിൽ പാർട്ടിക്കാർക്കുള്ള മറുപടിയാണ് മുഖ്യമന്ത്രി നൽകിയത്. അല്ലാതെ പ്രതിപക്ഷത്തിനുള്ള മറുപടിയല്ല. ആർ.എസ്.എസ് പിന്തുണയിലല്ലേ പിണറായി 77 ൽ നിയമസഭയിൽ എത്തിയത്. ആർ.എസ്.എസ് നേതാക്കളുമായി മാസ്കറ്റ് ഹോട്ടലിൽ നേരിട്ട് ചർച്ച നടത്തിയ ആളല്ലേ പിണറായി വിജയൻ. മുൻ ഡി.ജി.പിയെ ഉപയോഗിച്ചല്ലേ ഡൽഹിയിൽ സംഘ്പരിവാർ നേതാക്കളുമായി സംസാരിച്ചത്. മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ തിരിച്ചു വച്ചിരിക്കുന്ന പീരങ്കി വേണ്ടെന്ന സന്ദേശമാണ് മുഖ്യമന്ത്രി നൽകിയിരിക്കുന്നത്.
നീതിമാനായ മുഖ്യമന്ത്രിയാണ് ഭരണകക്ഷി എം.എൽ.എയ്ക്കെതിരെ ഇത്രയും കാര്യങ്ങൾ പറഞ്ഞിരിക്കുന്നത്. സ്വർണക്കടത്തുമായി വരെ ബന്ധമുണ്ടെന്ന് പറഞ്ഞു. അതിൽ അസ്വസ്ഥനായാണ് ഇങ്ങനെ പറയുന്നതെന്നു വരെ പറഞ്ഞു. ആ എം.എൽ.എയെയും മുഖ്യമന്ത്രി ആവശ്യത്തിന് ഉപയോഗിച്ചിട്ടുണ്ട്. ശശിയെയും അജിത് കുമാറിനെയുമൊക്കെ ഉപയോഗിക്കേണ്ട സ്ഥലം മുഖ്യമന്ത്രിക്ക് നന്നായി അറിയാം. കോൺഗ്രസിനു പോലും ഇതുപോലെ ഒരാൾ പറഞ്ഞാൽ അംഗീകരിക്കാൻ പറ്റില്ല. എന്നിട്ടും 15 ദിവസം മുഖ്യമന്ത്രിക്കെതിരെ ഭരണകക്ഷി എം.എൽ.എ സംസാരിക്കുകയാണ്. എന്നിട്ടും നിസഹായതയിലാണ് പാർട്ടി. സാധാരണയായി മാർക്സിറ്റ് പാർട്ടിയിൽ ഇങ്ങനെ നടക്കുമോ? എം.എൽ.എയ്ക്കെതിരെ മുഖ്യമന്ത്രി തിരിച്ചും ആരോപണം ഉന്നയിക്കുമെന്നല്ലേ പറഞ്ഞിരിക്കുന്നത്.
പ്രതിപക്ഷ നേതാവിന്റെ നിലപാട് അപഹാസ്യമാണെന്ന് പറഞ്ഞ മന്ത്രി മുഹമ്മദ് റിയാസിനെ കുറ്റപ്പെടുത്തുന്നില്ല. മുഖ്യമന്ത്രിയെ സംരക്ഷിക്കാൻ ആ പാവമെങ്കിലും ഉണ്ടല്ലോ മന്ത്രിസഭയിൽ? അദ്ദേഹം മാത്രമാണ് മുഖ്യമന്ത്രിയെ സംരക്ഷിക്കാനും പ്രതിപക്ഷ നേതാവിനെ തള്ളിപ്പറയാനും രംഗത്തെത്തിയത്.
മുഖ്യമന്ത്രിയുടെ അറിവോടെയാണ് പൂരം കലക്കിയതെന്നും അതുകൊണ്ടാണ് ബി.ജെ.പി ജയിക്കാൻ ഇടയായതെന്നും സി.പി.ഐക്കും അവരുടെ സ്ഥാനാർത്ഥിക്കും അറിയാം. മനപൂർവമായാണ് പൂരം കലക്കിയതെന്ന് പിറ്റേ ദിവസം തന്നെ പ്രതിപക്ഷം പറഞ്ഞതാണ്. പൂരം കലക്കിയത് മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നത് കേരളത്തിലെ എല്ലാവർക്കും അറിയാം.