ആരാധകരെ അടിമുടി ആവേശത്തിലാക്കി കേരളാ ക്രിക്കറ്റ് ലീഗിന്റെ ആദ്യസീസൺ അവസാനിച്ചത് കഴിഞ്ഞ ദിവസമായിരുന്നു. ഫൈനലിൽ കൊല്ലം സെയിലേഴ്സും കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസും മാറ്റുരച്ചപ്പോൾ വിജയം തുണച്ചത് കൊല്ലം സെയിലേഴ്സിനെയാണ്. എന്നാൽ കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസിന്റെ പ്രകടനവും ഒട്ടും മോശമായിരുന്നില്ല. ഇതിൽ എടുത്തുപറയേണ്ടതാണ് സൽമാർ നിസാറെന്ന തലശ്ശേരിക്കാരന്റെ പ്രകടനം.
ഏറെ ആരാധകരുളള കളിക്കാരൻ എന്ന പേര് നേടിയെടുത്തിരിക്കുകയാണ് സൽമാൻ ഈ സീസണിൽ. ടീമിൽ ഏറ്റവും കൂടുതൽ റൺസെടുത്തതും താരം തന്നെയാണ്.12 മാച്ചുകളിൽ നിന്ന് 455 റൺസാണ് സൽമാൻ അടിച്ചെടുത്തത്.
കെസിഎൽ ഈ സീസണിൽ പങ്കെടുത്തതിൽ ഒരുപോലെ അഭിമാനവും നിരാശയും ഉണ്ടെന്നാണ് സൽമാന്റെ അഭിപ്രായം. ടീമിന് വിജയകിരീടം സ്വന്തമാക്കാനായി കഠിനപരിശ്രമം നടത്തി. പക്ഷെ ഭാഗ്യം തുണച്ചില്ല. ഫൈനലിൽ ഗ്ലോബ്സ്റ്റാർസിന് കപ്പടിക്കാൻ സാധിക്കാത്തതിൽ നിരാശയുണ്ട്. വിജയിക്കുന്നതിനായി ടീമിലെ എല്ലാവരും നല്ലരീതിയിൽ പരിശ്രമിച്ചു. അതിന് വളരെയധികം സന്തോഷവുമുണ്ട്. ഫൈനൽ വരെ എല്ലാവരും ഒരുമിച്ചുണ്ടായിരുന്നു. കൊല്ലം സെയിലേഴ്സിന്റെ വിജയത്തിലും ടീമിലുളള എല്ലാവർക്കും സന്തോഷമുണ്ടെന്നും താരം പറഞ്ഞു.
സച്ചിൻ ബേബിയുടെ ബാറ്റിംഗ്
കൊല്ലം ടീം ക്യാപ്റ്റൻ സച്ചിൻ ബേബിയുടെ ബാറ്റിംഗ് എടുത്ത് പറയേണ്ടതാണ്. എല്ലാ കളിക്കാർക്ക് ഏറെ പ്രചോദനം നൽകുന്ന തരത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രകടനം. അതുപോലെ ഇനിയും താൻ മെച്ചപ്പെടേണ്ടതുണ്ട്. അതാണ് ഇനി ചെയ്യാൻ പോകുന്നതെന്നും സൽമാൻ വ്യക്തമാക്കി.ക്രിക്കറ്റിനെ ആരാധിച്ച് കളിക്കാനെത്തുന്ന പലർക്കും കേരളാ ക്രിക്കറ്റ് അസോസിയേഷൻ നൽകിയ അവസരം വളരെ വലുതായിരുന്നു. അതുകൊണ്ട് തന്നെ അവർക്കാണ് ആദ്യം നന്ദി പറയേണ്ടത്. ഈ സീസൺ ഇത്രയും മനോഹരമാക്കിയതിൽ അവർ എടുത്ത പരിശ്രമം വലുതാണ്.കേരളത്തിലെ എല്ലാ ക്രിക്കറ്റ് കളിക്കാർക്കും ഇത് വലിയൊരു അവസരമാണ്. ലോകമൊട്ടാകെ തത്സമയം കാണുന്ന ഒരു മാച്ചിൽ ഭാഗമായതിലും സന്തോഷമുണ്ട്.ഈ സീസൺ കഴിഞ്ഞതോടെ കേരളത്തിൽ നിന്നും ഐപിഎല്ലില്ലേക്കും കൂടുതൽ കളിക്കാർ വരട്ടെയെന്നാണ് ആഗ്രഹം.
ക്രിക്കറ്റ് മോഹം തന്ന തലശ്ശേരി മുൻസിപ്പൽ സ്റ്റേഡിയം
മിക്ക കളിക്കാരെയും പോലെ കുട്ടിക്കാലം മുതൽ ക്രിക്കറ്റ് കണ്ടാണ് ഞാൻ വളർന്നത്. ബന്ധുക്കളും സുഹൃത്തുക്കളും ക്രിക്കറ്റ് കളിക്കുമ്പോൾ അത് കാണാൻ പോകുമായിരുന്നു. തലശ്ശേരി മുൻസിപ്പൽ സ്റ്റേഡിയത്തിൽ വച്ചായിരുന്നു ക്രിക്കറ്റ് എന്ന മോഹം തുടങ്ങിയത്. കുടുംബവും സുഹൃത്തുക്കളും ആഗ്രഹത്തിനോടൊപ്പം നിന്നു. ഏഴാം ക്ലാസ് കഴിഞ്ഞതോടെ ക്രിക്കറ്റ് പരിശീലനം മികവുറ്റതാക്കാൻ കൊച്ചിയിലേക്ക് മാറുകയായിരുന്നു.
നിലവിൽ കേരളത്തിന്റ സീനിയർ ലെവൽ മാച്ചുകളിൽ പങ്കെടുക്കുന്നുണ്ട്. രഞ്ജി ട്രോഫി, നിരവധി ഏകദിന മാച്ചുകൾ തുടങ്ങിയവയിൽ പങ്കെടുത്തു. ക്രിക്കറ്റെന്ന വികാരം മനസിൽ കൂടിയത് മുൻ ഇന്ത്യൻ താരം സുരേഷ് റെയ്നയിലൂടെയാണ്. ഇപ്പോൾ സഞ്ജു ഭായിയോടാണ് (സഞ്ജു സാംസൺ) ആരാധന. അദ്ദേഹം ക്രിക്കറ്റിനെ കാണുന്ന രീതി വലിയ ഇഷ്ടമാണ്. കൂടാതെ കേരളത്തിലെ തന്നെ വിഷ്ണു വിനോദ്, അക്ഷയ് ചന്ദ്രൻ. സച്ചിൻ ബേബി തുടങ്ങിയവരുടെ പ്രകടനവും ഇഷ്ടമാണ്.