
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വൻ വർദ്ധനവ്. ഒരു പവൻ സ്വർണത്തിന് 600 രൂപയുടെ വർദ്ധനവാണ് സംഭവിച്ചിരിക്കുന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 55,680 രൂപയായി. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്. കഴിഞ്ഞ ദിവസം ഒരു പവൻ സ്വർണത്തിന്റെ വില 55,080 രൂപയായിരുന്നു.
ഇന്നത്തെ ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 6,886 രൂപയും ഒരു ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വില 7,512 രൂപയുമാണ്. സ്വർണത്തിന്റെ രാജ്യാന്തര വില, ഡോളർ-രൂപ വിനിമയനിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വർണവില നിർണയിക്കപ്പെടുന്നത്. അതേസമയം, സംസ്ഥാനത്തെ വെളളിവിലയിലും വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഒരു ഗ്രാം വെളളിയുടെ ഇന്നത്തെ വില 97.60 രൂപയാണ്. ഒരു ഗ്രാം വെളളിയുടെ കഴിഞ്ഞ ദിവസത്തെ വില 97.50 രൂപയായിരുന്നു. ഒരു കിലോഗ്രാം വെളളിയുടെ ഇന്നത്തെ വില 97,600 രൂപയാണ്.
ഇറക്കുമതിയിലും വൻകുതിപ്പ്
ഇന്ത്യയിലേക്ക് സ്വർണം ഇറക്കുമതി ചെയ്യുന്നതിലും വൻകുതിപ്പാണ് സംഭവിച്ചിരിക്കുന്നത്.കേന്ദ്ര ബഡ്ജറ്റിൽ എക്സൈസ് തീരുവ ഗണ്യമായി കുറച്ചതോടെ ഓഗസ്റ്റിൽ സ്വർണം, വെള്ളി എന്നിവയുടെ ഇറക്കുമതിയിൽ വൻകുതിപ്പുണ്ടായി. ഉത്സവക്കാലത്തെ ഉപഭോഗം ഉയർന്നതോടെ ഓഗസ്റ്റിൽ ഇന്ത്യയിലേക്കുള്ള സ്വർണ ഇറക്കുമതി ജൂലായ് മാസത്തേക്കാൾ 221.41 ശതമാനം വർദ്ധനയോടെ 1006 കോടി ഡോളറായി.
മുൻവർഷം ഇതേകാലയളവിൽ 490 കോടി ഡോളറിന്റെ സ്വർണമാണ് ഇന്ത്യയിലെത്തിയത്. ഇത്തവണത്തെ കേന്ദ്ര ബഡ്ജറ്റിൽ ധനമന്ത്രി നിർമ്മല സീതാരാമൻ സ്വർണത്തിന്റെ ഇറക്കുമതി തീരുവ 15 ശതമാനത്തിൽ നിന്ന് ആറ് ശതമാനമായി കുറച്ചിരുന്നു. ഇതോടെ കള്ളക്കടത്ത് കുറഞ്ഞതാണ് ഔദ്യോഗിക മാർഗങ്ങളിലൂടെ സ്വർണ ഇറക്കുമതിക്ക് പ്രിയം വർദ്ധിച്ചത്. ഉത്സവ കാലയളവിൽ ഉപഭോഗം വർദ്ധിച്ചതും തീരുവയിലെ ഇളവും ഇറക്കുമതി കൂടാൻ സഹായിച്ചെന്ന് വാണിജ്യ സെക്രട്ടറി സുനിൽ ബാർത്വാൾ പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഇറക്കുമതി തീരുവ കുറച്ചതിനെ തുടർന്ന് ആഭ്യന്തര വിപണിയിൽ വിവിധ ഘട്ടങ്ങളിലായി പവൻ വിലയിൽ 4,000 രൂപ കുറഞ്ഞിരുന്നു. എന്നാൽ ആഗോള വിപണിയിലെ അനുകൂല സാഹചര്യങ്ങൾ മൂലം ഒന്നര മാസത്തിനിടെ പവന്റെ വില വീണ്ടും പഴയ നിരക്കിന് അടുത്തെത്തി.