
ബാങ്കോക്ക് : രണ്ടു മണിക്കൂറോളം ശരീരത്തിൽ ചുറ്റിവരിഞ്ഞ ഭീമൻ പെരുമ്പാമ്പിന്റെ പിടിയിൽ നിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ട് 64കാരി. ചൊവ്വാഴ്ച തായ്ലൻഡിലെ ബാങ്കോക്കിലാണ് സംഭവം. വീട്ടിലെ അടുക്കളയിൽ പാത്രങ്ങൾ കഴുകവെ തുടയിൽ വേദന അനുഭവപ്പെട്ട് നോക്കിയപ്പോഴാണ് പെരുമ്പാമ്പ് തന്നെ വരിഞ്ഞുമുറുക്കുന്നത് സ്ത്രീ കണ്ടത്.
16 അടിയോളം നീളമുള്ള പെരുമ്പാമ്പിന്റെ മുഖത്ത് വെള്ളം ഒഴിച്ചെങ്കിലും അത് പിടിവിട്ടില്ല. ഇതിനിടെ സ്ത്രീ നിലത്തുവീണു. ഇതോടെ സ്ത്രീയുടെ ശരീരത്തിൽ പിടിമുറുക്കിയ പെരുമ്പാമ്പ് അവരെ നിരവധി തവണ കടിക്കുകയും ചെയ്തു. ഇതിനിടെ സ്ത്രീ പെരുമ്പാമ്പിന്റെ ദേഹത്ത് ശക്തമായി ഇടിച്ച് രക്ഷപെടാൻ ശ്രമിച്ചെങ്കിലും നടന്നില്ല.
സ്ത്രീയുടെ നിലവിളി കേട്ട് ഓടിയെത്തിയ അയൽവാസി വിവരം പൊലീസിനെ അറിയിച്ചു. പൊലീസും വനംവകുപ്പും എത്തിയപ്പോഴേക്കും സ്ത്രീയെ പെരുമ്പാമ്പ് പൂർണമായും ചുറ്റിവരിഞ്ഞിരുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥരുടെ അടിയേറ്റ പെരുമ്പാമ്പ് സ്ത്രീയെ വിട്ട് ഇഴഞ്ഞുപോയി. പെരുമ്പാമ്പിനെ പിടികൂടാൻ കഴിഞ്ഞില്ലെന്നാണ് വിവരം. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട സ്ത്രീയുടെ നില തൃപ്തികരമാണ്.
ഏകദേശം 250 പാമ്പ് സ്പീഷീസുകൾ തായ്ലൻഡിലുണ്ട്. റെറ്റിക്കുലേറ്റഡ്, ബർമീസ്, ബ്ലഡ് എന്നീ പെരുമ്പാമ്പ് ഇനങ്ങളും ഇതിൽപ്പെടുന്നു. കഴിഞ്ഞ വർഷം 12,000ത്തോളം പേർ വിഷപാമ്പിന്റെ കടിയേറ്റ് ചികിത്സ തേടിയെന്നാണ് തായ്ലൻഡ് നാഷണൽ ഹെൽത്ത് സെക്യൂരിറ്റി ഓഫീസിന്റെ കണക്ക്. 26 പേർ മരിച്ചു. പെരുമ്പാമ്പിന്റെ ആക്രമണം മൂലമുള്ള മരണം തായ്ലൻഡിൽ വളരെ അപൂർവമാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
എന്നാൽ, റെറ്റിക്കുലേറ്റഡ് പൈത്തണിന്റെ ആക്രമണത്തിൽ ഇൻഡോനേഷ്യയിൽ സമീപ വർഷങ്ങളിൽ മനുഷ്യർ കൊല്ലപ്പെട്ട സംഭവങ്ങളുണ്ടായിട്ടുണ്ട്. ജൂൺ, ജൂലായ്, ആഗസ്റ്റ് മാസങ്ങളിലായി സൗത്ത് സുലവേസി പ്രവിശ്യയിൽ മൂന്ന് സ്ത്രീകൾ ഇത്തരത്തിൽ കൊല്ലപ്പെട്ടു. ഇതിൽ രണ്ട് സ്ത്രീകളുടെ മൃതദേഹങ്ങൾ പെരുമ്പാമ്പിന്റെയുള്ളിലാണ് കണ്ടെത്തിയത്.
ഇൻഡോനേഷ്യയിലെ സൗത്ത് ഈസ്റ്റ് സുലവേസി (2023), ജാംബി (2022), മുനാ ദ്വീപ് (2018), വെസ്റ്റ് സുലവേസി (2017) എന്നിവിടങ്ങളിലും റെറ്റിക്കുലേറ്റഡ് പൈത്തൺ മനുഷ്യനെ വിഴുങ്ങിയ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ലോകത്തെ ഏറ്റവും നീളം കൂടിയ പാമ്പാണ് റെറ്റിക്കുലേറ്റഡ് പൈത്തൺ.