
കൽപ്പറ്റ: വയനാട്ടിലെ ഉരുൾപൊട്ടല്‍ ദുരന്തത്തില്‍ ഉറ്റവരെയും വാഹനാപകടത്തില്‍ പ്രതിശ്രുത വരനെയും നഷ്ടപ്പെട്ട ശ്രുതി ആശുപത്രി വിട്ടു. സെപ്റ്റംബർ പത്തിന് ഉണ്ടായ വാഹനാപകടത്തിലാണ് ശ്രുതിക്ക് ഇരുകാലുകള്‍ക്കും പരിക്കേറ്റത്. തുടരെയുണ്ടായ ദുരന്തവും പരിക്കും തീർത്ത മാനസിക ആഘാതത്തില്‍ നിന്ന് കൂടിയാണ് അത്ഭുതകരമായ മനസ്സാന്നിധ്യത്തോടെ ശ്രുതി ജീവിതത്തിലേക്ക് തിരികെ വരുന്നത്.
ശ്രുതി ഒറ്റയ്ക്കാവില്ലെന്നും സഹോദരനായി എന്നും കൂടെയുണ്ടാവുമെന്നും ടി സിദ്ദിഖ് എംഎൽഎ പറഞ്ഞു. ഇനി തന്റെ അച്ഛനും അമ്മയും സഹോദരനുമെല്ലാം സിദ്ദിഖിക്കയാണെന്ന് ശ്രുതി മാധ്യമങ്ങളോട് പറഞ്ഞു. തനിക്കൊരു കുറവും വരുത്താതെ എല്ലാം നല്ലതുപോലെ നോക്കിയെന്നും സഹോദരനെ പോലെയാണ് ടി സിദ്ദിഖ് കൂടെ നിന്നതെന്നും ശ്രുതി പറഞ്ഞു.
ഒരു മനുഷായുസ്സില്‍ അനുഭവിക്കേണ്ട വേദന മുഴുവൻ ദിവസങ്ങള്‍ക്കുള്ളില്‍ അനുഭവിക്കേണ്ടി വന്നിട്ടുണ്ട് ശ്രുതിക്ക്. ആദ്യം അച്ഛനും അമ്മയും സഹോദരിയും ഉള്‍പ്പെടെ അടുത്ത കുടുംബാഗങ്ങളായ ഒൻപത് പേരെ ഉരുളെടുത്തു. വീടും സമ്പാദ്യവുമെല്ലാം നഷ്ടമായ ശ്രുതിയെ ചേർത്ത് നിർത്തിയത് പ്രതിശ്രുത വരനായ ജെൻസണാണ്. പക്ഷെ ആ താങ്ങിന് ദിവസങ്ങളുടെ ആയുസ്സ് മാത്രമെ ഉണ്ടായിരുന്നുള്ളൂ. ഉരുള്‍പ്പൊട്ടല്‍ ദുരന്തമുണ്ടായി ആഴ്ചകള്‍ മാത്രം പിന്നിടുമ്പോള്‍ ഉണ്ടായ ഒരു വാഹനാപകടത്തില്‍ ജെൻസണെയും ശ്രുതിക്ക് നഷ്ടമായി. ആ അപകടത്തിൽ ശ്രുതിക്ക് ഇരു കാലുകൾക്കും പരിക്കേറ്റു.
പുത്തുമലയില്‍ സംസ്കരിച്ച അമ്മയെ ഡിഎൻഎ വഴി തിരിച്ചറിഞ്ഞ ശേഷം ആചാരപ്രകാരം സംസ്കരിക്കാനെത്തിയ ശ്രുതി ആംബുലൻസില്‍ ഇരുന്ന് ചിതയാളുന്നത് നോക്കി കാണുന്നത് ആരുടെയും ഉള്ളുലയ്ക്കുന്ന കാഴ്ചയായി. തന്നെ എല്ലാ ദിവസവും ആശുപത്രിയില്‍ എത്തി കണ്ടിരുന്ന ടി സിദ്ദിഖ് എംഎഎല്‍എയോടും ആശുപത്രിയിലെ ഡോക്ടർമാരോടുമെല്ലാം ഉള്ള കടപ്പാട് അറിയിച്ചാണ് ശ്രുതി വീട്ടിലേക്ക് പോയത്.
തുടരെയുണ്ടായ ദുരന്തങ്ങളില്‍ ഒറ്റപ്പെട്ട് പോയ ഒരു പെണ്‍കുട്ടിയെ കേരളം മുഴുവൻ ചേർത്ത് നിര്‍ത്തുന്ന അപൂര്‍വതയായിരുന്നു ഇക്കഴിഞ്ഞ ദിവസങ്ങളിലെ കാഴ്ച. നേരിട്ട് അറിയാത്ത ലക്ഷക്കണക്കിന് പേര് വേദനകളെല്ലാം സഹിക്കാൻ ശ്രുതിക്ക് കഴിയേണേയെന്ന് പ്രാർത്ഥിച്ചിട്ടുണ്ട്. ആ സ്നേഹത്തിന്റെയും കരുതലിന്റെയും ബലത്തിലാണ് ശ്രുതി വിശ്രമത്തിനായി പോകുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]