ധാക്ക: ബംഗ്ലാദേശിൽ മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ അവാമി ലീഗ് പാർട്ടിയുടെ വിദ്യാർത്ഥി നേതാവിനെ യൂണിവേഴ്സിറ്റി ക്യാമ്പസിനുള്ളിൽ മർദ്ദിച്ചുകൊന്നു. പാർട്ടിയുടെ വിദ്യാർത്ഥി വിഭാഗമായ ഛത്ര ലീഗ് നേതാവ് ഷമീം അഹ്മ്മദാണ് കൊല്ലപ്പെട്ടത്. ബുധനാഴ്ച രാത്രിയാണ് ധാക്കയിലെ ജഹാംഗീർനഗർ യൂണിവേഴ്സിറ്റി ക്യാമ്പസിൽ അജ്ഞാതർ ഷമീമിനെ ആക്രമിച്ചത്. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ജൂലായിൽ ഹസീന സർക്കാരിനെതിരെ ക്യാമ്പസിൽ പ്രക്ഷോഭം നടത്തിയ വിദ്യാർത്ഥികളെ ഷമീമിന്റെ നേതൃത്വത്തിൽ ആക്രമിച്ചിരുന്നു. ഇതാകാം കൊലയിലേക്ക് നയിച്ചതെന്ന് കരുതുന്നു. കേസുമായി ബന്ധപ്പെട്ട് 8 വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്തു. ഈ മാസം കൊല്ലപ്പെടുന്ന അവാമി ലീഗിന്റെ രണ്ടാമത്തെ വിദ്യാർത്ഥി നേതാവാണ് ഷമീം. ഈ മാസം 8ന് മറ്റൊരു നേതാവായ അബ്ദുള്ള അൽ മസൂദ് ആൾക്കൂട്ട മർദ്ദനത്തെ തുടർന്ന് കൊല്ലപ്പെട്ടിരുന്നു.
സംവരണ വിരുദ്ധ പ്രക്ഷോഭത്തെ തുടർന്ന് രാജിവച്ച ഹസീന ആഗസ്റ്റ് അഞ്ചിനാണ് ഇന്ത്യയിൽ അഭയം തേടിയത്. പ്രക്ഷോഭത്തിനിടെ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ 800ലേറെ പേരാണ് കൊല്ലപ്പെട്ടത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]