
മലപ്പുറം: മലപ്പുറം അരീക്കോട് പ്രായപൂർത്തിയാകാത്ത രണ്ടുപേർ ഉൾപ്പെടെ അഞ്ചംഗ ഹണി ട്രാപ്പ് സംഘം പോലീസ് പിടിയിലായി. 15 കാരനെ ഉപയോഗിച്ചാണ് മധ്യവയസ്കനിൽ നിന്ന് സംഘം പണം തട്ടിയത്. കാവനൂർ സ്വദേശി ഇർഫാൻ, പുത്തലം സ്വദേശി ആഷിക് എടവണ്ണ സ്വദേശി ഹരികൃഷ്ണൻ, പ്രായപൂർത്തിയാകാത്ത രണ്ടു പേരടക്കം അഞ്ചു പേരെയാണ് അരീക്കോട് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസമാണ് കേസിന് ആസ്പദമായ സംഭവം.
അരീക്കോട് സ്വദേശിയായ പരാതിക്കാരനും 15 കാരനും തമ്മിൽ സമൂഹമാധ്യമങ്ങളിലൂടെയാണ് പരിചയം. തുടർന്ന് ഇരുവരും അരീക്കോട് വെച്ച് തമ്മിൽ കാണാം എന്ന് തീരുമാനിച്ചു. മധ്യവയസ്ക്കൻ അരീക്കോട് എത്തിയ സമയത്താണ് പ്രതികൾ സംഘം ചേർന്ന് ക്രൂരമായി മർദ്ദിച്ചത്. ഈ ആക്രമണത്തിൽ ഇയാളുടെ മുഖത്തടക്കം ഗുരുതരമായി പരിക്കേറ്റു. പിന്നാലെ ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെടുകയായിരുന്നു.
ആദ്യം 20,000 രൂപയും പിന്നെ രണ്ടു ഘട്ടമായി ഒരു ലക്ഷം രൂപയുമാണ് ആവശ്യപ്പെട്ടത്. ഇതിൽ 40000 രൂപ പരാതിക്കാരൻ സംഘത്തിന് കൈമാറി. എന്നാൽ സംഘം വീണ്ടും പണം ആവശ്യപ്പെട്ടതോടെയാണ് ഇയാൾ പൊലീസിൽ പരാതി നൽകിയത്. തുടർന്ന് തന്ത്രപരമായി പ്രതികളെ പൊലീസ് വലയിലാക്കുകയായിരുന്നു. ഇവർ സമാനമായ രീതിയിൽ ഇതിനുമുമ്പും ഹണി ട്രാപ്പിലൂടെ പണം തട്ടിയിട്ടുണ്ട് എന്നാണ് സൂചന.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]