
തിരുവനന്തപുരം: നികുതി പിരിവ് കാര്യക്ഷമമല്ലെന്ന് സിഎജി വിമര്‍ശനത്തിനിടെ നികുതി വകുപ്പിനെ കുറിച്ചുള്ള സഭയിലെ ചോദ്യങ്ങൾക്ക് മറുപടി നൽകുന്നില്ലെന്ന് പ്രതിപക്ഷം. നികുതി പിരിവ് സംവിധാനത്തിലെ ഗുരുതര ക്രമക്കേടുകൾ മറച്ച് വയ്ക്കാനും നികുതി വകുപ്പിലെ അഴിമതി പുറം ലോകം അറിയാതിരിക്കാനുമുള്ള ആസൂത്രിത നീക്കമെന്നാണ് പ്രതിപക്ഷ ആരോപണം. സംസ്ഥാനത്ത് നികുതി പിരിവ് കാര്യക്ഷമമല്ലെന്ന് സിഎജി റിപ്പോര്‍ട്ട് പുറത്ത് വന്നത് കഴിഞ്ഞ ദിവസമാണ്. കാലങ്ങളായുള്ള നികുതി കുടിശിക സിഎജി കണ്ടില്ലെന്ന് നടിക്കുകയാണെന്നും ഒരു പടി കൂടി കടന്ന സിഎജിയുടെ രാഷ്ട്രീയ ചായ്വും ആരോപിച്ചാണ് ധനവകുപ്പിന്റെയും സര്‍ക്കാരിന്റെയും പ്രതിരോധം.
നിയമസഭയിൽ ചോദ്യം ചോദിച്ചാൽ നിശ്ചിത സമയത്ത് മറുപടി നൽകണമെന്ന് വ്യവസ്ഥയുണ്ട്. എന്നാൽ സാമാജികരുടെ അവകാശങ്ങൾ പോലും ലംഘിച്ച് ധനവകുപ്പ് ചോദ്യങ്ങൾ നിരന്തരം അവഗണിക്കുന്നു എന്നാണ് പ്രതിപക്ഷ പരാതി. 15-ാം നിയമസഭയുടെ 8, 9 സെഷനുകളായി നികുതി വകുപ്പിന്റെ പ്രവര്‍ത്തനം സംബന്ധിച്ച് സാമാജികരുന്നയിച്ചത് പലവിധ ചോദ്യങ്ങൾ. എട്ടാം സമ്മേളനകാലത്ത് മാര്‍ച്ച് ആറിന് ജിഎസ്ടി വകുപ്പിലെ ഉദ്യോഗസ്ഥ സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട് അജ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ നടപടിയെ കുറിച്ച് ഐ സി ബാലകൃഷ്ണൻ ഉന്നയിച്ച 4252 ആം നമ്പർ ചോദ്യം- മാസങ്ങൾ കഴിഞ്ഞിട്ടും മറുപടിയില്ല. ചലച്ചിത്ര താരങ്ങളുടെ നികുതി വെട്ടുപ്പുമായി ന്ധപ്പെട്ട് എം. കെ. മുനീർ ഉന്നയിച്ച 4300 ആം ചോദ്യത്തിനും അവഗണന.
ബാർ ഹോട്ടലുകളിൽ നിന്നുള്ള നികുതി വരുമാനം സംബന്ധിച്ച് റോജി എം. ജോണിന്റെ ചോദ്യത്തിനും മാര്‍ച്ച് 17 ന് സി ആർ മഹേഷ് ഉന്നയിച്ച 6079 നമ്പർ ചേദ്യത്തിനും മറുപടിയില്ല. പ്രളയ സെസ്സ്, ഡീസൽ പെട്രോൽ നികുതി വെട്ടിപ്പ്, ജിഎസ്ടി ഓഡിറ്റ് വിംഗിന്റെ പ്രവര്‍ത്തനം, വകുപ്പിലെ സ്ഥലം മാറ്റം, തുടങ്ങി സംയോജിത ചരക്ക് സേവന നികുതി വിഹിതത്തിലെ കുറവ് സംബന്ധിച്ച് വരെ വിവിധ എംഎൽഎമാര്‍ 9ാം സെഷനിൽ ഉന്നയിച്ച ചോദ്യങ്ങൾക്കും ധനമന്ത്രി ഉത്തരം പറഞ്ഞിട്ടില്ല.
മദ്യത്തിൽ നിന്നുള്ള നികുതി വരുമാനം 2015-16 ൽ 1600 കോടി രൂപ ആയിരുന്നു. വിലയും വിൽപ്പനയും വൻതോതിൽ കൂടിയിട്ടും 2022-23 ൽ നികുതി വരുമാനം 617 കോടി മാത്രമാണ്. നികുതി വകുപ്പിന്റെ പ്രവര്‍ത്തനത്തിൽ ഗുരുതര ക്രമക്കേടിനൊപ്പം വലിയ അഴിമതികളും നടക്കുന്നുണ്ടെന്നാണ് പ്രതിപക്ഷ ആരോപണം. ചോദ്യങ്ങൾ കണ്ടില്ലെന്ന് നടക്കുന്നത് ക്രമക്കേട് മറച്ചുപിടിക്കാനാണെന്നും ആക്ഷേപമുണ്ട്. ചില ചോദ്യങ്ങൾക്ക് വിശദമായ പരിശോധനക്ക് ശേഷം മറുപടി നൽകേണ്ടത് കൊണ്ടാണ് ഉത്തരം വൈകുന്നതെന്നും അസ്വാഭാവികതയില്ലെന്നുമാണ് ധനവകുപ്പ് വിശദീകരണം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]