
കൊച്ചി: ഒരു കാരണവുമില്ലാതെയാണ് പൊലീസ് തന്നെ മർദ്ദിച്ചതെന്ന് നെടുമ്പാശ്ശേരിയിലെ പൊലീസ് അതിക്രമത്തിൽ മർദ്ദനമേറ്റ കുഞ്ഞുമോൻ ഏഷ്യാനെറ്റ് ന്യൂസിനോട്. ഭാര്യയുടെയും 11വയസുള്ള മകളുടെയും മുന്നിലിട്ടാണ് മർദ്ദിച്ചതെന്നും എസ്ഐ സുനിൽകുമാർ മദ്യപിച്ചിരുന്നതായും കുഞ്ഞുമോൻ ഏഷ്യാനെറ്റ് ന്യൂസിനോട് വ്യക്തമാക്കി. പൊലീസ് വാഹനത്തിൽ മദ്യകുപ്പിയും സോഡയും ഉണ്ടായിരുന്നതായി ദൃക്സാക്ഷിയും പറയുന്നു.
ഇതിന് മുമ്പ് എസ് ഐയെ കണ്ടിട്ടുപോലുമില്ലെന്ന് കുഞ്ഞുമോൻ പറയുന്നു. ‘മദ്യലഹരിയിലായിരുന്നു എന്നെനിക്ക് മനസ്സിലായി. സ്വന്തം മകളുടെ മുന്നിൽ വെച്ച് ഒരു തെറ്റും ചെയ്യാത്ത തന്നെ തല്ലിയത് വളരെ മോശമായ കാര്യമാണെന്നും കുഞ്ഞുമോൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സുനിൽകുമാർ മദ്യപിച്ചിരുന്നുവെന്ന് വൈദ്യപരിശോധനയിൽ തെളിഞ്ഞിട്ടുണ്ട്. എസ്ഐയെ സസ്പെൻഡ് ചെയ്യും.
ഇന്നലെയാണ് നെടുമ്പാശ്ശേരി കരിയാട് മദ്യലഹരിയിലെത്തിയ പൊലീസ് കടയിൽ കയറി ഉടമയെയും കുടുംബത്തെയും മർദ്ദിച്ചതായി പരാതി ഉയര്‍ന്നത്. സി.ആർ.വി വാഹനത്തിലെത്തിയ എസ്ഐ ഒരു പ്രകോപനം ഇല്ലാതെ ചൂരൽ വീശി അതിക്രമം നടത്തിയെന്നാണ് കരിയാട് സ്വദേശി കടയുടമ കുഞ്ഞുമോൻ നൽകിയ പരാതിയിൽ പറയുന്നത്. സിആർവി ഡ്യൂട്ടിയിലുണ്ടായിരുന്ന സുനിൽകുമാറിനെ നെടുമ്പാശ്ശേരി പൊലീസ് കസ്റ്റഡിയിലെടുത്ത് അങ്കമാലി താലൂക്ക് ആശുപത്രിയിൽ മെഡിക്കൽ പരിശോധന നടത്തി. ഇയാൾ മദ്യപിച്ചിരുന്നതായി വൈദ്യപരിശോധനയിൽ വ്യക്തമായിരുന്നു.
കട പൂട്ടി വീട്ടിലേക്ക് ഇറങ്ങാനൊരുങ്ങുകയായിരുന്നു കുഞ്ഞുമോനും ഭാര്യയും സ്കൂൾ വിദ്യാർത്ഥിയായ മകളും. കുഞ്ഞുമോനും ജീവനക്കാരനും ചേർന്ന് ബേക്കറിയുടെ ഷട്ടർ അടയ്ക്കുന്നതിനിടെയാണ് പൊലീസ് കൺട്രോൾ റൂം വാഹനം കടയുടെ മുന്നിലെത്തിയത്. വാഹനത്തിൽ നിന്നിറങ്ങിയ എസ്.ഐ. സുനിൽകുമാർ മുന്നിൽ കണ്ടവരെയെല്ലാം ചൂരൽ വടി കൊണ്ടടിച്ചു. ഒരു പ്രകോപനവും ഇല്ലാതെ അസഭ്യം പറഞ്ഞ് മർദ്ദനം നടത്തിയെന്ന് കുഞ്ഞുമോന്റെ പരാതിയില്‍ പറയുന്നു. കുഞ്ഞുമോൻ, ഭാര്യ എൽബി, മകൾ മെറിൻ, സഹായി ബൈജു, വ്യാപാരി ജോണി എന്നിവർക്കാണ് മർദ്ദനമേറ്റത്. അതിക്രമം തുടർന്ന ഇയാളെ ഓടിക്കൂടിയ നാട്ടുകാർ തടഞ്ഞ് വെച്ചു.നെടുമ്പാശ്ശേരി പൊലീസിന് കൈമാറുകയായിരുന്നു.
Last Updated Sep 21, 2023, 11:09 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]