
തിരുവനന്തപുരം: കലാപകലുഷിതമായ മണിപ്പൂരിലെ പിഞ്ചു ബാലികയെ ചേർത്ത് പിടിച്ച് കേരളം. മണിപ്പൂരിൽ നിന്നെത്തി തൈക്കാട് മോഡൽ ഗവൺമെന്റ് എൽ പി സ്കൂളിൽ പ്രവേശനം നേടിയ ജേ ജെമ്മിനെ സ്കൂളിൽ സന്ദർശിച്ച് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്ത് മന്ത്രി വി.ശിവൻകുട്ടി. മണിപ്പൂരിൽ നിന്ന് ബന്ധുവിനൊപ്പം കേരളത്തിൽ എത്തിയതാണ് ജേ ജെം എന്ന ഹൊയ്നെജെം വായ്പേയ്. ജേ ജെമ്മിന്റെ വീട് അക്രമികൾ കത്തിച്ചതായാണ് വിവരം. മാതാപിതാക്കളും സഹോദരങ്ങളുമാകട്ടെ ഗ്രാമത്തിൽ നിന്ന് പാലായനം ചെയ്തു.
ഈ സാഹചര്യത്തിൽ കേരളത്തിൽ എത്തിയ ജേ ജെമ്മിന് മറ്റു രേഖകൾ ഒന്നും ഹാജരാക്കിയില്ലെങ്കിലും സർക്കാർ സ്കൂളിൽ പ്രവേശനം നൽകാൻ പൊതു വിദ്യാഭ്യാസ വകുപ്പ് തയ്യാറാകുകയായിരുന്നു. അങ്ങിനെ ജേ ജെം തിരുവനന്തപുരം തൈക്കാട് മോഡൽ ഗവൺമെന്റ് എൽ പി സ്കൂളിൽ മൂന്നാം ക്ലാസിൽ ചേർന്നു. ജേ ജെമ്മിനെ പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി സ്കൂളിൽ എത്തി നേരിൽ കണ്ടു.
ജേ ജെമ്മിന്റെ വിദ്യാഭ്യാസത്തിന് എല്ലാവിധ പിന്തുണയും ഉണ്ടാകുമെന്ന് അദ്ദേഹം അറിയിച്ചു. ജേ ജെം കേരളത്തിന്റെ വളർത്തുമകളാണ്. സമാധാനത്തോടെ ജീവിച്ചു പഠിക്കാനുള്ള സാമൂഹികാന്തരീക്ഷം കേരളത്തിലുണ്ട്. മണിപ്പൂരിലെ നിലവിലെ സാഹചര്യം ഏറെ ദുഃഖകരമാണ്. ആക്രമികൾക്കെതിരെ ശക്തമായ നടപടിയെടുക്കാൻ അധികൃതർ തയ്യാറാകണമെന്ന് മന്ത്രി വി.ശിവൻകുട്ടി ആവശ്യപ്പെട്ടു.
അതേസമയം കുക്കി സമുദായംഗങ്ങളായ രണ്ട് സ്ത്രീകളെ നഗ്നരാക്കി നടത്തുകയും ലൈംഗികാതിക്രമം നടത്തുകയും ചെയ്ത സംഭവത്തിൽ മണിപ്പൂരിൽ ഒരാളെ അറസ്റ്റ് ചെയ്തെന്ന് പൊലീസ്. മെയ് നാലിന് നടന്ന സംഭവത്തില്‍ ഇതുവരെയും ഒരാളെ പോലും അറസ്റ്റ് ചെയ്യാത്തതില്‍ വ്യാപക വിമർശനം ഉയര്‍ന്നിരുന്നു. വിഷയം പാർലമെന്റിലും പുറത്തും ശക്തമായി പ്രതിപക്ഷം ഉന്നയിക്കുന്നതിനിടെയാണ് ഒരു പ്രതിയെ അറസ്റ്റ് ചെയ്തെന്ന് മണിപ്പൂർ പൊലീസ് പറയുന്നത്. സംഭവത്തിൽ പ്രതികരിച്ച് മണിപ്പൂര്‍ മുഖ്യമന്ത്രി ബിരേൻ സിങും രംഗത്ത് വന്നു. കുറ്റക്കാർക്ക് വധശിക്ഷ ഉറപ്പാക്കാൻ ശ്രമിക്കുമെന്ന് പറഞ്ഞ മുഖ്യമന്ത്രി ഇത്തരം ക്രൂരകൃത്യങ്ങള്‍ക്ക് സമൂഹത്തില്‍ സ്ഥാനമില്ലെന്നും വ്യക്തമാക്കി.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകള്‍ തത്സമയം അറിയാം- Asianet News Live
Last Updated Sep 20, 2023, 9:17 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]