
മോസ്കോ: വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന്റെ റഷ്യൻ സന്ദർശനത്തിനിടെ പ്രസിഡന്റ് വ്ലാഡ്മിർ പുടിനും ചർച്ചയിൽ പങ്കാളിയായി. റഷ്യൻ വിദേശകാര്യ മന്ത്രിയുമായുമായുള്ള ചർച്ചയിലാണ് പ്രസിഡന്റ് പുടിനും പങ്കെടുത്തത്.
അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ താരിഫ് ഭീഷണിയുടെ പശ്ചാത്തലത്തിലാണ് മോസ്കോയിൽ ഈ നിർണായക കൂടിക്കാഴ്ച നടന്നത്. റഷ്യൻ വിദേശകാര്യ മന്ത്രി സെർഗെയ് ലാവ്റോവ്, റഷ്യയുടെ ഉപപ്രധാനമന്ത്രിയും ഇന്റർഗവൺമെന്റൽ റഷ്യൻ – ഇന്ത്യൻ കമ്മീഷന്റെ ചെയർമാനുമായ ഡെനിസ് മന്റുറോവ്, ഇന്ത്യയുടെ റഷ്യയിലെ അംബാസഡർ വിനയ് കുമാർ എന്നിവരും കൂടിക്കാഴ്ചയിൽ പങ്കെടുത്തെന്ന് റഷ്യൻ പ്രസിഡന്റിന്റെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു.
ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനും വിവിധ മേഖലകളിലെ സഹകരണം വർധിപ്പിക്കുന്നതിനും കൂടിക്കാഴ്ച ഗുണമാകുമെന്നും പുടിന്റെ ഓഫീസ് പ്രതികരിച്ചു. നേരത്തെ റഷ്യൻ വിദേശകാര്യ മന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയുടെ വിവരങ്ങൾ ജയശങ്കർ പങ്കുവച്ചിരുന്നു.
വ്യാപാരം, നിക്ഷേപം, ഊർജം, വളം, ആരോഗ്യം, നൈപുണ്യ വികസനം, പ്രതിരോധം, ജനങ്ങൾ തമ്മിലുള്ള ആശയവിനിമയം എന്നിവയെക്കുറിച്ച് ചർച്ച ചെയ്തതായി ജയശങ്കർ എക്സിൽ കുറിച്ചു. യുക്രൈൻ, യൂറോപ്പ്, ഇറാൻ, പശ്ചിമേഷ്യ, അഫ്ഗാനിസ്ഥാൻ, ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ വിഷയങ്ങൾ എന്നിവ ചർച്ചയായെന്നും ജയശങ്കർ വിവരിച്ചു.
യു എൻ, ജി 20, എസ് സി ഒ, ബ്രിക്സ് തുടങ്ങിയ അന്താരാഷ്ട്ര വേദികളിലെ സഹകരണവും ചർച്ചയിൽ ഉൾപ്പെട്ടെന്നും ഇന്ത്യൻ വിദേശകാര്യ മന്ത്രി കൂട്ടിച്ചേർത്തു. ഇന്ത്യയും റഷ്യയും തമ്മിലുള്ള ബന്ധം രണ്ടാം ലോകമഹായുദ്ധത്തിനുശേഷം ലോകത്തിലെ ഏറ്റവും സ്ഥിരതയുള്ള ഒന്നാണെന്നും ജയശങ്കർ അഭിപ്രായപ്പെട്ടു.
റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്റോവും ഇതേ അഭിപ്രായം പങ്കുവെച്ചു. ഇരു രാജ്യങ്ങളിലെയും നേതാക്കൾ ചേർന്ന് രൂപപ്പെടുത്തിയ ഈ ബന്ധത്തെ ഒരു പ്രത്യേക തന്ത്രപരമായ പങ്കാളിത്തം എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്.
റഷ്യൻ ഉപപ്രധാനമന്ത്രി ഡെനിസ് മാന്റ്റോവുമായി വ്യാപാര – സാമ്പത്തിക ചർച്ചകൾ നടത്തിയ ശേഷമാണ് ജയശങ്കർ മോസ്കോയിലെത്തിയത്. ലാവ്റോവുമായി നടത്തിയ കൂടിക്കാഴ്ച രാഷ്ട്രീയ ബന്ധവും ഉഭയകക്ഷി സഹകരണവും അവലോകനം ചെയ്യാനുള്ള അവസരമാണെന്ന് അദ്ദേഹം പറഞ്ഞു.
രാഷ്ട്രീയം, വ്യാപാരം, സാമ്പത്തികം, നിക്ഷേപം, പ്രതിരോധം, ശാസ്ത്രം, സാങ്കേതികവിദ്യ, ജനങ്ങൾ തമ്മിലുള്ള ബന്ധം എന്നിവയെക്കുറിച്ച് സംസാരിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ജയശങ്കർ പറഞ്ഞു. കഴിഞ്ഞ വർഷം നടന്ന 22 -ാമത് വാർഷിക ഉച്ചകോടിയും കസാനിൽ നടന്ന കൂടിക്കാഴ്ചകളും ഉൾപ്പെടെ അടുത്തിടെ നടന്ന ഉന്നതതല ഇടപെടലുകളെക്കുറിച്ചും ജയശങ്കർ സംസാരിച്ചു.
ഈ വർഷം അവസാനം അടുത്ത ഉച്ചകോടിക്ക് ഒരുങ്ങുകയാണെന്നും അദ്ദേഹം പറഞ്ഞു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്, നിതി ആയോഗ് വൈസ് ചെയർമാൻ സുമൻ ബെറി എന്നിവരുടെ സന്ദർശനങ്ങളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.
ഇതെല്ലാം ഇന്ത്യയും റഷ്യയും ബന്ധം എത്ര ആഴത്തിലുള്ളതാണെന്ന് കാണിക്കുന്നുവെന്നാണ് ജയശങ്കർ അഭിപ്രായപ്പെട്ടത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]