
മഴയത്ത് വീണ് കാലിൽ പരിക്കേറ്റതായി അറിയിച്ചിട്ടും കമ്പനി തനിക്ക് നൽകിയ മറുപടി ഞെട്ടിക്കുന്നത് എന്ന് സിംഗപ്പൂരിലുള്ള ഒരു ഡെലിവറി ഡ്രൈവർ. ഗ്രാബിൽ ജോലി ചെയ്തിരുന്ന ഡെലിവറി ഡ്രൈവറാണ് തനിക്കുണ്ടായ നിരാശാജനകമായ അനുഭവം പങ്കുവച്ചത്.
തനിക്ക് ഷിഫ്റ്റിനിടെ മഴയത്ത് വഴുതിവീണ് കാലിന് പരിക്കേറ്റു എന്നാണ് യുവാവ് കമ്പനിയെ അറിയിച്ചത്. എന്നാൽ, ഒട്ടും നല്ലതായിരുന്നില്ല കമ്പനിയിൽ നിന്നും യുവാവിന് ലഭിച്ച മറുപടി.
ആരിഫ് എന്ന ഡ്രൈവർ ഒരു ഓർഡറാണ് ആക്സെപ്റ്റ് ചെയ്തിരുന്നത്. എന്നാൽ, ഗ്രാബ് ആപ്പ് ആരിഫിന് വേണ്ടി രണ്ട് പുതിയ ഓർഡറുകൾ കൂടി സ്വയമേവ സ്വീകരിക്കുകയായിരുന്നു.
പരിക്കേറ്റിരുന്ന ആരിഫ് തന്റെ അവസ്ഥയെ കുറിച്ച് ഗ്രാബ് സപ്പോർട്ടിൽ അറിയിച്ചു. പരിക്കിന്റെ ചിത്രമടക്കമാണ് അറിയിച്ചത്.
മാത്രമല്ല, ആ ഡെലിവറി മറ്റൊരാൾക്ക് നൽകാൻ ആപ്പിന് എളുപ്പത്തിൽ സാധ്യമാവും എന്നും ആരിഫ് പറയുന്നു. എന്നാൽ, അങ്ങനെ ചെയ്യുന്നതിന് പകരം തന്നോട് തന്നെ ഡെലിവറി പൂർത്തിയാക്കാനാണ് ആവശ്യപ്പെട്ടത് എന്നാണ് യുവാവ് പറയുന്നത്.
ഓർഡറുകൾ എത്തിച്ചു നൽകാൻ കഴിഞ്ഞില്ലെങ്കിൽ ഡ്രൈവർ അത് സ്വീകരിക്കാൻ പാടില്ലായിരുന്നു എന്ന് പറഞ്ഞുകൊണ്ടാണ് സപ്പോർട്ട് എക്സിക്യൂട്ടീവ് ആരിഫിന്റെ ഓർഡറുകൾ മറ്റൊരാളെ ഏൽപ്പിക്കാൻ വിസമ്മതിച്ചത്. ഓർഡറുകൾ എത്തിക്കാൻ കഴിഞ്ഞില്ലെങ്കിൽ ആരിഫ് തന്നെ അത് കാൻസൽ ചെയ്യേണ്ടി വരുമെന്നും അറിയിച്ചു.
‘നിങ്ങളുടെ സാഹചര്യത്തെ കുറിച്ച് അറിയിച്ചതിൽ നന്ദിയുണ്ട്. എന്നാൽ, നിങ്ങൾക്ക് മഴയെ കുറിച്ചും നിങ്ങൾക്കേറ്റ പരിക്കിനെ കുറിച്ചും ഒക്കെ അറിയാമായിരുന്നു.
പിന്നെയുമെന്തിനാണ് നിങ്ങൾ ഇത് ഏറ്റെടുത്തത്? പക്ഷേ, ക്ഷമിക്കണം ഞങ്ങൾക്ക് നിങ്ങളുടെ ഓർഡറുകൾ മാറ്റിക്കൊടുക്കാൻ കഴിയില്ല. നിങ്ങൾക്ക് വേണമെങ്കിൽ അത് ക്യാൻസൽ ചെയ്യാം’ എന്നായിരുന്നു സപ്പോർട്ട് എക്സിക്യൂട്ടീവിന്റെ മറുപടി.
യാതൊരു കരുണയുമില്ലാത്ത ഈ മറുപടി തന്നെ നിരാശനാക്കി എന്നാണ് ആരിഫ് പറയുന്നത്. ആ രണ്ട് ഓർഡറുകളും ഓട്ടോമാറ്റിക്കായി ആക്സെപ്റ്റ് ചെയ്തതാണ് എന്നും അതുപോലും ചാറ്റ് സപ്പോർട്ടിന് മനസിലായില്ല എന്നും യുവാവ് പറയുന്നു.
എന്തായാലും യുവാവിന്റെ പ്രതികരണം വൈറലായതോടെ ഗ്രാബ് ഖേദപ്രകടനവുമായി എത്തി. ജോലിക്കിടയിൽ പരിക്കേറ്റാൽ പാർട്ണർമാർ ഉടനെ തന്നെ ജോലി നിർത്തുകയും ആവശ്യമായ ചികിത്സ തേടുകയും തന്നെയാണ് വേണ്ടത് എന്നും ആപ്പിന്റെ വക്താവ് പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]