
ജ്വലിച്ചുനിന്ന ഒരു പകലിന്റെ അവസാനം. ചുവപ്പുപ്രകാശം ബാക്കിയാക്കി സൂര്യൻ അസ്തമിച്ചിരിക്കുന്നു.
മഴ മൂടി ഇരുള് വീണു തുടങ്ങിയ സന്ധ്യയിൽ, എകെജി പഠനഗവേഷണ കേന്ദ്രത്തിലേക്ക് വിഎസ് അവസാനമായി എത്തിയപ്പോൾ, കാത്തുനിന്ന ആയിരങ്ങളുടെ ചങ്കിലെ സങ്കടമിടിപ്പുകൾ ഈങ്ക്വിലാബിന്റെ ഇടിമുഴക്കമായി. നിത്യനിദ്രയെന്ന വിശേഷണത്തെ വെറും അലങ്കാരവാക്കാക്കി, പോരാട്ടങ്ങളുടെ നായകൻ ആ മിടിപ്പുകളിൽ എന്നേക്കുമുള്ള ജീവസാന്നിധ്യമായി.
കാലമതിനു സാക്ഷി; ചരിത്രവും.
ഒരു മാസത്തോളമായി വിഎസ് ചികിത്സയില്‍ കഴിഞ്ഞിരുന്ന എസ്യുടി ആശുപത്രിയിലേക്ക് ഉച്ചയ്ക്കു ശേഷം മുഖ്യമന്ത്രി പിണറായി വിജയനും മുതിര്‍ന്ന നേതാവ് എസ്.രാമചന്ദ്രന് പിള്ളയും ഉള്‍പ്പെടെയുള്ള നേതാക്കള്‍ എത്തിയപ്പോള്‍ത്തന്നെ, വിഎസിനെ സ്നേഹിക്കുന്നവരുടെ ചങ്കിടിപ്പേറിയിരുന്നു. വിഎസിന്റെ രക്തസമ്മര്‍ദത്തില്‍ വ്യതിയാനം വരുന്നെന്നും നില അതീവഗുരുതരമാണെന്നും അദ്ദേഹത്തിന്റെ സന്തതസഹചാരിയായിരുന്ന സുരേഷ് അറിയിക്കുകയും ചെയ്തു.
മുഖ്യമന്ത്രി ഉള്‍പ്പെടെ വിദഗ്ധ ഡോക്ടര്‍മാരുമായി ചര്‍ച്ച നടത്തി. പതിവു പോലെ വിഎസ് പൊരുതിനില്ക്കുമെന്ന പ്രതീക്ഷകള്‍ അസ്ഥാനത്താക്കി, 3.20ന് ആ വാർത്തയെത്തി: വിഎസ് വിടപറഞ്ഞു.
സമൂഹത്തിന്റെ വിവിധ തുറകളില്നിന്നുള്ളവരാണ് ആരാധ്യനേതാവിനെ അവസാനമായി ഒരു നോക്കു കാണാന്‍ ആശുപത്രിയിലേക്ക് ഒഴുകിയെത്തിയത്.
വിഎസിന്റെ അവസാനനിമിഷങ്ങളില്‍ ബന്ധുക്കളെ ആശ്വസിപ്പിക്കാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയന് മാധ്യമങ്ങള്‍ക്കു മുന്നിലെത്തി വിഎസിനെ അനുസ്മരിച്ചു. കേരളവും രാജ്യവും കണ്ട
മഹാനായ കമ്യൂണിസ്റ്റ് പോരാളിയാണ് വിഎസ് എന്നും വിഎസ് എന്ന രണ്ടക്ഷരം കേരളീയ സമൂഹത്തില്‍ പോരാട്ടത്തിന്റെ പ്രതീകമായിരുന്നുവെന്നും അദ്ദേഹം അനുസ്മരിച്ചു. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി പ്രിയനേതാവിന്റെ ഭൗതികശരീരം ആംബുലന്‍സിലേക്ക് കയറ്റുമ്പോള്‍, കേരളം നെഞ്ചേറ്റിയ മുദ്രാവാക്യം ഉയര്‍ന്നുപൊങ്ങി.
‘ധീര സഖാവേ വിഎസേ, കണ്ണേ കരളേ വിഎസേ, ജീവിക്കുന്നു ഞങ്ങളിലൂടെ..’
ഭരണത്തലവനായി ഒന്നാം നമ്പര്‍ കാറില്‍ പോയിരുന്ന വീഥികളിലൂടെ വിഎസ് അവസാനമായി മടങ്ങി, 11 വര്‍ഷം പാര്‍ട്ടിയുടെ അമരക്കാരനായി നിറഞ്ഞുനിന്ന എകെജി പഠനഗവേഷണ കേന്ദ്രത്തിലേക്ക്. വിഎസിന്റെ ഭൗതികശരീരവും വഹിച്ച് ആംബുലന്‍സ് എത്തുമ്പോള്‍ പാര്‍ട്ടി ആസ്ഥാനവും പരിസരവും ജനസമുദ്രം.
പ്രിയനേതാവിനെ ഒരു നോക്കുകാണാനും അന്ത്യാഞ്ജലി അര്‍പ്പിക്കാനും ആയിരക്കണക്കിനാളുകളാണ് ഒഴുകിയെത്തിയത്. അന്തരീക്ഷത്തിലുയരുന്ന മുഷ്ടികള്‍ക്കും മുദ്രാവാക്യങ്ങള്‍ക്കും നടുവിലൂടെ ഏറെ പണിപ്പെട്ടാണ് വിഎസിന്റെ ഭൗതികശരീരം പൊതുദര്‍ശനത്തിനായി ഹാളിലേക്ക് എത്തിച്ചത്.
‘ഇല്ലാ, ഇല്ലാ പിന്നോട്ടില്ലാ’ എന്ന മുദ്രാവാക്യം പോലെ വിഎസ് തെളിച്ചിട്ട വഴികളിലൂടെ മുന്നോട്ടുപോകാന്‍ അദ്ദേഹത്തിന്റെ ഓര്‍മകള്‍ കരുത്താകുമെന്ന് പലരും പ്രതികരിച്ചു.
സിപിഎമ്മിന്റെ ക്രൗഡ്പുള്ളര്‍ ആയിരുന്ന വിഎസ് അവസാനമായി പാര്‍ട്ടി ആസ്ഥാനത്ത് എത്തുമ്പോഴും അണമുറിയാതെ ജനക്കൂട്ടം അദ്ദേഹത്തെ കാത്തുനിന്നു, പുഷ്പങ്ങള്‍ അര്‍പ്പിച്ച് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]