
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനോടുള്ള ആദര സൂചകമായി സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിച്ചതിനാൽ നാളത്തെ എല്ലാ പരീക്ഷകളും ഇന്റർവ്യൂകളും മാറ്റി വെച്ചെന്ന് പിഎസ്സിയുടെ അറിയിപ്പ്. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്നും പി എസ് സി വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.
വി എസിനോടുള്ള ആദര സൂചകമായി സംസ്ഥാനത്ത് നാളെ പൊതു അവധി പ്രഖ്യാപിച്ചതിനൊപ്പം 3 ദിവസം ഔദ്യോഗിക ദുഃഖാചരണവും പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ സംസ്ഥാനത്തെ എല്ലാ സർക്കാർ ഓഫീസുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവക്കെല്ലാം അവധി ബാധകമാണ്.
നാളത്തെ പൊതുഅവധി സംസ്ഥാനത്തെ ബാങ്കുകൾക്കും ബാധകമാണ്. നാളെ സംസ്ഥാനത്തെ ബാങ്കുകൾ പ്രവർത്തിക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്.
ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ച 3 ദിവസവും സർക്കാർ കെട്ടിടങ്ങളിൽ ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും. വി എസ് അച്യുതാനന്ദൻ്റെ നിര്യാണത്തെ തുടർന്ന് നാളെ നടത്താനിരുന്ന കാലിക്കറ്റ് സർവകലാശാലാ വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പും മാറ്റിയിട്ടുണ്ട്.
ഈ മാസം 26 ലേക്കാണ് തെരഞ്ഞെടുപ്പ് മാറ്റിയത്. ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് വൈകിട്ട് 3.20 നായിരുന്നു വി എസ് അച്യുതാനന്ദൻ ജിവിതത്തോട് വിടപറഞ്ഞത്.
മൃതദേഹം ഇന്ന് രാത്രി തിരുവനന്തപുരത്തെ വീട്ടിലും നാളെ രാവിലെ 9 മണിക്ക് ദര്‍ബാര്‍ ഹാളിലും പൊതുദർശനത്തിന് വെക്കും. നാളെ ഉച്ചയോടെ മൃതദേഹം ആലപ്പുഴയിലേക്ക് കൊണ്ടുപോകും.
സംസ്കാരം മറ്റന്നാൾ നടത്താനാണ് തീരുമാനം. അതേസമയം വിഎസ് അച്യുതാനന്ദൻ്റെ മൃതദേഹം എ കെ ജി സെന്ററിലെത്തിച്ചു.
പ്രിയ നേതാവിനെ ഒരു നോക്ക് കാണാന്‍ നൂറുകണക്കിന് ആളുകളാണ് എ കെ ജി സെന്ററിലെത്തിയിരിക്കുന്നത്. കണ്ണേ കരളേ വി എസേയെന്ന് ആർത്തുവിളിച്ച ജനസാഗരത്തിന് നടുവിലൂടെയാണ് വി എസിന്റെ മൃതദേഹം ആശുപത്രിയിൽ നിന്നിറക്കി എ കെ ജി സെന്ററില്‍ പൊതുദര്ശനത്തില് വെച്ചത്.
മുഖ്യമന്ത്രി പിണറായി വിജയനും സി പി എം ജനറൽ സെക്രട്ടറി എം എ ബേബിയും സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും മുൻ മുഖ്യമന്ത്രി എ കെ ആന്റണിയും അടക്കമുള്ള പ്രമുഖ നേതാക്കള്‍ വി എസിന് ആദരാഞ്ജലി അര്‍പ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാഷ്ട്രപതി ദ്രൗപതി മുർമ്മുവും അടക്കമുള്ളവർ സോഷ്യൽ മീഡിയയിലൂടെ തങ്ങളുടെ ദുഃഖം പങ്കുവച്ചിട്ടുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]