
വിഎസ് മലമ്പുഴ നിയോജക മണ്ഡലത്തിൽ മത്സരിക്കാനെത്തിയപ്പോഴായിരുന്നു അദ്ദേഹവുമായുള്ള ആത്മബന്ധത്തിനു തുടക്കമായത്. പിന്നീടാണ് പഴ്സനൽ സ്റ്റാഫിലേക്കു പാർട്ടി നിയോഗിക്കുന്നത്.
മണ്ഡലത്തിലെ കാര്യങ്ങൾ നോക്കാനും പരാതികൾ പരിഹരിക്കാനുമുള്ള ചുമതലയാണ് വിഎസ് ആദ്യം നൽകിയത്. മുഴുവൻ സമയവും കൂടെ വേണമെന്ന് പിന്നീട് ആവശ്യപ്പെട്ടു.
സന്തതസഹചാരിയായുള്ള ജീവിതത്തിന്റെ തുടക്കം അവിടെ നിന്നാണ്. വിഎസിന്റെ നിഷ്കളങ്കതയാണ് ഞാൻ അദ്ദേഹത്തിൽ അടുത്തറിഞ്ഞ ഏറ്റവും വലിയ സവിശേഷത.
കേട്ടറിഞ്ഞതിൽനിന്നു തീർത്തും വിഭിന്നനായിരുന്നു കണ്ടറിഞ്ഞ വിഎസ്.
കർക്കശക്കാരനും വെട്ടിനിരത്തലിന്റെ വക്താവുമെന്ന വിശേഷണത്തിനു വിരുദ്ധമായി, നിഷ്കളങ്കനും പാവങ്ങളുടെ പ്രശ്നങ്ങൾക്ക് ഏറ്റവും മുൻഗണന കൊടുക്കുന്നയാളും അഴിമതിക്കെതിരെ ഏതറ്റം വരെയും പോരാടാൻ തയാറായ നേതാവുമാണ് ഞാൻ മനസ്സിലാക്കിയ വി.എസ്. അച്യുതാനന്ദൻ.
വിഎസിന് എന്നെ നൂറു ശതമാനവും വിശ്വാസമായിരുന്നു. പിതൃതുല്യമായ ആ വാത്സല്യവും കരുതലും ജീവിതയാത്രയിലെ കരുത്താണ്.
പാവങ്ങളുടെ പ്രശ്നങ്ങൾക്ക് എന്നും മുൻഗണന നൽകുന്ന പ്രകൃതം. തികഞ്ഞ പോരാളി.
അഴിമതിക്കെതിരെ ഏതറ്റവും വരെ മുന്നേറാനുളള ഉറപ്പ്. ഇതൊക്കെയാണ് വിഎസിനെ വ്യത്യസ്തനാക്കുന്നതും.
നൂറു ശതമാനവും വിശ്വാസമുള്ളതിനാൽ യാത്രയിലും മറ്റും എന്നും കൂടെ വേണമെന്ന് നിർദേശിച്ചിരുന്നു.
വ്യക്തിപരമായ കാര്യങ്ങൾ എപ്പോഴും അന്വേഷിക്കും. അദ്ദേഹം കൂടെയുണ്ടെന്ന കരുതൽ നമുക്കു നൽകുന്ന കരുത്ത് ചെറുതല്ല.
വിഎസിന്റെ വലിയ ഗുണവും ആ കരുതലാണ്. പ്രതിസന്ധികളിൽ അക്ഷോഭ്യൻ.
രാഷ്ട്രീയ വിവാദങ്ങളും പുറത്തെ പ്രശ്നങ്ങളും പ്രതിസന്ധികളും വിഎസിനെ ബാധിക്കാറില്ല. ആരോടും ദേഷ്യപ്പെട്ട് മുഷിഞ്ഞ് സംസാരിക്കുന്ന പ്രകൃതമായിരുന്നില്ല.
ദേഷ്യം മുഖത്തുണ്ടാകും. പക്ഷേ അതു മറ്റുള്ളവരോട് പ്രകടിപ്പിക്കുന്ന അവസ്ഥ അപൂർവമായി മാത്രമേ ഉണ്ടായിട്ടുള്ളു.
മനസ്സിൽ വിഷമമുള്ളത് നമുക്കു മനസ്സിലാക്കാനാകും. വിഎസിനു വലിയ വിഷമമുണ്ടായ ഘട്ടങ്ങളും നേരിട്ടു കണ്ടിട്ടുണ്ട്.
മനസ്സിലെ വിഷമം അദ്ദേഹത്തെ ബാധിച്ചു എന്നു ബോധ്യപ്പെട്ട സന്ദർഭങ്ങൾ.
പാർട്ടിയിൽനിന്നു ഞാൻ ഉൾപ്പെടെ മൂന്നുപേർ പുറത്താക്കപ്പെട്ട
ഘട്ടങ്ങളിലൊക്കെ വിഎസിന് നല്ല വിഷമമുണ്ടായിരുന്നു. സംസ്ഥാന കമ്മിറ്റിയെടുത്ത തീരുമാനം കേന്ദ്ര കമ്മിറ്റി റദ്ദാക്കും എന്നാണ് വിഎസ് പ്രതീക്ഷിച്ചിരുന്നത്.
പുറത്താക്കിയപ്പോൾ അദ്ദേഹം വല്ലാതെ അസ്വസ്ഥനായിരുന്നു. പുറത്താക്കപ്പെട്ട
ശേഷവും സുരേഷ് കൂടെ വേണമെന്ന് ഒരു ഘട്ടത്തിൽ പറഞ്ഞിരുന്നു. പാർട്ടിയാണ് നിയോഗിച്ചതെന്നും പാർട്ടി പുറത്താക്കിയാൽ പിന്നെ കൂടെ നിൽക്കുന്നത് ശരിയല്ലെന്നും ഞാൻ അങ്ങോട്ടു പറയുകയായിരുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]