
മുംബൈ∙ 2006 ജൂലൈ 11ന് മുംബൈ ലോക്കൽ ട്രെയിനുകളിലുണ്ടായ സ്ഫോടന പരമ്പരയുമായി ബന്ധപ്പെട്ട കേസിലെ 12 പ്രതികളെയും ബോംബെ ഹൈക്കോടതി വിട്ടയച്ചു.
അഞ്ചു പേർക്ക് വധശിക്ഷയും ഏഴു പേർക്ക് ജീവപര്യന്തവും നൽകിയ വിചാരണക്കോടതിയുടെ വിധിയാണ് റദ്ദാക്കിയത്. ആറു മലയാളികൾ ഉൾപ്പെടെ 180 പേരുടെ മരണത്തിന് കാരണമായ സ്ഫോടന പരമ്പരയിൽ എഴുന്നൂറിലേറെപ്പേർക്കാണു പരുക്കേറ്റത്.
സ്ഫോടനത്തിന് 19 വർഷങ്ങൾക്കുശേഷമാണ് ഹൈക്കോടതി വിധി വരുന്നത്.
2015 സെപ്റ്റംബർ 30ന് മഹാരാഷ്ട്രയിലെ വിചാരണ കോടതി 12 പ്രതികളെയും കുറ്റക്കാരായി കണ്ടെത്തി അഞ്ചു പേർക്ക് വധശിക്ഷയും മറ്റുള്ളവർക്ക് ജീവപര്യന്തം തടവും വിധിച്ചിരുന്നു. പ്രതിയാക്കപ്പെട്ടവർക്കെതിരായ കുറ്റം തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ അമ്പേ പരാജയപ്പെട്ടെന്ന് ജസ്റ്റിസുമാരായ അനിൽ കിലോർ, ശ്യാം ചന്ദക് എന്നിവരുടെ ബെഞ്ച് വിചാരണക്കോടതി വിധി റദ്ദാക്കിക്കൊണ്ട് പറഞ്ഞു.
‘‘ഇവർ കുറ്റം ചെയ്തെന്ന് വിശ്വസിക്കാൻ പ്രയാസമാണ്. അതുകൊണ്ട് ശിക്ഷാവിധി റദ്ദാക്കുന്നു.
ഇവർക്കെതിരെ മറ്റു കേസുകൾ ഇല്ലെങ്കിൽ ജയിൽമോചിതരാക്കണം. പ്രോസിക്യൂഷന് തെളിയിക്കാനാകാത്തതിനാൽ സംശയത്തിന്റെ ആനുകൂല്യം നൽകിയാണു വിട്ടയയ്ക്കുന്നത്.
അന്വേഷണത്തിൽ കണ്ടെത്തിയ ആയുധങ്ങളും സ്ഫോടകവസ്തുക്കളും ഭൂപടങ്ങളും ലോക്കൽ ട്രെയിനിലെ സ്ഫോടനവുമായി ബന്ധമില്ലാത്തതാണ്. സ്ഫോടനത്തിൽ ഉപയോഗിച്ച ബോംബുകൾ ഏതെന്നു തെളിയിക്കാൻ പ്രോസിക്യൂഷനു കഴിഞ്ഞില്ല’’ – കോടതി പറഞ്ഞു.
11 മിനിറ്റിനുള്ളിൽ ഏഴു ബോംബുകളാണ് മുംബൈയിലെ വിവിധ ലോക്കൽ ട്രെയിനുകളിലായി പൊട്ടിത്തെറിച്ചത്.
പ്രഷർ കുക്കറുകളിലാണ് ബോംബുകൾ വച്ചിരുന്നത്. ആദ്യത്തേത് 6.24നും അവസാനത്തേത് 6.35നുമാണ് പൊട്ടിത്തെറിച്ചത്.
ലോക്കൽ ട്രെയിനുകളിലെ ഏറ്റവും തിരക്കേറിയ സമയമായിരുന്നു അത്. ചർച്ച്ഗേറ്റിൽനിന്നുള്ള ട്രെയിനുകളിലെ ഫസ്റ്റ്–ക്ലാസ് കംപാർട്മെന്റുകളിലായിരുന്നു സ്ഫോടകവസ്തുക്കൾ വച്ചത്.
മാട്ടുംഗ റോഡ്, മാഹിം ജംഗ്ഷൻ, ബാന്ദ്ര, ഖാർ റോഡ്, ജോഗേശ്വരി, ഭയാൻഡർ, ബോറിവാലി എന്നീ സ്റ്റേഷനുകൾക്കു സമീപമായാണ് സ്ഫോടനങ്ങളുണ്ടായത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]