
വാഷിംഗ്ടൺ: ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും തമ്മിൽ ഇടയുന്നതിന്റെ സൂചനകൾ പുറത്ത്. ഒരു ഭ്രാന്തനെപ്പോലെയാണ് നെതന്യാഹു പ്രവർത്തിക്കുന്നതെന്നും അദ്ദേഹം എല്ലാ സമയത്തും ബോംബിടുകയാണെന്നും ഒരു വൈറ്റ് ഹൗസ് ഉദ്യോഗസ്ഥൻ തുറന്നടിച്ചതോടെയാണ് ട്രംപ് – നെതന്യാഹു ബന്ധത്തിൽ വിള്ളൽ വീഴുകയാണെന്ന റിപ്പോര്ട്ടുകൾ അന്താരാഷ്ട്ര മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ട് തുടങ്ങി.
സിറിയൻ പ്രസിഡൻഷ്യൽ പാലസിന് നേർക്ക് അടുത്തിടെ നടന്ന ഇസ്രായേൽ ആക്രമണത്തെക്കുറിച്ചായിരുന്നു വൈറ്റ് ഹൗസ് ഉദ്യോഗസ്ഥന്റെ പരാമർശം. ‘ബിബി ഒരു ഭ്രാന്തനെപ്പോലെയാണ് പ്രവർത്തിച്ചത്.
അദ്ദേഹം എല്ലാ സമയത്തും ബോംബിടുകയാണ്. ഇത് ട്രംപ് ചെയ്യാൻ ശ്രമിക്കുന്ന കാര്യങ്ങളെ ദുർബലപ്പെടുത്തിയേക്കാം’ – യുഎസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
ഡമാസ്കസിലെ ഇസ്രായേൽ വ്യോമാക്രമണങ്ങൾക്കും തെക്കൻ സിറിയയിലെ സർക്കാർ സേനകളെ ലക്ഷ്യമിട്ടതിനും പിന്നാലെയാണ് വൈറ്റ് ഹൗസ് ഉദ്യോഗസ്ഥന്റെ ഈ പരാമർശമെന്നുള്ളതാണ് ശ്രദ്ധേയം. സിറിയയുമായുള്ള യുഎസിന്റെ ബന്ധം അടുത്തിടെ വലിയ പുരോഗതി കൈവരിച്ചിരുന്നു.
ഇതിനിടെ ഗാസ മുനമ്പിലെ ഏക കത്തോലിക്കാ പള്ളിയായ ഹോളി ഫാമിലി കത്തോലിക്കാ പള്ളിയുടെ കോമ്പൗണ്ടും ഇസ്രായേൽ ആക്രമിച്ചിരുന്നു. ഗാസയിലെ പള്ളിക്ക് നേരെയുണ്ടായ ആക്രമണത്തിന് പിന്നാലെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നെതന്യാഹുവിനെ വിളിച്ച് വിശദീകരണം ആവശ്യപ്പെട്ടതായി മറ്റൊരു യുഎസ് ഉദ്യോഗസ്ഥൻ പറഞ്ഞുവെന്നുള്ള റിപ്പോര്ട്ടുകളുണ്ട്.
നെതന്യാഹുവിന്റെ മൂന്നാമത്തെ യുഎസ് സന്ദർശനത്തിന് ദിവസങ്ങൾക്ക് ശേഷമാണ് ഈ പരാമർശം വരുന്നത്. ഈ സന്ദർശനത്തിൽ ട്രംപുമായി നിരവധി കൂടിക്കാഴ്ചകളും വൈറ്റ് ഹൗസിൽ ഒരു അത്താഴവിരുന്നും ഉൾപ്പെട്ടിരുന്നു.
എന്നാൽ, ഗാസ യുദ്ധത്തിൽ ഒരു വഴിത്തിരിവും ഉണ്ടായില്ല. ട്രംപ് ഭരണകൂടത്തിനുള്ളിൽ നെതന്യാഹുവിനോടുള്ള സംശയം വർദ്ധിച്ചുവരികയാണെന്ന് മറ്റൊരു വൈറ്റ് ഹൗസ് ഉദ്യോഗസ്ഥനും പറഞ്ഞു.
ഇസ്രായേൽ പ്രധാനമന്ത്രി വളരെ അക്ഷമനും പ്രശ്നക്കാരനുമാണ് എന്ന് അദ്ദേഹം സൂചിപ്പിച്ചത്. നെതന്യാഹു ചിലപ്പോൾ അനുസരണയില്ലാത്ത ഒരു കുട്ടിയെപ്പോലെയാണെന്നും യുഎസ് ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു.
ഇതിനിടെയും ട്രംപിന്റെ പരാമർശങ്ങളെക്കുറിച്ച് ഇസ്രായേൽ വക്താവ് സിൻ അഗ്മോന്റെ ഭാഗത്തുനിന്ന് പ്രതികരണമൊന്നും ഉണ്ടായിട്ടില്ല. സിറിയയിലെ ഇസ്രായേൽ ആക്രമണത്തിന് പിന്നാലെ, സംഘർഷം അവസാനിപ്പിക്കാൻ യുഎസ് ഇടപെട്ടിരുന്നു.
പിന്നാലെ ഇരു രാജ്യങ്ങളും തമ്മിൽ വെടിനിർത്തൽ പ്രഖ്യാപിച്ചതായി തുർക്കിയിലെ അമേരിക്കൻ അംബാസഡർ അറിയിച്ചു. ഇസ്രായേൽ ആക്രമണം തടഞ്ഞ ഒരു വെടിനിർത്തൽ യുഎസ് ഉണ്ടാക്കിയെടുത്തെങ്കിലും, നെതന്യാഹുവിനെയും അദ്ദേഹത്തിന്റെ നയങ്ങളെയും കുറിച്ച് ട്രംപ് ഭരണകൂടം കൂടുതൽ ആശങ്കാകുലരാണെന്ന് ആറ് യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ആക്സിയോസ് റിപ്പോർട്ട് ചെയ്തു.
എങ്കിലും, ട്രംപ് നെതന്യാഹുവിനെ പരസ്യമായി വിമർശിക്കുകയോ തന്റെ ഉദ്യോഗസ്ഥർക്കുള്ള അതേ നിരാശകൾ തനിക്കുമുണ്ടെന്ന് വ്യക്തമാക്കുകയോ ചെയ്തിട്ടില്ല. നെതന്യാഹുവിന്റെ യുഎസ് സന്ദർശന വേളയിൽ പുറത്തിറക്കിയ ഒരു വീഡിയോയിൽ, ഇസ്രായേൽ പ്രധാനമന്ത്രി ഇംഗ്ലീഷിൽ സംസാരിക്കുമ്പോൾ ഇരു രാജ്യങ്ങളും തമ്മിലുള്ള അചഞ്ചലമായ സഖ്യത്തെ കുറിച്ച് പറയുകയും ട്രംപിനെ ആവർത്തിച്ച് പ്രശംസിക്കുകയും ചെയ്തിരുന്നു.
കൂടാതെ, ട്രംപിനെ സമാധാനത്തിനുള്ള നോബൽ സമ്മാനത്തിന് നാമനിർദ്ദേശം ചെയ്തതായി മാധ്യമപ്രവർത്തകർക്ക് മുന്നിൽ ഒരു കത്ത് പുറത്തിറക്കിയും നെതന്യാഹു തന്റെ സൗഹൃദം ഊട്ടിയുറപ്പിക്കാൻ ശ്രമിച്ചിരുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]