
ഫ്ലോറിഡയിൽ റോഡരികിൽ കാണപ്പെട്ട കരടിക്കൊപ്പം സെൽഫി എടുക്കുന്നത് നാട്ടുകാർ അവസാനിപ്പിക്കണമെന്ന് പൊലീസിന്റെ നിർദേശം. ഈ ആഴ്ച ആദ്യം സാന്താ റോസ ബീച്ചിലെ ഹൈവേ 98 -ലാണ് കരടിയെ കണ്ടത്. ഒറ്റപ്പെട്ടുപോയ ഈ കരടി കടുത്ത സമ്മർദ്ദത്തിലും വിഷാദത്തിലും ആണെന്നാണ് പൊലീസ് പറയുന്നത്. അതുകൊണ്ടുതന്നെ പ്രദേശവാസികൾ കരടിയോടൊപ്പം നിന്ന് സെൽഫി എടുക്കാൻ നടത്തുന്ന ശ്രമങ്ങൾ അവസാനിപ്പിക്കണമെന്നാണ് വാൾട്ടൺ കൗണ്ടി ഷെരീഫ് ഓഫീസ് സോഷ്യൽ മീഡിയ പോസ്റ്റിലൂടെ അറിയിച്ചിരിക്കുന്നത്.
കരടി ഇപ്പോൾ പൊലീസിന്റെ നിരീക്ഷണത്തിലാണ്. എന്നാൽ, നാട്ടുകാർ കരടിയുടെ ചിത്രം പകർത്താൻ നടത്തുന്ന ശ്രമങ്ങൾ അതിനെ അസ്വസ്ഥപ്പെടുത്തുന്നുണ്ടെന്നും അത് കടുത്ത സമ്മർദ്ദത്തിന്റെ ലക്ഷണങ്ങൾ കാണിക്കുന്നുണ്ടെന്നുമാണ് പൊലീസ് പറയുന്നത്. അതുകൊണ്ടുതന്നെ കരടിയെ കാണുന്നതിനും ചിത്രങ്ങൾ എടുക്കുന്നതിനും നാട്ടുകാർ അനാവശ്യമായി ശ്രമം നടത്തരുതെന്നും പൊലീസ് പറയുന്നു. അസ്വസ്ഥത കാണിക്കുന്നതിനാൽ ഇത് ആക്രമിക്കാനുള്ള സാധ്യത കൂടുതലാണെന്നും സോഷ്യൽ മീഡിയ പോസ്റ്റിൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഒരാഴ്ചയായി സാന്താ റോസ ബീച്ചിലെ ഹൈവേയിൽ ഇത് അലഞ്ഞു തിരിയുന്നുണ്ടെങ്കിലും ഫ്ലോറിഡ ഫിഷ് ആൻഡ് വൈൽഡ് ലൈഫ് കൺസർവേഷൻ കമ്മീഷന് ഇതുവരെയും ഇതിനെ പിടികൂടാൻ ആയിട്ടില്ല. ഹൈവേ 98 -ൽ ദീർഘസമയം ഇതിനെ കണ്ടതിനെ തുടർന്ന് പൊലീസ് ഫിഷ് ആൻഡ് വൈൽഡ് ലൈഫ് കൺസർവേഷൻ കമ്മീഷനെ വിവരമറിയിച്ചെങ്കിലും സംഘാംഗങ്ങൾ എത്തുന്നതിനു മുൻപ് തന്നെ കരടി പ്രദേശം വിട്ടിരുന്നു. ഇത് കാട്ടിലേക്ക് മടങ്ങി പോയിരിക്കാം എന്നാണ് ഉദ്യോഗസ്ഥരുടെ നിഗമനം. കാഴ്ചക്കാർ എടുത്ത ഫോട്ടോകളുടെ അടിസ്ഥാനത്തിൽ കരടിക്ക് പരിക്കേറ്റതായി തോന്നുന്നില്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
വസന്തകാലത്തും വേനൽക്കാലത്തും ഫ്ലോറിഡയുടെ വിവിധ മേഖലകളിൽ ഇത്തരത്തിൽ കറുത്ത കരടികളെ കാണുന്നത് പതിവാണ്. പലപ്പോഴും ആളുകൾ കൗതുകത്താൽ ഇവയെ പിന്തുടരുന്നതും ചിത്രങ്ങൾ എടുക്കാൻ ശ്രമിക്കുന്നതും ഒക്കെ കരടികളെ അക്രമാസക്തരാക്കാറുമുണ്ട്. അതുകൊണ്ടുതന്നെ കരടികളെ കണ്ടാൽ യാതൊരു കാരണവശാലും അതിനടുത്തേക്ക് പോകരുതെന്നും ഭക്ഷണം നൽകാനോ ചിത്രം എടുക്കാനോ ശ്രമിക്കരുത് എന്നുമാണ് പൊലീസിന്റെ കർശന നിർദേശം.
ഫിഷ് ആൻഡ് വൈൽഡ് ലൈഫ് കൺസർവേഷൻ കമ്മീഷന്റെ കണക്കുകൾ പ്രകാരം ഫ്ലോറിഡയിലെ കാട്ടിൽ 4,050 കറുത്ത കരടികൾ ഉണ്ട്. ഫ്ലോറിഡയിൽ, കരടികളെ ആകർഷിക്കുന്നതിനായി മനഃപൂർവം ഭക്ഷണം കൊടുക്കുകയോ ഭക്ഷണമോ മാലിന്യമോ ഉപേക്ഷിക്കുകയോ ചെയ്യുന്നത് നിയമവിരുദ്ധമാണ്.
Last Updated Jul 21, 2024, 4:35 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]