
ഹള്‍: 2024 മെയ് മാസത്തില്‍ ‘നോർത്തേൺ ലൈറ്റ്സ്’ അഥവാ ധ്രുവദീപ്തി ലോകത്തിന്റെ വിവിധയിടങ്ങളില്‍ ദൃശ്യമായിരുന്നു. പച്ച, നീല, ചുവപ്പ്, പര്‍പ്പിള്‍ എന്നിങ്ങനെ ആകര്‍ഷകമായ നിറങ്ങളില്‍ ആകാശം നിറങ്ങളുടെ വിസ്മയം അണിയിച്ചൊരുക്കുന്ന ധ്രുവദീപ്തി പലര്‍ക്കും പക്ഷേ നേരില്‍ കാണാനായില്ല. എന്നാല്‍ ഇനിമുതല്‍ നോര്‍ത്തേണ്‍ ലൈറ്റ്സ് വരുംമുമ്പേ കൃത്യമായി പ്രവചിക്കാനാകുമെന്നാണ് പുതിയ പഠനം സൂചന നല്‍കുന്നത് എന്ന് ഫോബ്സ് റിപ്പോര്‍ട്ട് ചെയ്തു. സോളാർ കൊടുങ്കാറ്റുകൾ കൃത്യമായി പ്രവചിക്കാന്‍ കഴിയുന്നതിലൂടെയാണ് ഇത് സാധ്യമാകുന്നത്.
കഴിഞ്ഞ മെയ് മാസത്തെ നോര്‍ത്തേണ്‍ ലൈറ്റ്സ് എവിടെയൊക്കെ, എപ്പോഴൊക്കെ കാണും എന്ന് കൃത്യമായി പ്രവചിക്കുക ബഹിരാകാശ കാലാവസ്ഥ പ്രവചകരെയും ശാസ്ത്രജ്ഞരെയും കുഴക്കിയിരുന്നു. എന്നാല്‍ ഇനിമുതല്‍ അങ്ങനെയാവില്ല ധ്രുവ ദീപ്തിയുടെ വശ്യത കാണല്‍. ജിയോമാഗ്നറ്റിക് സ്റ്റോമുകള്‍ ആരംഭിക്കുമ്പോഴേ തിരിച്ചറിയാനും എപ്പോള്‍ ധ്രുവദീപ്തി കാണുമെന്ന് പ്രവചിക്കാനും ഇനിയാകും. ഹള്ളില്‍ നടക്കുന്ന റോയല്‍ ആസ്ട്രോണമിക്കല്‍ സൊസൈറ്റിയുടെ നാഷണല്‍ ആസ്ട്രോണമി മീറ്റിംഗില്‍ അബെറിസ്റ്റ്വിത്ത് സര്‍വകലാശാലയിലെ ഗവേഷകരാണ് ഇത് സംബന്ധിച്ച ഗവേഷണം അവതരിപ്പിച്ചത്. ഒരു സിഎംഇ (Coronal Mass Ejections) സഞ്ചരിക്കുന്ന വേഗത കൃത്യമായ പ്രവചിക്കാൻ ഇപ്പോഴാകുമെന്നതിനാൽ ജിയോമാഗ്നെറ്റിക് കൊടുങ്കാറ്റ് എപ്പോൾ ആരംഭിക്കുമെന്നും ഭൂമിയിലെത്തുമെന്നും കൃത്യമായി പ്രവചിക്കാന്‍ കഴിയുമെന്ന് പഠനത്തില്‍ പറയുന്നു.
2003ന് ശേഷമുള്ള ഏറ്റവും ശക്തമായ ജി5 ജിയോമാഗ്നറ്റിക് കൊടുങ്കാറ്റാണ് മെയ് മാസത്തിലുണ്ടായത്. വ്യത്യസ്ത വേഗതയിലുള്ള നിരവധി സിഎംഇകള്‍ ഭൂമിയിലേക്ക് സഞ്ചരിച്ചാണ് ജിയോമാഗ്നറ്റിക് കൊടുങ്കാറ്റ് ആഞ്ഞടിച്ചത്. എന്നാല്‍ ബഹിരാകാശ കാലാവസ്ഥാ പ്രവചകര്‍ക്ക് മുൻകൂട്ടി കൃത്യമായ പ്രവചനം നൽകാൻ അന്ന് കഴിഞ്ഞില്ല.
എന്താണ് ധ്രുവദീപ്തി?
സൂര്യന്റെ ഉപരിതലത്തിലുണ്ടാവുന്ന വലിയ രീതിയിലുള്ള പൊട്ടിത്തെറികള്‍ സൗരകൊടുങ്കാറ്റുകൾക്ക് കാരണമാകും. ഭൂമിയിലേക്ക് ധാരാളം ഊർജ്ജ കണികകളുടെ പ്രവാഹം ഇതിനെ തുടർന്നുണ്ടാകും. സൗരക്കാറ്റിൽ നിന്ന് വരുന്ന ചാർജിത കണങ്ങൾ ഭൂമിയുടെ കാന്തികവലയത്തിന്റെ സ്വാധീനത്താൽ ആകർഷിക്കപ്പെടുന്നു. ഈ കണങ്ങൾ ഭൗമാന്തരീക്ഷത്തിലെ വാതക തൻമാത്രകളുമായി കൂട്ടിയിടിച്ചാണ് ധ്രുവദീപ്തി ഉണ്ടാകുന്നത്. ഈ നിറക്കാഴ്ച കാണാന്‍ തെളിഞ്ഞ ആകാശം പ്രധാനമാണ്. 2024 മെയ് മാസത്തിലെ ധ്രുവദീപ്തി യുഎസിലും ലാറ്റിനമേരിക്കൻ രാജ്യങ്ങളിലും മെക്സിക്കോയിലും റഷ്യയിലും ഹംഗറിയിലും സ്വിറ്റ്സർലൻഡിലും ബ്രിട്ടനിലുമെല്ലാം ദൃശ്യമായി. ഇന്ത്യയിൽ ലഡാകിൽ ചെറിയ രീതിയിലും നോര്‍ത്തേണ്‍ ലൈറ്റ്സ് കണ്ടു.
Last Updated Jul 20, 2024, 3:53 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]