വാൻ ഹയി സുരക്ഷിത ദൂരത്ത്: ദൗത്യസംഘം കപ്പലിൽ പ്രവേശിച്ചു; രക്ഷാപ്രവർത്തനത്തിൽ നിർണായക പുരോഗതി
കൊച്ചി ∙ അറബിക്കടലിൽ തീപിടിച്ച വാൻ ഹയി 503 കപ്പിലുമായി ബന്ധപ്പെട്ട രക്ഷാപ്രവർത്തനത്തിൽ നിർണായക പുരോഗതി.
തീ ഏറെക്കുറെ അണഞ്ഞ സാഹചര്യത്തിൽ ഏഴു രക്ഷാപ്രവർത്തകർ കപ്പലിൽ പ്രവേശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. കപ്പലിനെ ഓഫ്ഷോർ വാരിയർ ടഗുമായി രണ്ടാമതൊരു വടം കൂടി ബന്ധിപ്പിക്കാനും സാധിച്ചു.
നിലവിൽ കൊച്ചി തീരത്തു നിന്ന് 72 നോട്ടിക്കൽ മൈൽ ദൂരത്തിലാണ് കപ്പലുള്ളത്. കാലാവസ്ഥ മെച്ചപ്പെട്ടു വരുന്ന സാഹചര്യത്തിൽ വരും ദിവസങ്ങളിൽ രക്ഷാപ്രവർത്തനം ശക്തമാക്കാമെന്നാണ് ഷിപ്പിങ് ഡയറക്ടർ ജനറൽ കരുതുന്നത്. രക്ഷാപ്രവർത്തനത്തിനു കപ്പൽ കമ്പനി നിയോഗിച്ച ടി ആൻഡ് ടി സാൽവേജ് കമ്പനിയുടെ 5 ജീവനക്കാരും രണ്ട് അഗ്നിരക്ഷാ സേനാംഗങ്ങളുമാണ് ഇന്നലെ ഉച്ചകഴിഞ്ഞ് കപ്പലിൽ പ്രവേശിച്ചത്.
തീപിടിത്തം ഉണ്ടാക്കിയ നാശനഷ്ടങ്ങൾ കണക്കാക്കുക, വോയേജ് ഡേറ്റാ റിക്കോർഡർ വീണ്ടെടുക്കുക തുടങ്ങിയ കാര്യങ്ങളാണ് സംഘം ലക്ഷ്യം വയ്ക്കുന്നത്. കപ്പലിന്റെ ഉള്ളിലേക്കു പ്രവേശിച്ച് പരിശോധന നടത്താനുള്ള ഒരുക്കങ്ങളും നടന്നു വരുന്നു.
തീ ഇപ്പോഴും ജ്വലിച്ചു നിൽക്കുന്ന മേഖലകളിൽ ൈപറോകൂൾ രാസവസ്തു ഉപയോഗിച്ച് ഇത് അണയ്ക്കുന്നതിനുള്ള ശ്രമവും നടക്കുന്നുണ്ട്. ഇപ്പോൾ എവിടെയും തീ ആളിക്കത്തുന്നത് കാണുന്നില്ല.
കപ്പലിന്റെ ചട്ടക്കൂടിനു കാര്യമായ ക്ഷതമൊന്നും സംഭവിച്ചിട്ടില്ല എന്നാണ് വിലയിരുത്തലെങ്കിലും ചില ഭാഗങ്ങൾ ദുർബലമാണെന്നാണു കരുതുന്നത്.
കപ്പലിൽ മറ്റൊരു സിന്തറ്റിക് വടം കൂടി ഘടിപ്പിക്കാൻ സാധിച്ചത് വലിയ നേട്ടമായാണ് ഡിജി ഷിപ്പിങ് വിലയിരുത്തുന്നത്. ഭാവിയിൽ കപ്പലിനെ നീണ്ട
നേരം കെട്ടിവലിക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾക്ക് ഇത് നിർണായകമാകും. നിലവിൽ 72 നോട്ടിക്കൽ മൈൽ എന്ന സുരക്ഷിത ദൂരം പാലിക്കാനും രണ്ടു വടങ്ങൾ സഹായകമാകും.
നിലവിൽ ഉപയോഗിക്കുന്ന സിന്തറ്റിക് വടത്തിനു പകരം സ്റ്റീൽ കൊണ്ടുള്ള വടം ഉപയോഗിക്കുന്നതും പരിശോധിക്കുന്നുണ്ട്. കപ്പലിനെ അടുപ്പിക്കാനുള്ള തുറമുഖങ്ങളുടെ കാര്യത്തിൽ അന്തിമ തീരുമാനം വൈകാതെ ഉണ്ടാകും.
ശ്രീലങ്കയിലെ ഹമ്പൻടോട്ട തുറമുഖത്തിന്റെ അനുമതി ലഭിച്ചെങ്കിലും ശ്രീലങ്കൻ സർക്കാരിന്റെ അന്തിമ അനുമതി ലഭിക്കേണ്ടതുണ്ട്.
ഇതിനു പുറമെ ജെബേൽ അലി, ബെഹറിൻ, കൊളംബോ തുറമുഖങ്ങളും പരിഗണനയിലുണ്ട്. എത്രയും വേഗം കപ്പൽ തുറമുഖത്ത് എത്തിച്ച് ഇന്ധനം നീക്കം ചെയ്യുന്നത് അടക്കമുള്ള കാര്യങ്ങളും തുടങ്ങേണ്ടതുണ്ട്.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

