പ്രിയംവദയുടെ മൃതദേഹം 2 ദിവസം സൂക്ഷിച്ചു, പിന്നാലെ കുഴിച്ചിട്ടു; കൊലപാതകം മാലയ്ക്ക് വേണ്ടി, ബാഗും ചെരുപ്പും കത്തിച്ചു
തിരുവനന്തപുരം∙ വെള്ളറട പനച്ചമൂട് പഞ്ചാകുഴി മാവുവിളവീട്ടില്‍ പ്രിയംവദയെ (48) അയല്‍വാസിയായ പ്രതി വിനോദ് കൊന്ന് കുഴിച്ചുമൂടിയത് മാല മോഷ്ടിക്കാനാണെന്ന നിഗമനത്തില്‍ പൊലീസ്.
പ്രതി വിനോദുമായി ഇന്നലെ നടത്തിയ തെളിവെടുപ്പില്‍ നിര്‍ണായക വിവരങ്ങളാണ് പൊലീസിന് ലഭിച്ചത്. പ്രിയംവദയുമായി സാമ്പത്തിക ഇടപാടുണ്ടായിരുന്നുവെന്നും ബന്ധമുണ്ടായിരുന്നുവെന്നും വിനോദ് പറഞ്ഞത് കളവാണെന്നാണ് പൊലീസ് കണ്ടെത്തല്‍.
പ്രിയംവദയെ കൊലപ്പെടുത്തിയ ശേഷം കൈക്കലാക്കിയ മൂന്നു പവന്റെ മാല ഒരു സുഹൃത്തിനൊപ്പമെത്തി ഉദയന്‍കുളങ്ങരയിലെ ധനകാര്യസ്ഥാപനത്തില്‍ ഒന്നര ലക്ഷം രൂപയ്ക്കു പണയം വയ്ക്കുകയായിരുന്നു. ഈ പണം ഉപയോഗിച്ച് ഇയാള്‍ കടം വീട്ടിയതായും പൊലീസ് കണ്ടെത്തി.
ധനകാര്യസ്ഥാനം മാല സ്റ്റേഷനില്‍ ഹാജരാക്കി. വിനോദും പ്രിയംവദയും തമ്മിലുള്ള സാമ്പത്തിക ഇടപാടുകള്‍ക്ക് തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്ന് വെള്ളറട
സിഐ വി.പ്രസാദ് പറഞ്ഞു. ഇവര്‍ തമ്മില്‍ ഫോണ്‍ വിളിച്ചിരുന്നതായും ബന്ധമുള്ളതായും രേഖകളില്ല.
വിനോദ് അന്വേഷണം വഴിതെറ്റിക്കാന്‍ വേണ്ടി പറഞ്ഞതാണെന്നാണ് പൊലീസ് കരുതുന്നത്. കൊല്ലപ്പെട്ട
പ്രിയംവദയുടെ മൂക്കുത്തിയും മാലയും കാണാനില്ലെന്ന് മക്കള്‍ മൊഴി നല്‍കിയിരുന്നു. എന്നാല്‍ മൂക്കുത്തി ദേഹത്തുണ്ടായിരുന്നെന്ന് പൊലീസ് കണ്ടെത്തി.
പ്രിയംവദ പുറത്തുപോകുമ്പോള്‍ പതിവായി ഉപയോഗിച്ചിരുന്ന ബാഗും ചെരുപ്പും പ്രതി വിനോദ് കൊലപാതകത്തിന് ശേഷം കത്തിച്ചിരുന്നു. പ്രിയംവദ സ്ഥലംവിട്ട് പോയെന്ന് വരുത്തിതീര്‍ക്കാനായിരുന്നു ഇതെന്നാണ് പൊലീസ് പറയുന്നത്.
ഇവ കത്തിച്ച സ്ഥലം പ്രതി ഇന്നലെ പൊലീസിന് കാണിച്ചുകൊടുത്തു. പ്രിയംവദയുടെ മാലയിലെ ലോക്കറ്റ് പനച്ചമൂട്ടിലെ കടയില്‍ വിറ്റെന്നാണ് വിനോദ് പറഞ്ഞത്. ഈ മാസം 12നാണ് പ്രിയംവദ കൊല്ലപ്പെട്ടത്.
ജോലിക്കു പോയ പ്രിയംവദ തിരിച്ചുവരാതിരുന്നതിനെ തുടര്‍ന്ന് ബന്ധുക്കളും നാട്ടുകാരും തെരച്ചില്‍ നടത്തുകയും ഒടുവില്‍ പൊലീസില്‍ പരാതിപ്പെടുകയുമായിരുന്നു. പ്രിയംവദയ്ക്കു വേണ്ടി നടത്തിയ തെരച്ചിലിലും വിനോദ് സജീവമായിരുന്നു.
എന്നാല്‍ പിന്നീട് നടത്തിയ അന്വേഷണത്തിലാണ് പ്രിയംവദയെ വിനോദ് കൊലപ്പെടുത്തിയെന്നും രണ്ടു ദിവസത്തോളം മൃതദേഹം മുറിയില്‍ സൂക്ഷിച്ച ശേഷം പുരയിടത്തില്‍ കുഴിച്ചിടുകയായിരുന്നുവെന്നും കണ്ടെത്തിയത്. വിനോദിന്റെ മക്കളും ഭാര്യാമാതാവുമാണ് മുറിയില്‍ കട്ടിലിനടിയിലെ ചാക്കില്‍ മൃതദേഹം കണ്ടത്.
തുടര്‍ന്ന് പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]