
അനാഥാലയങ്ങളിൽ എത്തിപ്പെടുന്ന കുഞ്ഞുങ്ങൾക്ക് അച്ഛനും അമ്മയുമെല്ലാം അവിടെ അവരെ പരിചരിക്കുന്നവരാണ്. അവരോടുള്ള കടപ്പാടും സ്നേഹവും മിക്കവരും മറക്കാറില്ല. അത് തെളിയിക്കുന്നൊരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആളുകളുടെ കണ്ണുകളെ ഈറനണിയിച്ചു കൊണ്ടിരിക്കുന്നത്.
ശിവാനി എന്ന യുവതിയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഇന്ത്യയിലെ ഒരു അനാഥാലയത്തിലാണ് അവളും സഹോദരനും കുഞ്ഞുങ്ങളായിരിക്കെ ഉണ്ടായിരുന്നത്. പിന്നീട് മൂന്ന് വയസ് കഴിഞ്ഞപ്പോൾ അവളെ വിദേശത്തുള്ള ദമ്പതികൾ ദത്തെടുത്തു. അവിടെയാണ് അവൾ വളർന്നത്. ഇപ്പോൾ അവളുടെ വിവാഹം കഴിഞ്ഞു. ഒരു കുഞ്ഞുമുണ്ട്. ഭർത്താവിനും കുഞ്ഞിനും ഒപ്പം തന്റെ പഴയ അനാഥാലയത്തിലേക്കെത്തിയതാണ് ശിവാനി. അവിടെ അവളെ വളർത്തിയ സ്ത്രീയേയും അവൾ കണ്ടു.
ആ കണ്ടുമുട്ടലിന്റെ തികച്ചും വൈകാരികരംഗങ്ങളാണ് ഇപ്പോൾ വൈറലാവുന്നത്. ’18 വർഷങ്ങൾക്ക് മുമ്പ് എന്നെ ദത്തെടുത്ത അനാഥലയത്തിലേക്ക് ഞാൻ പോയി. ഞാനവിടെയുണ്ടായിരുന്നപ്പോൾ എന്നെ പരിചരിച്ചിരുന്നത് ഇവരാണ്. ഞങ്ങൾ യാത്ര പറയുമ്പൾ അവർ കരയുന്നത് ഞാൻ കണ്ടു. ഞാനവരെ കെട്ടിപ്പിടിച്ചു. ഞാനും കരയാൻ തുടങ്ങി. അവർക്ക് ഇംഗ്ലീഷ് അറിയില്ലായിരുന്നു. പക്ഷേ, എന്റെ കണ്ണുകൾ തുടച്ചുകൊണ്ട് അരുത് ശിവാനീ എന്ന് അവർ പറയുന്നുണ്ടായിരുന്നു. ആ നിമിഷം എനിക്ക് എന്റെ പെറ്റമ്മയെയാണ് ഞാൻ കണ്ടുകൊണ്ടിരിക്കുന്നത് എന്ന് തോന്നി. മൂന്ന് വർഷത്തോളം ഇവരെനിക്ക് അമ്മ തന്നെ ആയിരുന്നു. അവർക്ക് മനസിലാവില്ലെങ്കിലും ഞാനവരോട് എനിക്ക് കുഴപ്പമില്ല എന്നും ദൈവം എന്നെ നന്നായി നോക്കും എന്നും പറഞ്ഞു. എന്നെയും സഹോദരനെയും അവർക്കാവുന്നത് പോലെ നന്നായി അവർ നോക്കിയിരുന്നു’ എന്നും യുവതി വീഡിയോയിൽ എഴുതിയിരുന്നു.
വീഡിയോയിൽ യുവതിയും ഓർഫനേജിലെ സ്ത്രീയും നിർത്താതെ കരയുന്നതും കാണാം. വളരെ വൈകാരികമായ ഈ രംഗം വളരെ പെട്ടെന്നാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയത്. നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയത്. ‘സ്നേഹത്തിന് ഭാഷ ആവശ്യമില്ലെന്നും അത് ലോകത്തിലെ ഏല്ലാവർക്കും മനസിലാവുന്ന ഭാഷയാണ്’ എന്നുമായിരുന്നു ഒരാളുടെ കമന്റ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം:
Last Updated Jun 20, 2024, 4:39 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]