
സെക്കൻഡ് ഹാൻഡ് സാധനങ്ങൾ കിട്ടുന്ന കടകളാണ് ത്രിഫ്റ്റ് സ്റ്റോറുകൾ. അങ്ങനെ ക്ലിന്റണിലുള്ള ഒരു ത്രിഫ്റ്റ് സ്റ്റോറിൽ നിന്നും അന്ന ലീ ഡോസിയർ എന്ന യുവതി ഒരു പാത്രം വാങ്ങി. 330 രൂപ കൊടുത്താണ് അന്ന ഈ പാത്രം വാങ്ങിയത്. എന്നാൽ, പിന്നീട് ഇതിന്റെ പ്രത്യേകത മനസിലാക്കിയ അന്ന ശരിക്കും ഞെട്ടിപ്പോയി.
അഞ്ച് വർഷങ്ങൾക്ക് ശേഷം മെക്സിക്കോയിലേക്ക് നടത്തിയ ഒരു യാത്രയിലാണ് ആ പാത്രത്തിന്റെ പ്രത്യേകത തിരിച്ചറിയാൻ അന്നയ്ക്ക് കഴിഞ്ഞത്. വളരെ വളരെ പുരാതനമായ ഒരു മായൻ കലാസൃഷ്ടിയായിരുന്നു അന്ന് അന്ന വെറും 330 രൂപ കൊടുത്ത് വാങ്ങിയ ആ പൂപ്പാത്രം. അന്ന പറയുന്നത്, ക്ലിൻ്റണിലെ 2A ത്രിഫ്റ്റ് സ്റ്റോറിൻ്റെ ക്ലിയറൻസ് റാക്കിൽ വച്ചാണ് ആ മനോഹരമായ പാത്രം താൻ കണ്ടത് എന്നാണ്. അങ്ങനെ പാത്രം കണ്ടിഷ്ടപ്പെട്ട അന്ന അത് വാങ്ങുകയും ചെയ്തു.
അത് കാണാൻ വളരെ പഴയതായിരുന്നു. എന്നാൽ, കൂടിവന്നാൽ ഒരു 20 -30 വർഷം പഴക്കം മാത്രമേ കാണൂ എന്നാണ് അന്ന കരുതിയത്. അങ്ങനെ അവളത് വാങ്ങി വീട്ടിൽക്കൊണ്ടു വയ്ക്കുകയും ചെയ്തു. അഞ്ച് വർഷങ്ങൾക്കു ശേഷം മെക്സിക്കോയിലേക്ക് നടത്തിയ യാത്രയിൽ ആന്ത്രപ്പോളജി മ്യൂസിയം സന്ദർശിക്കുകയായിരുന്നു അവൾ. അപ്പോഴാണ് അവിടെ പ്രദർശിപ്പിച്ചിരിക്കുന്ന പാത്രങ്ങൾക്ക് താനന്ന് വാങ്ങിയ പാത്രങ്ങളോട് സാമ്യം തോന്നിയത്.
സംശയം തോന്നിയ അന്ന മ്യൂസിയം അധികാരികളോട് വിവരം പറഞ്ഞു. അവരാണ് അന്നയോട് എംബസിയുമായി ബന്ധപ്പെടാൻ പറഞ്ഞത്. ഫോട്ടോഗ്രാഫുകളുടെയും പാത്രത്തിൻ്റെ അളവുകളുടെയും അടിസ്ഥാനത്തിൽ, എ.ഡി. 200-800 കാലത്തെ മായൻ പുരാവസ്തുവാണ് അന്നയുടെ കയ്യിലിരിക്കുന്നത് എന്ന് എംബസി അധികാരികൾ തിരിച്ചറിഞ്ഞു. അതോടെ അത് അതിന്റെ യഥാർത്ഥ സ്ഥലത്തേക്ക് തിരികെ കൊടുക്കാൻ തീരുമാനിക്കുകയായിരുന്നു അന്ന. യുഎസ്സിലെ മെക്സിക്കൻ അംബാസഡർക്ക് അവളത് നൽകി. മ്യൂസിയം അത് പ്രദർശിപ്പിക്കും എന്നാണ് പറയുന്നത്.
മെക്സിക്കോയിലെ തദ്ദേശീയ കമ്മ്യൂണിറ്റികളുടെ മനുഷ്യാവകാശങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന അന്ന പറയുന്നത് അത് എത്തേണ്ടിടത്ത് തന്നെ എത്തിച്ചതിൽ സന്തോഷമുണ്ട് എന്നാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം:
Last Updated Jun 20, 2024, 3:43 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]