
മലപ്പുറം: തുവ്വൂരിൽ കൈക്കൂലി വാങ്ങുന്നതിനിടയിൽ വില്ലേജ് ഓഫീസർ പിടിയിലായി. തുവ്വൂര്‍ വില്ലേജ് ഓഫീസർ സുനിൽരാജാണ് 20000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായത്. പട്ടയം ലഭിക്കാൻ വില്ലേജ് ഓഫീസർ നൽകേണ്ട കത്തിനാണ് കൈക്കൂലി ആവശ്യപ്പെട്ടത്. മലപ്പുറം വിജിലൻസ് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് വില്ലേജ് ഓഫീസറെ പിടികൂടിയത്.
നീലാഞ്ചേരി സ്വദേശി തെച്ചിയോടൻ ജമീലയിൽ നിന്നാണ് പ്രതിയായ വില്ലേജ് ഓഫീസര്‍ 20000 രൂപ വാങ്ങിയത്. സ്വന്തമായി വീട് പോലുമില്ലാത്ത ജമീല ഭൂമിയുടെ പട്ടയത്തിനായി പല തവണയായി വില്ലേജ് ഓഫീസിൽ വരുന്നുണ്ട്. എന്നാൽ 52000 രൂപ നൽകിയാൽ പട്ടയം ശരിയാക്കാം എന്നായിരുന്നു സുനിൽ രാജിൻ്റെ മറുപടി. കൈക്കൂലി തുക കുറക്കാൻ ജമീല ആവശ്യപ്പെട്ടെങ്കിലും നടന്നില്ല.
വാർഡ് മെമ്പർ ഉൾപ്പെടെയുള്ള പ്രാദേശിക രാഷ്ട്രീയ നേതാക്കൾ ജമീലയെ സഹായിക്കാൻ വില്ലേജ് ഓഫീസറോട് ആവശ്യപ്പെട്ടെങ്കിലും സുനിൽരാജ് 32000 രൂപ ആവശ്യപ്പെട്ടു. ഇതും ജമീലയ്ക്ക് സംഘടിപ്പിക്കാനായില്ല. വിവരം വിജിലൻസിനെ അറിയിച്ച ജമീല കടം വാങ്ങിയ 20000 രൂപയുമായി ഇന്ന് വില്ലേജ് ഓഫീസിലെത്തി. പണം കൈപ്പറ്റിയ ഉടനെ സുനിൽരാജിനെ വിജിലൻസ് സംഘം പിടികൂടുകയായിരുന്നു.
Last Updated Jun 20, 2024, 5:20 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]