
ടെൽ അവീവ്: ഗാസയിൽ അന്താരാഷ്ട്ര പ്രതിനിധി സംഘത്തിന്റെ സന്ദർശനത്തിനിടെ വെടിവെപ്പ്. ഇസ്രായേൽ സേന വെടി ഉതിർത്തതായി റിപ്പോർട്ടുകൾ. എന്നാൽ വിശദീകരണവുമായി ഇസ്രായേൽ വിദേശകാര്യ മന്ത്രാലയം രംഗത്തെത്തി. നൽകിയ റൂട്ടിൽ നിന്ന് മാറിയാണ് സംഘം സഞ്ചരിച്ചത് എന്നാണ് വിശദീകരണം. സംഘത്തെ സ്ഥലത്ത് നിന്ന് മാറ്റാൻ മുന്നറിയിപ്പായി ആണ് വെടി ഉതിർത്തതെന്നും വിശദീകരണം.
അതേ സമയം, ഗാസയിലേക്കുള്ള എല്ലാ മാനുഷിക സഹായവും തടഞ്ഞ് ഇസ്രായേൽ. ലോകത്തെ ഏറ്റവും വലിയ ദുരന്ത ഭൂമി ആയി ഗാസ മാറുമ്പോഴും അന്താരാഷ്ട്ര സമൂഹം കാഴ്ചക്കാർ മാത്രമാവുകയാണ്. ഒരു മാസത്തിനിടെ ആശുപത്രികളിലും അഭയാർത്ഥി ക്യാമ്പുകളിലും അടക്കം ഇസ്രായേൽ നടത്തിയ ആക്രമണങ്ങളിൽ 3340 നിരപരാധികൾ ആണ് കൊല്ലപ്പെട്ടത്. ഗാസയെ പിടിച്ചടക്കി പൂർണ്ണ വിജയം നേടുമെന്നാണ് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ പ്രഖ്യാപനം. പക്ഷെ ആ വിജയത്തിലേക്കുള്ള വഴികൾ ഓരോ ദിവസവും അതിക്രൂരം ആകുകയാണ്. ലക്ഷക്കണക്കിന് കുഞ്ഞുങ്ങൾ ഭക്ഷണമോ വെള്ളമോ ഇല്ലാതെ മരണത്തിന്റെ വക്കിലാണെന്ന് ഐക്യരാഷ്ട്ര സഭയടക്കം വിമർശിച്ചിട്ടും ഇസ്രയേലിന് കുലുക്കമില്ല.
കാനഡ, ഫ്രാൻസ്, ബ്രിട്ടൻ എന്നീ രാജ്യങ്ങൾ അതിരൂക്ഷമായി വിമർശിച്ചിട്ടും ഇസ്രായേൽ ആക്രമണങ്ങൾ തുടരുകയാണ്. ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി എന്നിവരുടെ സംയുക്ത പ്രസ്താവനയെ ഇസ്രായേൽ പരിഹസിച്ചു തള്ളി. പരിമിതമായ അളവിൽ ഭക്ഷ്യവസ്തുക്കൾ കടത്തിവിടാൻ അനുവദിക്കുമെന്ന് ഇന്നലെ ഇസ്രായേൽ പറഞ്ഞെങ്കിലും അതും നടപ്പായില്ല. ഇസ്രയേൽ ആക്രമണം കാരണം വടക്കൻ ഗാസയിലെ ആശുപത്രികളുടെ പ്രവർത്തനം പൂർണമായി നിലച്ചു. ഖത്തറിന്റെ സാന്നിധ്യത്തിൽ ദോഹയിൽ സമാധാനചർച്ച നടക്കുന്നുണ്ടെങ്കിലും അത് എവിടെയും എത്തിയിട്ടില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]