
നരഭോജിക്കടുവയെ പിടിക്കാനുള്ള ദൗത്യത്തിനിടെ ചെങ്കുത്തായ മലയിൽ വീണ് ഡിഎഫ്ഒ; കാൽപാദത്തിന്റെ എല്ലിനു പൊട്ടൽ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
വണ്ടൂർ ∙ കരുവാരക്കുണ്ടിൽ നരഭോജി കടുവയെ കണ്ടതിനെ തുടർന്ന് പിടികൂടാനുള്ള ദൗത്യത്തിനിടെ ചെങ്കുത്തായ മലയിൽ വീണ് ഡിഎഫ്ഒ ജി.ധനിക് ലാലിനു പരുക്ക്. കാൽപാദത്തിന്റെ എല്ലിനു പൊട്ടുണ്ട്. സംഭവസ്ഥലത്തുനിന്ന് വനപാലകരും സംഘാംഗങ്ങളും സാഹസികമായി വടംകെട്ടി ഇറക്കി ചുമലിലേറ്റിയാണ് അദ്ദേഹത്തെ താഴെ എത്തിച്ചത്. തുടർന്ന് ആംബുലൻസിൽ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു.
കാലിന്റെ ഉപ്പൂറ്റിയിലാണ് എല്ലിനു പൊട്ടുള്ളത്. ശസ്ത്രക്രിയ വേണമെന്ന് ഡോക്ടർമാർ അറിയിച്ചെങ്കിലും കടുത്ത പ്രമേഹം ഉള്ളതിനാൽ തൽക്കാലം പ്ലാസ്റ്റർ ഇട്ടു. ഒരാഴ്ച കഴിഞ്ഞ് ശസ്ത്രക്രിയ ചെയ്യും. ടാപ്പിങ് തൊഴിലാളിയായ യുവാവിനെ കടിച്ചു കൊന്ന കടുവയെ പാന്ത്ര എസ് വളവിലെ മദാരി എസ്റ്റേറ്റിൽ ഇന്ന് വൈകിട്ടോടെ കണ്ടിരുന്നു. ഇതേ തുടർന്ന് ഡിഎഫ്ഒയുടെ നേതൃത്വത്തിൽ 2 സംഘങ്ങളായി തിരച്ചിൽ ആരംഭിക്കുകയായിരുന്നു.
വഴി പോലുമില്ലാത്ത പ്രദേശത്തുകൂടി സാഹസികമായി കുത്തനെയുള്ള മലയിറങ്ങുമ്പോൾ ധനിക് ലാൽ കാൽ വഴുതി താഴേക്ക് പതിക്കുകയായിരുന്നു. ധനിക് ലാലിനെ ഫോണിൽ വിളിച്ച് സംസാരിച്ച മന്ത്രി എ.കെ. ശശീന്ദ്രൻ അദ്ദേഹത്തിന് എല്ലാവിധ ചികിത്സ സഹായങ്ങളും ഉറപ്പുനൽകി.