
സന്ധ്യ കുറ്റസമ്മതം നടത്തിയെങ്കിലും പൊലീസിനു വെല്ലുവിളി; ഭർതൃഗൃഹം മുതൽ തെളിവെടുപ്പ്, കൂടുതൽ പേരുടെ മൊഴിയെടുക്കും
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കൊച്ചി∙ നാലു വയസുകാരി കല്യാണിയെ പുഴയിലേക്ക് വലിച്ചെറിയാൻ അമ്മ സന്ധ്യയെ പ്രേരിപ്പിച്ചതെന്ത്? സന്ധ്യ കുറ്റസമ്മതം നടത്തിയെങ്കിലും അതിന് കാരണമായ വസ്തുതകൾ കണ്ടെത്തുകയാണ് മുമ്പാകെയുള്ള വെല്ലുവിളി. ഭർതൃവീട്ടുകാരോടുള്ള ദേഷ്യം തീർത്തതാണോ സന്ധ്യയെന്ന പ്രാഥമിക സംശയം പൊലീസിനുണ്ട്. കൊലപാതകത്തിന്റെ കാരണം കണ്ടെത്തുന്നതിന്റെ ഭാഗമായി സന്ധ്യയുടെയും കുടുംബത്തിന്റെയും മൊഴി പൊലിസ് രേഖപ്പെടുത്തുന്നുണ്ട്. ഭർത്താവ് സുഭാഷിന്റെയും അടുത്ത ബന്ധുക്കളുടെയും മൊഴി പൊലീസ് ഇതിനകം തന്നെ രേഖപ്പെടുത്തിക്കഴിഞ്ഞു. മകളെ കൊലപ്പെടുത്തിയ കേസിൽ റിമാൻഡിലായ സന്ധ്യയെ കസ്റ്റഡിയിൽ വാങ്ങാൻ ചെങ്ങമനാട് പൊലീസ് വ്യാഴാഴ്ച കോടതിയിൽ അപേക്ഷ സമർപ്പിക്കും.
കുട്ടിയുടെ പിതാവ് സുഭാഷ്, സുഭാഷിന്റെ അച്ഛൻ വേലായുധൻ, അമ്മ രാജമ്മ, സഹോദരങ്ങളായ സുമേഷ്, സുഹാഷ്, സുഹാഷിന്റെ മൂത്ത മകൻ കാശിനാഥ്, അങ്കണവാടി ജീവനക്കാർ, ഓട്ടോ ഡ്രൈവർമാർ, ബസ് കണ്ടക്ടർമാർ എന്നിവരുടെ മൊഴികളാണ് പൊലീസ് ആദ്യം രേഖപ്പെടുത്തുന്നത്. ഇവർ താമസിച്ചിരുന്ന പുത്തൻകുരിശ് മറ്റക്കുഴിയിലെ വീട്ടിലെ അയൽവാസികളുടെയടക്കം മൊഴി പൊലീസ് രേഖപ്പെടുത്തും. സന്ധ്യ മാനസിക വെല്ലുവിളി നേരിടുന്നതടക്കമുള്ള കാര്യങ്ങളിൽ നിജസ്ഥിതി അറിയേണ്ടതുണ്ട്. ഇക്കാര്യത്തിൽ ഡോക്ടർമാരുടെ അഭിപ്രായത്തിന്റെ അടിസ്ഥാനത്തിലായിരിക്കും പരിശോധനകൾ നടത്തുകയെന്ന് ആലുവ റൂറൽ എസ്പി എം.ഹേമലത വ്യക്തമാക്കിയിരുന്നു.
സന്ധ്യയുടെ മാതാവ്, സഹോദരി, അയൽക്കാർ തുടങ്ങിയവരടക്കമുള്ളവരുടെ മൊഴിയും പിന്നാലെ രേഖപ്പെടുത്തും. സന്ധ്യയുടെ പെരുമാറ്റം സംബന്ധിച്ച് അമ്മ അല്ലി നേരത്തേ തന്നെ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. ഭർതൃവീട്ടുകാരുമായി അത്ര നല്ല രസത്തിലായിരുന്നില്ല സന്ധ്യയെന്നും അവർ പറഞ്ഞിരുന്നു. സന്ധ്യ വഴക്കുണ്ടാക്കുമ്പോൾ ഭർത്താവ് സുഭാഷ് മർദിച്ചിരുന്നു എന്നും അവർ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇതിൽ എന്തുകാര്യമാണ് സന്ധ്യയെ ക്രൂരകൃത്യത്തിന് പ്രേരിപ്പിച്ചത് എന്നാണ് പൊലീസ് പരിശോധിക്കുന്നത്. ചെങ്ങമനാട് സ്റ്റേഷൻ ഹൗസ് ഓഫീസർ സോണി മത്തായിക്കാണ് കേസന്വേഷണത്തിന്റെ ചുമതല. ആലുവ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്ത പ്രതി ഇപ്പോൾ കാക്കനാട് ജില്ലാ ജയിലിലാണുള്ളത്.
സന്ധ്യയെ കസ്റ്റഡിയിൽ ലഭിച്ചാൽ മറ്റക്കുഴിയിലെ ഭർതൃഗൃഹം മുതൽ കുഞ്ഞിനെ പുഴയിലെറിഞ്ഞ മൂഴിക്കുളം പാലവും തുടർന്ന് വീട്ടിലെത്തിയതു മുതലുള്ള സ്ഥലങ്ങളിലൂടെയും പൊലീസ് തെളിവെടുപ്പ് നടത്തും. തിങ്കളാഴ്ച വൈകിട്ട് മൂന്നരയോടെ അങ്കണവാടിയിലെത്തി കുഞ്ഞിനെയും കൂട്ടി തിരുവാങ്കുളം വഴി ആലുവയിലെത്തിയ സന്ധ്യയുടെ സിസിടിവി ദൃശ്യങ്ങൾ പൊലീസിനു ലഭിച്ചിരുന്നു. പിന്നീട് പുറത്തു വന്ന റിപ്പോർട്ടുകൾ പ്രകാരം വൈകിട്ട് അഞ്ചരയോടെ സന്ധ്യയെ കുഞ്ഞുമൊത്ത് ആലുവ മണപ്പുറത്തിനടത്തുള്ള അധികമാരും ഇരിക്കാത്ത സ്ഥലത്ത് കണ്ട സ്ഥലത്തെ ഓട്ടോ ഡ്രൈവർ സനൽ കാര്യം തിരക്കിയിരുന്നു. വെറുതെ വന്നതാണെന്ന് പറഞ്ഞ് സന്ധ്യ കുഞ്ഞുമൊത്ത് അമ്പലത്തിനടുത്തേക്ക് പോയി. ഇതിനിടെ ഓട്ടം കിട്ടിയ സനൽ മറ്റൊരു ഡ്രൈവറായ വിജയനെ വിളിച്ച് സംശയാസ്പദമായ സാഹചര്യത്തിൽ ഒരു സ്ത്രീ കുഞ്ഞുമായി നിൽക്കുന്നുവെന്നും ഒന്നു നോക്കണമെന്നും പറഞ്ഞു. സ്ഥലത്തെത്തിയ വിജയൻ എന്താണ് ഇവിടെ ചെയ്യുന്നതെന്ന് ചോദിച്ചപ്പോൾ സന്ധ്യ കുഞ്ഞുമായി നടന്നു പോവുകയും പിന്നീട് അതിലെ വന്ന മറ്റൊരു ഓട്ടോയിൽ കയറി പോവുകയുമായിരുന്നു. അവിെട നിന്ന് കുറുമശേരിയിലേക്കും പിന്നീട് മൂഴിക്കുളം ഭാഗത്തേക്കുമാണ് സന്ധ്യ പോയത്.
മൂഴിക്കുളത്ത് വാഹനമിറങ്ങി നടന്ന് പാലത്തിൽ കയറി ഇടതുഭാഗത്ത് വച്ച് കുഞ്ഞിനെ താഴേക്ക് എറിയുകയായിരുന്നു എന്നാണ് ഇതുവരെ ലഭ്യമായ വിവരം. തുടർന്ന് ഒന്നര കിലോമീറ്റർ അകലെയുള്ള കുറുമശേരിയിലെ സ്വന്തം വീട്ടിലേക്ക് പോവുകയും ചെയ്തു. പിന്നീടാണ് കുഞ്ഞിനെ കാണാതായ വിവരം പുറത്തറിയുന്നതും രാത്രി മുഴുവൻ നീണ്ട തിരച്ചിലിന് ഒടുവിൽ ആലുവ ഉളിയന്നൂർ – കുഞ്ഞുണ്ണിക്കര യുകെ സ്കൂബാ ടീം കുഞ്ഞിന്റെ മൃതദേഹം ചാലക്കുടി പുഴയിൽ നിന്ന് കണ്ടെടുക്കുന്നതും.