
മണ്ണും ചെളിവെള്ളവും വീടുകളിലേക്ക് ഒഴുകിയെത്തുന്നു; പ്രതിഷേധിച്ച് നാട്ടുകാർ, വാഹനങ്ങൾ ദേശീയപാതയിൽ കുടുങ്ങി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തളിപ്പറമ്പ്∙ കുപ്പത്ത് ദേശീയപാത നിർമാണ മേഖലയിൽ മണ്ണിടിയുന്നതിലും മണ്ണും ചെളിവെള്ളവും വീടുകളിലേക്ക് ഒഴുകിയെത്തുന്നതിലും പ്രതിഷേധിച്ച് നാട്ടുകാർ ദേശീയപാത ഉപരോധിച്ചു. സ്ത്രീകൾ ഉൾപ്പെടെയുള്ളവരാണ് പ്രതിഷേധം നടത്തിയത്. ആർഡിഒ ടി.വി. രഞ്ജിത്ത് എത്തി പ്രതിഷേധക്കാരുമായി ചർച്ച നടത്തിയശേഷം പ്രതിഷേധം അവസാനിപ്പിക്കുകയായിരുന്നു. ഇതിനിടെ നൂറുകണക്കിന് വാഹനങ്ങൾ കുടുങ്ങി.
ഇന്നലെ കുപ്പം ഏഴോം റോഡിലെ സിഎച്ച് നഗറിൽ മണ്ണും ചെളിയും കയറി വീടുകൾക്ക് നാശമുണ്ടായി. കിടക്കകൾ ഉൾപ്പെടെയുള്ള ഗൃഹോപകരണങ്ങൾ നശിച്ചു. മൂന്നു വീട്ടുകാർ ബന്ധുവീടുകളിലേക്ക് മാറിത്താമസിച്ചു. ഇന്ന് രാവിലെ മഴ വീണ്ടും കനത്തതോടെയാണ് വീടുകളിൽ ചെളികയറാനും ദേശീയപാത നിർമാണം നടക്കുന്ന സ്ഥലത്ത് മണ്ണിടിയാനും തുടങ്ങിയത്. സോയിൽ നെയിലിങ് നടത്തിയ സ്ഥലത്തുൾപ്പെടെ മൂന്ന് തവണ മണ്ണിടിഞ്ഞു. ഇതോടെയാണ് നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തിയത്. രാവിലെ റോഡ് ഉപരോധം നടത്തിയപ്പോൾ അധികൃതർ എത്തുമെന്ന ഉറപ്പിൽ സമരം അവസാനിപ്പിക്കുകയായിരുന്നു. എന്നാൽ വൈകുന്നേരം നാല് മണിയായിട്ടും അധികൃതർ എത്താത്തതിനാൽ വീണ്ടും റോഡ് ഉപരോധം ആരംഭിച്ചു. ഇതോടെയാണ് ആർഡിഒ സ്ഥലത്തെത്തിയത്.
ദേശീയപാത വിദഗ്ധ സമിതി സ്ഥലത്തെത്തി പരിശോധിക്കുമെന്നും ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നുമുള്ള ഉറപ്പിന്മേലാണ് സമരം അവസാനിപ്പിക്കാൻ നാട്ടുകാർ തയാറായത്. രണ്ട് ദിവസമായി കണ്ണൂർ ജില്ലയിൽ കനത്ത മഴയാണ്. ഇതോടെ ദേശീയപാത നിർമാണം നടക്കുന്ന സ്ഥലങ്ങളിൽ മണ്ണൊലിച്ചുപോകുന്ന സാഹചര്യമുണ്ടായി.