
ബംഗളൂരു: അമിത ജോലി സമ്മർദ്ദത്തെ തുടര്‍ന്ന് ബംഗളൂരുവിൽ 24കാരനായ ടെക്കി ആത്മഹത്യ ചെയ്തു. മഹാരാഷ്ട്ര സ്വദേശിയായ നിഖിൽ സോംവൻശി ആണ് ആത്മഹത്യ ചെയ്തത്. എച്ച്എസ്ആർ ലേ ഔട്ടിലെ അഗര തടാകത്തിൽ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു. ഓലയുടെ എഐ വിങായ ക്രിട്രിമിൽ മെഷീൻ ലേണിംഗ് എഞ്ചിനീയറായിരുന്നു നിഖിൽ.
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ നിന്ന് 9.3 സിജിപിഎയോടെ കഴിഞ്ഞ വർഷമാണ് നിഖിൽ ബിരുദം പൂർത്തിയാക്കിയത്. താൻ മരിച്ചത് അപകടത്തിലാണെന്ന് കുടുംബത്തോട് പറയണം എന്ന് സുഹൃത്തിന് മെസേജ് അയച്ച ശേഷമായിരുന്നു ആത്മഹത്യ. ഇന്നലെ ഈ മെസ്സേജ് കിട്ടിയതിന് പിന്നാലെ സുഹൃത്തുക്കൾ പൊലീസിനെ വിവരമറിയിച്ച് നിഖിലിനായി അന്വേഷണം നടത്തുകയായിരുന്നു. ഇന്ന് രാവിലെയാണ് തടാകത്തിൽ നിന്ന് നിഖിലിന്റെ മൃതദേഹം ലഭിച്ചത്. ക്രിട്രിമിൽ കടുത്ത ജോലി സമ്മർദ്ദമാണ് നിഖിലിന് നേരിടേണ്ടി വന്നതെന്ന് സുഹൃത്തുക്കൾ പറയുന്നു. രണ്ട് സഹപ്രവർത്തകർ രാജി വച്ചതോടെ ജോലിയുടെ അധികഭാരം നിഖിലിനായിരുന്നു. നിഖിലിന്റെ യുഎസ്സിലെ മാനേജർക്കെതിരെയും ആരോപണങ്ങൾ ഉയരുന്നുണ്ട്.
അമേരിക്കയിലുള്ള രാജ് കിരൺ എന്ന ടീം ലീഡിനെതിരെ ആരോപണങ്ങളുമായി റെഡ്ഡിറ്റിൽ പോസ്റ്റ് പ്രത്യക്ഷപ്പെട്ടു. രാജ് കിരൺ മാനസികമായി തളർത്തുന്ന തരത്തിൽ അസഭ്യവർഷം നടത്തുന്നുവെന്നാണ് റെഡ്ഡിറ്റ് പോസ്റ്റിലുള്ളത്. നിഖിലിന്റെ മരണത്തെക്കുറിച്ച് പുറത്ത് സംസാരിക്കരുത് എന്ന് നിർദേശം ലഭിച്ചതായും റെഡ്ഡിറ്റില്‍ അജ്ഞാതപോസ്റ്റ്. അതേസമയം, മരണത്തെക്കുറിച്ച് അറിയില്ലെന്ന് ഓല അധുകൃതരുടെ മറുപടി. നിഖിൽ സോംവംശി അവധിയിലായിരുന്നെന്നും പ്രശ്നങ്ങളുള്ളതായി അറിയില്ലെന്നും ഓല വിശദീകരിക്കുന്നു. അതിനിചെസ നിഖിലിന്റെ ആത്മഹത്യയിൽ പ്രതിഷേധവുമായി ഐടി ജീവനക്കാരുടെ യൂണിയനുകളും രംഗത്തെത്തി.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]