
റാംജി റാവ് സ്പീക്കിംഗ് എന്ന ചിത്രത്തെ ആസ്പദമാക്കി പ്രിയദര്ശന് ഹിന്ദിയില്‍ ആരംഭിച്ച ഫ്രാഞ്ചൈസിയായ ഹേര ഫേരിയുടെ മൂന്നാം ഭാഗത്തില്‍ നിന്ന് പ്രധാന കഥാപാത്രങ്ങളില്‍ ഒന്നിനെ അവതരിപ്പിക്കുന്ന പരേഷ് റാവല്‍ പിന്മാറിയത് വലിയ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. റാംജി റാവില്‍ ഇന്നസെന്റ് അവതരിപ്പിച്ച മാന്നാര്‍ മത്തായിയുടെ മാതൃകയില്‍ പ്രിയദര്ശന് സൃഷ്ടിച്ച ബാബുറാവു ഗണ്‍പത് റാവു ആപ്തെ എന്ന കഥാപാത്രത്തെയാണ് പരേഷ് റാവല്‍ ഈ ഫ്രാഞ്ചൈസിയില്‍ അവതരിപ്പിച്ചത്. 2000 ല്‍ പുറത്തെത്തിയ ഹേര ഫേരിയിലും 2006 ല്‍ പുറത്തെത്തിയ ഫിര്‍ ഹേര ഫേരിയിലും ഈ കഥാപാത്രത്തെ അവതരിപ്പിച്ച പരേഷ് റാവല്‍ പുതിയ ചിത്രത്തില്‍ നിന്ന് പിന്മാറുകയായിരുന്നു. അണിയറക്കാരുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നാണ് നടന്റെ പിന്മാറ്റമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നതിന് പിന്നാലെ അക്കാര്യം നിഷേധിച്ചുകൊണ്ട് പരേഷ് റാവല്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ 25 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് പരേഷ് റാവലിനെതിരെ വക്കീല്‍ നോട്ടീസ് അയച്ചിരിക്കുകയാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ് കൂടിയായ അക്ഷയ് കുമാര്‍.
നിര്‍മ്മാതാവ് ഫിറോസ് നദിയാദ്വാലയില് നിന്ന് ചിത്രത്തിന്റെ റൈറ്റ്സ് വാങ്ങിയത് അക്ഷയ് കുമാര്‍ ആണെന്നും അദ്ദേഹം കഷ്ടപ്പെട്ട് ഉണ്ടാക്കിയ പണമാണ് ഹേര ഫേരി 3 ല്‍ നിക്ഷേപിച്ചിരിക്കുന്നതെന്നും അതിനാല്‍ നിയമ നടപടിക്ക് അക്ഷയ് കുമാറിന് അവകാശമുണ്ടെന്നും പ്രിയദര്ശന് ഹിന്ദുസ്ഥാന്‍ ടൈംസിനോട് പറഞ്ഞു. “ഇത് എന്തുകൊണ്ടാണ് സംഭവിച്ചതെന്ന് എനിക്ക് അറിയില്ല. കാരണം പരേഷ് ഞങ്ങളെ ഇക്കാര്യം അറിയിച്ചിട്ടില്ല. ചിത്രം ആരംഭിക്കുന്നതിന് മുന്‍പ് അക്ഷയ് കുമാര്‍ എന്നോട് ചോദിച്ചിരുന്നു, സുനില്‍ ഷെട്ടിയും പരേഷ് റാവലും ഒപ്പമുണ്ടോ എന്ന് ഉറപ്പിക്കാന്‍. അക്കാര്യം അന്വേഷിച്ച ഞാന്‍ ഇരുവരും ചിത്രത്തില്‍ ഉണ്ടായിരിക്കുമെന്ന് അക്ഷയ്ക്ക് ഉറപ്പ് നല്കുകയുമുണ്ടായി. എനിക്ക് ഒന്നും നഷ്ടപ്പെടാനില്ല. പക്ഷേ അക്ഷയ്ക്ക് ഉണ്ട്. കാരണം അദ്ദേഹമാണ് പണം മുടക്കിയിരിക്കുന്നത്. അതിനാലാണ് ഈ നിയമ നടപടിയും. പരേഷ് റാവല്‍ ഈ ദിവസം വരെ എന്നോട് സംസാരിച്ചിട്ടില്ല”, പ്രിയദര്ശന് കൂട്ടിച്ചേര്‍ത്തു.
അതേസമയം പ്രിയദര്‍ശന്റെ ഈയിടെ ചിത്രീകരണം പൂര്‍ത്തിയാക്കിയ ബോളിവുഡ് ചിത്രം ഭൂത് ബംഗ്ലയില്‍ അക്ഷയ് കുമാറിനൊപ്പം പരേഷ് റാവലും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. വക്കീല്‍ നോട്ടീസിനെക്കുറിച്ച് തനിക്ക് അറിയില്ലെന്നാണ് ഹിന്ദുസ്ഥാന്‍ ടൈംസിനോട് പരേഷ് റാവല്‍ പ്രതികരിച്ചത്. അതേസമയം അണിയറക്കാരുമായുള്ള സര്‍ഗാത്മകമായ അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്നാണ് താന്‍ ചിത്രത്തില്‍ നിന്ന് പിന്മാറിയതെന്ന റിപ്പോര്‍ട്ട് ശരിയല്ലെന്ന് പരേഷ് റാവല്‍ നേരത്തെ സോഷ്യല്‍ മീഡിയ കുറിപ്പിലൂടെ അറിയിച്ചിരുന്നു- “സര്‍ഗാത്മകമായ അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്നല്ല ഞാന്‍ ഹേര ഫേരി 3 ല്‍ നിന്ന് പിന്മാറിയതെന്ന് വ്യക്തമാക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. സംവിധായകനുമായി അത്തരത്തിലുള്ള അഭിപ്രായവ്യത്യാസങ്ങളൊന്നും ഇല്ലെന്ന് ഞാന്‍ ആവര്‍ത്തിച്ച് വ്യക്തമാക്കുന്നു. എനിക്ക് ഏറെ സ്നേഹവും ബഹുമാനവും വിശ്വാസവും ഉള്ള സംവിധായകനാണ് പ്രിയദര്ശന്”, പരേഷ് റാവല്‍ എക്സില്‍ കുറിച്ചിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]